ADVERTISEMENT

"ഇംഫാലിലെ ബീർ ടികേന്ദ്രജിത് രാജ്യാന്തര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുമ്പോൾ മനസ്സ് ഉദ്വേഗത്താൽ മിടിക്കുന്നുണ്ടായിരുന്നു. അവളെ കാണാൻ കഴിയുമോ? 40 വർഷങ്ങൾക്കു മുന്‍പ് ഡൽഹി വിമാനത്താവളത്തിൽ നിന്ന് പിരിഞ്ഞു പോയ അവൾ ഈ നഗരത്തിൽ എവിടെയോ ഉണ്ട് . ഇംഫാലിലെ താമസത്തിന് കേന്ദ്രസാഹിത്യ അക്കാദമി ബുക്ക് ചെയ്തിരുന്ന ക്ലാസിക് ഗ്രാന്റ് ഹോട്ടലിൽ ചെക്ക് ഇൻ ചെയ്ത് അയാളെ വിളിച്ചു. ഇംഫാലിലെ ആ കോൺടാക്ട് സിപിഐ നേതാവും സുഹൃത്തുമായ ആനിരാജ തന്നതാണ്. കേന്ദ്രസാഹിത്യ അക്കാദമി ഇന്ത്യയിലെ കഥ എഴുത്തുകാർക്കായി സംഘടിപ്പിക്കുന്ന "അഭിവ്യക്തി" പരിപാടിയിൽ മലയാളം കഥ വായിക്കാൻ എത്തിയതാണ് ഞാൻ. അങ്ങനെയൊരു ക്ഷണം കിട്ടുമ്പോൾ തന്നെ മനസ്സ് ഉറപ്പിച്ചിരുന്നു ."അവളെ കണ്ടെത്തണം മീനയെ . മീനാ ങാങ്ഗാം എന്ന പഴയ കൂട്ടുകാരിയെ. അന്ന് ഞങ്ങൾക്ക് രണ്ടുപേർക്കും 13 വയസ്സായിരുന്നു പ്രായം . 1977 ജൂൺ മാസത്തിൽ സോവിയറ്റ് യൂണിയനിലെ യുക്രെയിനിലെ ക്രിമിയയിലെ ആർത്തേക്ക് രാജ്യാന്തര ചിൽഡ്രൻസ് ക്യാംപിലേക്ക് പോകാൻ ഡൽഹി വിമാനത്താവളത്തിൽ വിമാനം കയറാൻ നിൽക്കുമ്പോഴാണ് ഞാൻ ആദ്യം അവളെ കണ്ടത്. മോസ്കോയിലേക്ക് ഒരുമിച്ച് യാത്ര തുടങ്ങി. സ്നേഹസുരഭിലവും സംഭവബഹുലവും സൗഹൃദപരവുമായ ഒന്നര മാസത്തെ താമസത്തിനു ശേഷം തിരികെ ഡൽഹി വിമാനത്താവളത്തിൽ വച്ചാണ് ഞങ്ങൾ പിരിഞ്ഞത്. അന്നാണ് അവളെ അവസാനമായി കണ്ടത്. ഇക്കണ്ട കാലത്തൊന്നും പിന്നീട് അവളെ കാണാനും കേൾക്കാനും വിവരങ്ങൾ അറിയാനും കഴിഞ്ഞിട്ടില്ല .പക്ഷേ തിരുവനന്തപുരത്തുനിന്ന് ഇംഫാലിലേക്ക് ചെല്ലുമ്പോൾ ആ പ്രിയപ്പെട്ട പഴയ കൂട്ടുകാരിയെ കാണാതിരിക്കുന്നതെങ്ങനെ?"– പഴയസുഹൃത്തിനെ വർഷങ്ങൾക്കിപ്പുറം കണ്ട അനുഭവം പറയുമ്പോൾ എഴുത്തുകാരി കെ.എ. ബീന വാചാലയായി.

പതിനഞ്ചാമത്തെ വയസ്സിൽ തന്റെ ആദ്യ യാത്രാപുസ്തകം പ്രസിദ്ധീകരിച്ചാണ് ബീന ചരിത്രത്തിലേക്ക് നടന്നു കയറിയത്. യാത്രകളാണ് ബീനയുടെ ഏറ്റവും വലിയ സൗഹൃദങ്ങൾ. ആ യാത്രകളിൽ ലഭിക്കുന്ന ഓരോ ഓർമകളും എന്നും ഒളിമങ്ങാതെ സൂക്ഷിക്കുന്ന ബീനയ്ക്ക് തന്റെ ആദ്യ യാത്രയിലെ പങ്കാളിയായ കൂട്ടുകാരിയെ ഒരിക്കലും മറക്കാൻ പറ്റില്ല. പതിറ്റാണ്ടുകൾ പിരിഞ്ഞിരുന്നിട്ടും നേരിൽ കണ്ടപ്പോൾ ഇരുവരും ഇന്നലെ കണ്ടുപിരിഞ്ഞ രണ്ടുപേരെ പോലെയായിരുന്നു. അത്രയ്ക്കും മനസ്സുകൊണ്ട് അവർ അടുത്തിരുന്നു അതാണ് സൗഹൃദത്തിന്റെ മാധുര്യവും ദൃഢതയും. അന്ന് പിരിഞ്ഞ ഇരുവരും പിന്നീട് കാണുന്നത് 40 വർഷങ്ങൾക്കുശേഷമാണ്. എന്നാൽ അത്രയും നാളത്തെ ഇടവേള അവർക്കിടയിലെ സൗഹൃദത്തിന് ഒരു പോറൽ പോലും ഏൽപ്പിച്ചിട്ടില്ല. തന്റെ ആദ്യ യാത്രയിൽ കൂട്ടായി ഉണ്ടായിരുന്ന സുഹൃത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് കെ.എ ബീന ഈ സൗഹൃദ ദിനത്തിൽ.

40 വർഷത്തിനുശേഷത്തെ കൂടിക്കാഴ്ച

‘‘ഇംഫാലിൽ എത്തി ഞാൻ നേരത്തെ ആനി രാജ നൽകിയ പരിചയക്കാരന്റെ ഫോണിലേക്ക് വിളിച്ചു. അയാൾ പറഞ്ഞു: മുൻ എം.പി. ങാങ്ഗത്തിന്റെ മകൾ പണ്ട് സോവിയറ്റ് യൂണിയനിൽ പോയിരുന്നുവെന്ന് ഒരാൾ ഓർക്കുന്നുണ്ട്. അവരിപ്പോൾ എവിടെയാണെന്നറിയില്ല. രണ്ട് ദിവസത്തിനകം കണ്ടുപിടിക്കാനാവും. പലരോടും പറഞ്ഞിട്ടുണ്ട്. അഭിവ്യക്തി പരിപാടിയിൽ കഥ അവതരിപ്പിച്ച് സാഹിത്യസമ്മേളനം കഴിയുമ്പോൾ അയാളുടെ ഫോൺ എത്തി . മീനയുടെ മേൽവിലാസം കിട്ടിയിട്ടുണ്ടെന്നു പറഞ്ഞു. സിറ്റിയിൽ തന്നെയാണ് താമസം. യൂണിവേഴ്സിറ്റിയ്ക്കടുത്ത്. അവരുടെ നമ്പറും മേൽവിലാസവും അയാൾ തന്നു. തുടിക്കുന്ന ഹൃദയത്തോടെ ഞാൻ ആ നമ്പറിലേക്ക് വിളിച്ചു. മുതിർന്ന ഒരു സ്ത്രീ ശബ്ദം "ഹലോ" എന്നു പറയുമ്പോൾ ഞാൻ എന്നെ പരിചയപ്പെടുത്തി .അദ്ഭുതം കൊണ്ട് അപ്പുറത്ത് ശബ്ദമിടറി. ‘ബീന. എനിക്ക് വിശ്വസിക്കാൻ ആവുന്നില്ല . ഇത്രയേറെ വർഷങ്ങൾക്കുശേഷം നീ ഇവിടെ എന്റെയടുത്ത്. ഇംഫാലിൽ. ഞാനിതാ അങ്ങോട്ട് വരുന്നു.’ അരമണിക്കൂറിനുള്ളിൽ അവൾ എത്തി. കാറിൽ നിന്നിറങ്ങിയ അവളിൽ ഞാൻ എന്റെ മീനയെ തിരഞ്ഞു. പഴയ കൂട്ടുകാരിയുടെ ഒരു പൊടിപോലുമില്ല. ഒരു ദുഃഖപുത്രിയെ പോലെ അവളെന്റെ മുന്നിൽ നിന്നു. കുസൃതി നിറഞ്ഞ കുറുകിയ കണ്ണുകളും മായാത്ത ചിരിയും ബൊമ്മ പോലത്തെ മുഖവും ഉള്ള ആ പഴയ മീന.

ജീവിതത്തിന്റെ ആകുലതകളും ആധിയും വ്യാധിയും ഒക്കെ അനുഭവിച്ച തളർന്ന ഒരു സ്ത്രീയാണ് എനിക്ക് മുന്നിൽ നിന്നിരുന്നത്. കണ്ണുകളിൽ അഗാധമായ ദുഃഖം തളം കെട്ടി നിന്നിരുന്നു.തളർന്നു തൂങ്ങിയ ശരീരം. പെട്ടെന്ന് സമനില വീണ്ടെടുത്ത് ഞാൻ അവളെ കെട്ടിപ്പിടിച്ചുമ്മ വച്ചു. അവൾ കരഞ്ഞു കൊണ്ട് എന്റെ നെഞ്ചിലേക്ക് ചാഞ്ഞു. പണ്ട് " മീനബീന" "ബീനമീന" എന്ന് പരസ്പരം കളിയാക്കി വിളിച്ചിരുന്നത് ഓർത്ത് ഞാൻ മീനബീന, ബീനമീന എന്ന് പറയാൻ ശ്രമിച്ചു. നാല് ദശാബ്ദങ്ങൾക്കിപ്പുറത്ത് പഴയ കുസൃതി കുട്ടികൾ ആകാൻ ശ്രമിച്ച് ഞങ്ങൾ പൊട്ടിച്ചിരിച്ചു. അവൾ ഒപ്പമുണ്ടായിരുന്ന കുഞ്ഞമ്മയെ പരിചയപ്പെടുത്തി. മോത്തിമാല ങാങ്ഗും. ഇംഫാൽ യൂണിവേഴ്സിറ്റിയിലെ ഹിന്ദി പ്രൊഫസറാണ്. ഇത് കുഞ്ഞമ്മയുടെ മകൾ ഉർമ്മിക മൈബാം, മണിപ്പൂരി നർത്തകിയാണ്. സ്നേഹത്തോടെ കെട്ടിപ്പിടിച്ചു. പണ്ട് ആർത്തേക്കിലെ വേദികളിൽ മീന അവതരിപ്പിച്ച മണിപ്പൂരി നൃത്തങ്ങൾ ഓർമ വന്നു. നർത്തകി ആകണം എന്ന സ്വപ്നങ്ങൾ പങ്കുവച്ച ആ പഴയ കാലത്തെ ഓർത്തെടുത്തു ഞാൻ ചോദിച്ചു .മീനാ നൃത്തം പ്രൊഫഷൻ ആക്കണം എന്നായിരുന്നല്ലോ നിനക്ക്. അത് നടന്നോ? അവൾ സ്വതവേ കുറുകിയ കണ്ണുകൾ അടച്ച് കനം തൂങ്ങിയ ശബ്ദത്തിൽ പറഞ്ഞു." ഇല്ലാ , ഞാൻ നർത്തകി ആയില്ല . ഞാൻ ആരും ആയില്ല. നൃത്തം , നർത്തകി അതൊക്കെ ഞാൻ എന്നേ മറന്നുപോയി " .ഞാനവളുടെ കൈയിൽ അമർത്തി പിടിച്ചു.സ്വരത്തിൽ പ്രസരിപ്പ് വരുത്തി സന്തോഷവതി ആകാൻ ശ്രമിച്ചു കൊണ്ട് അവൾ പറഞ്ഞു"നീ പാക്ക് ചെയ്യ്. എൻറെ കൂടെ വരൂ.എൻറെ വീട് ചെറുതാണ് .തൊട്ടപ്പുറത്തുള്ള കുഞ്ഞമ്മയുടെ വീട്ടിൽ ആണ് ഞാൻ നിനക്ക് മുറി ഒരുക്കിയിരിക്കുന്നത് . "കുഞ്ഞമ്മ മോത്തി മാലയും മകൾ ഉർമ്മികയും എൻ്റെ ബാഗുകൾ എടുത്ത് കാറിലേക്ക് വച്ച് പോകാം എന്ന് പറഞ്ഞു.പി ന്നീടുള്ള ദിവസങ്ങൾ മീനയുടെ കുഞ്ഞമ്മയുടെ വീട്ടിലായിരുന്നു മീന ഒപ്പം ഉണ്ടായിരുന്നു.അവളുടെ കഥ കുഞ്ഞമ്മയാണ് പറഞ്ഞത്.

manipursp7
മീനാ ങാങ്ഗാം
manipursp7
മീനാ ങാങ്ഗാം

ജീവിക്കാൻ മറന്നു പോയ സ്വപ്നങ്ങളുടെ കൂട്ടുകാരി

‘‘ചെറുപ്പത്തിൽ സോവിയറ്റ് യൂണിയനിൽ പോയ മിടുക്കിയായ മീന വിവാഹത്തോടെ ജീവിതത്തിൽ പരാജയപ്പെടുകയായിരുന്നു. മദ്യപാനിയായ ഭർത്താവുമൊത്തുള്ള ജീവിതം അവൾക്ക് വെല്ലുവിളിയായിരുന്നു. ഭർത്താവിന്റെ മരണശേഷം മകനുമൊത്ത് സാമ്പത്തിക ദുരിതങ്ങളിൽ അകപ്പെട്ട് ജീവിതത്തെ ഉന്തിത്തള്ളി മുന്നോട്ട് കൊണ്ടു പോവുകയാണ് അവളിപ്പോൾ. ഏതാണ്ട് ഒരാഴ്ച മീനക്കൊപ്പം അവിടെ താമസിക്കുമ്പോൾ പലപ്പോഴും മനസ്സ് വലിഞ്ഞുമുറുകി. എന്തെല്ലാം സ്വപ്നങ്ങളായിരുന്നു കുട്ടികളായിരുന്നപ്പോൾ ഞങ്ങളൊരുമിച്ചു കണ്ടത്. ആ ചെറിയ പ്രായത്തിൽ വലിയ ഒരു രാജ്യാന്തര ക്യാംപിൽ പങ്കെടുത്ത പെൺകുട്ടികൾ ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലായിരുന്നു. ആ കൊടുമുടികൾ അയഥാർഥമായിരുന്നുവെന്ന് ജീവിതം തെളിയിച്ച കഥ മീന വിതുമ്പി പറഞ്ഞു. എനിക്കൊന്നും പറയാനില്ലായിരുന്നു. ഞങ്ങൾ കുറച്ചു ദിവസം പഴയ പതിമൂന്നുകാരികളാകാൻ തീരുമാനിച്ചു. മോത്തിമാല കുഞ്ഞമ്മയുടെ മാരുതി 800 കാറിൽ മീനയും കുഞ്ഞമ്മയും ഉർമികയും ഇംഫാലിലെ കാഴ്ചകൾ കൊണ്ടു നടന്നു കാണിച്ചു. ലോക് താൽ ലേക്ക്, യുദ്ധസ്മാരകം, ഇമാഖെയ്ത്തൽ എന്ന അമ്മച്ചന്ത, കംഗ്ലാ പാലസ് അങ്ങനെ നിരവധി കാഴ്ചകൾ. ഇംഫാലിനടുത്ത ഗ്രാമങ്ങളിൽ ചന്തകളിൽ കൈകോർത്ത് നടന്നു. മീൻ പിടിക്കുന്ന സ്ത്രീകളോടും, ഇ മായെയ്ത്തലിലെ മുതുകിൽ ചാക്കുകളിൽ ഭാരം പേറുന്ന സ്ത്രീകളോടും വർത്തമാനം പറഞ്ഞു. മണിപുരി ഭക്ഷണത്തിന്റെ വൈവിധ്യങ്ങൾ രുചിച്ചറിഞ്ഞു. പണ്ട് റഷ്യയിൽ നിന്ന് മടങ്ങുമ്പോൾ അവൾ തന്ന മണിപ്പുരി നൃത്തത്തിന്റെ പാവ ഞാനിപ്പോഴും സൂക്ഷിക്കുന്നുണ്ടെന്ന് പറഞ്ഞപ്പോൾ അവൾ മണിപ്പൂരി പാവകളുണ്ടാക്കുന്ന വീട്ടിൽ കൊണ്ടു പോയി പാവയുണ്ടാക്കുന്നത് കാണിച്ചു തരികയും പുതിയ പാവകൾ വാങ്ങിത്തരികയും ചെയ്തു. പഴയ ആൽബങ്ങളിൽ കുട്ടി പ്രായത്തിലെ ഞങ്ങളെ കണ്ട് ഏറെ നേരം പൊട്ടിച്ചിരിച്ചു.’’

ഞാനും വരട്ടെ നിനക്കൊപ്പം കേരളത്തിലേക്ക്?

‘‘ദിവസങ്ങൾ പോയത് അറിയാതെ പഴയ പതിമൂന്നുകാരികളായി ഞങ്ങൾ ജീവിക്കുകയായിരുന്നു. മടങ്ങുന്നതിന്റെ തലേന്ന് രാത്രി മണിപുരി വിവാഹവേഷം കെട്ടി രസിച്ചു. പിരിയുമ്പോൾ കെട്ടിപ്പിടിച്ച് അവൾ എന്നോട് ചോദിച്ചു. "ഞാൻ നിന്റൊപ്പം വരട്ടെ കേരളത്തിലേക്ക്? എവിടെയെങ്കിലും ഒരു ജോലി ചെയ്ത് ഞാൻ നിന്റൊപ്പം താമസിച്ചോളാം".

manipursp3
ക്രീമിയയിലെ രാജ്യാന്തര ക്യാംപിൽ പങ്കെടുക്കാനായി എത്തിയ ബീനയും മീനയും അടങ്ങുന്ന സംഘം
manipursp3
ക്രീമിയയിലെ രാജ്യാന്തര ക്യാംപിൽ പങ്കെടുക്കാനായി എത്തിയ ബീനയും മീനയും അടങ്ങുന്ന സംഘം

ഇനി വരുമ്പോൾ തീർച്ചയായും കൂടെ കൂട്ടാം എന്ന് പറഞ്ഞ് പിരിയുമ്പോൾ വരുന്ന കാര്യം അവൾ തമാശ പറഞ്ഞതാവും എന്ന് ഞാൻ സ്വയം വിശ്വസിപ്പിക്കാൻ ശ്രമിച്ചു. മണിപ്പുരിൽ നിന്നുള്ള സമീപകാല വാർത്തകൾ ഭീതിയുണർത്തുമ്പോൾ "സുഖമായിരിക്കുന്നു" എന്ന അവളുടെ മെസഞ്ചർ മറുപടി മാത്രമാണ് എനിക്ക് ആശ്വാസമേകിയിരുന്നത്. ഇപ്പോഴും എപ്പോഴും ഞാൻ അവളുടെ സുഖവിവരം അന്വേഷിച്ചു കൊണ്ടേയിരിക്കുന്നു. സുഖം എന്ന വാക്കിന് നമ്മൾ ഓരോരുത്തരും ഓരോ അർഥമാണല്ലോ കല്‍പിക്കാറുള്ളത്.ഞാൻ ഉദ്ദേശിച്ചതാവില്ല അവൾ കൽപ്പിച്ച അർഥമെന്നറിഞ്ഞിട്ടും ഞാൻ ചോദിക്കും."കൂട്ടുകാരി, സുഖമായിരിക്കുന്നില്ലേ?" എന്ന ചോദ്യത്തിലും "അയാം സൈഫ് "എന്ന മറുപടിയിലും ഇവിടുന്നും അവിടുന്നും സ്നേഹം പ്രവഹിച്ചു കൊണ്ടേയിരിക്കുന്നു. ഒരു സൗഹൃദത്തിന് അതിലേറെ എന്തു വേണം?

English Summary:

Reunion After 40 Years: KA Beena's Journey to Rediscover Childhood Friendship in Imphal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com