‘നിരവധി ആളുകൾ കുടുങ്ങി കിടക്കുന്നുണ്ട് വാസുവേട്ടാ, എന്നെ തടയരുത്’: പ്രജീഷ് നിങ്ങളെ മുണ്ടക്കൈ മറക്കില്ല!
Mail This Article
സ്വന്തം ജീവൻപോലും പണയംവച്ച് മറ്റുള്ളവരെ രക്ഷിക്കുന്ന മനുഷ്യരുണ്ട് നമുക്കിടയിൽ. അക്കൂട്ടത്തിൽ ഒരാളാണ് വയനാട്ടിലെ മുണ്ടകൈ സ്വദേശിയായ പ്രജീഷ്. സഹജീവികളെ രക്ഷിക്കാൻ ശ്രമിച്ച പ്രജീഷിനു നഷ്ടമായത് സ്വന്തം ജീവനാണ്. മുണ്ടകൈയിലുണ്ടായ ഉരുൾപ്പൊട്ടലിൽ മലയിൽ കുടുങ്ങിയവരെ സ്വന്തം ജീപ്പിൽ രണ്ടുതവണയായി പ്രജീഷ് രക്ഷപ്പെടുത്തി. മൂന്നാമതും ആളുകളെ രക്ഷപ്പെടുത്തുന്നതിനായി എത്തിയപ്പോൾ പ്രജീഷിന്റെ ജീവൻ ദുരന്തം കവരുകയായിരുന്നു. പ്രജീഷിനെ കുറിച്ച് ജംഷിദ് പള്ളിപ്രം എന്നയാൾ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.
കുറിപ്പിന്റെ പൂർണരൂപം വായിക്കാം
സൂപ്പർ ഹീറോ സിനിമകൾ കാണുന്നവരാണ് നമ്മൾ. സ്പൈഡർ മാനും ബാറ്റ് മാനും സൂപ്പർമാനും അടക്കം കണ്ടവർ. ജനങ്ങൾ ദുരിതം അനുഭവിക്കുമ്പോൾ അവരെത്തും. ആ പ്രദേശത്തെ മനുഷ്യരെ രക്ഷിക്കും.
മുണ്ടകൈയിൽ അങ്ങനെ ഒരു സൂപ്പർ മാനുണ്ട്. പേര് പ്രജീഷ്.ഉരുൾ പൊട്ടലുണ്ടായ ആദ്യ നിമിഷം തന്നെ ആളുകളെ രക്ഷിക്കാൻ പ്രജീഷ് ജീപ്പുമായി ഇറങ്ങി. നിരവധി ആളുകളെ രക്ഷിച്ചു. ആദ്യ രണ്ടു തവണ മലകയറി വന്നു. ആളുകളെ സുരക്ഷിത സ്ഥലത്താക്കി. പിന്നെയും ആളുകൾ മലയുടെ മുകളിൽ സഹായം കാത്തു പരിഭ്രമിച്ച് നിൽക്കുന്നുണ്ടായിരുന്നു. അവരെ അവിടെ തനിച്ചാക്കി മനഃസമാധനത്തോടെ ഉറങ്ങാൻ ചിലപ്പോൾ പ്രജീഷിന് ആവില്ലായിരിക്കാം.
രക്ഷാപ്രവർത്തനത്തിനായി മൂന്നാമതും മലയുടെ മുകളിൽ പോകുമ്പോൾ സുഹൃത്തുകൾ തടഞ്ഞു.സുഹൃത്തുക്കളോട് അയാൾ പറഞ്ഞു:" മലയുടെ മുകളിൽ നിരവധി ആളുകൾ കുടുങ്ങി കിടക്കുന്നുണ്ട് വാസുവേട്ടാ. എന്നെ തടയരുത്. ഞാന്‍ എന്തായാലും പോകും. "
പ്രജീഷ് പിന്നെയും ജീപ്പുമായി മലകയറി. ആളുകളെ ജീപ്പിൽ കയറ്റി. ചൂരൽമല പാലത്തിനടുത്ത് എത്താൻ കഴിഞ്ഞില്ല. തിരിച്ചുവരുമ്പോൾ ആ ജീപ്പടക്കം മണ്ണും വെള്ളവും കൊണ്ടുപോയി. അയാൾ ഈ ലോകത്ത് നിന്നും വിട പറഞ്ഞു.
അയാളുടെ വേഷം സൂപ്പർ ഹീറോയിടെതായിരുന്നില്ല. അയാൾക്ക് അസാമന്യ കഴിവുകളുണ്ടായിരുന്നില്ല. ചില മനുഷ്യർ അങ്ങനെയാണ്. ദുരിത പ്രദേശങ്ങളിൽ അവർ അവതരിക്കും. അവരുടെ ജീവനെക്കാൾ അപരന്റെ ജീവന് വില നൽകും. അങ്ങനെ അവർ ഹീറോ ആയി മാറും പ്രജീഷ്.