അഭിനയം തമാശയല്ല, സീരിയസായി പഠിക്കേണ്ട ടെക്നിക്കാണ്: ലക്ഷ്മി മേനോൻ
Mail This Article
കോളജിൽ നിന്നും തീയറ്റർ ആർട്സ് പഠിച്ചിറങ്ങുമ്പോൾ ലക്ഷ്മി മേനോൻ എന്ന പെൺകുട്ടി അഭിനയവും സിനിമയും എല്ലാം തന്റെ ജീവിതത്തിന്റെ ഭാഗമാകുമെന്ന് കരുതിയിരുന്നില്ല. പഠിച്ചതിൽ നിന്നും വ്യത്യസ്തമായി അഭിനയത്തെ വളരെ സീരിയസായി കാണാൻ തുടങ്ങിയതോടെ തനിക്കു വന്ന തിരിച്ചറിവ് മറ്റുള്ളവരിലേയ്ക്കു പകരാൻ ലക്ഷ്മി തന്നെ കണ്ടെത്തിയ വഴിയാണ് വർക്ക്ഷോപ്പുകൾ. പൊതുവേയുള്ള ആക്ടിങ് വർക്ക് ഷോപ്പുകളിൽ നിന്നും പാടെ വ്യത്യസ്തമാണ് ലക്ഷ്മിയുടെ രീതി. അഭിനയം മാത്രമല്ല അതിലേയ്ക്ക് എത്താൻ നമുക്ക് വേണ്ട മാനസികവും ശാരിരികവുമായ പിന്തുണയാണ് ലക്ഷ്മി തന്റെ വർക്ക് ഷോപ്പുകളിലൂടെ ലക്ഷ്യമിടുന്നത്.
മലയാളി ആണെങ്കിലും ലക്ഷ്മി പഠിച്ചതും വളർന്നതുമെല്ലാം പുറത്താണ്. ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും തീയറ്റർ മേജറിൽ ബിരുദവും നിയോ ഫിലിം സ്കൂളിൽ നിന്നും സ്ക്രീൻ ആക്റ്റിങ്ങും പഠിച്ചു. 9 വർഷത്തോളമായി സിനിമയിലും പരസ്യങ്ങളിലും തീയറ്റർ പെർഫോമൻസുകളിലുമെല്ലാം സജീവ സാന്നിധ്യമായ ലക്ഷ്മി ആക്റ്റിങ് വർക്ക് ഷോപ്പുകൾ സംഘടിപ്പിച്ചുവരുന്നു. കോവിഡ് കാലത്ത് കൊച്ചിയിലെത്തിയപ്പോൾ ഈ കലാകാരിയുടെ മനസുമുഴുവൻ അഭിനയം മാത്രമായിരുന്നു.
ആ കാലത്താണ് സിനിമയെന്നത് ഫുൾ ഫോക്കസ് കൊടുത്ത് ചെയ്യേണ്ട കാര്യമാണെന്നും അതിനായി മികച്ച അഭിനയകഴിവ് വേണമെന്നും മനസിലാക്കുന്നതും അതിനായി റിസേർച്ചുകൾ തുടങ്ങുന്നതും. അതിൽ നിന്നും മനസിലാക്കിയ കാര്യങ്ങളാണ് വർക്ക് ഷോപ്പുകളിലൂടെ ലക്ഷ്മി പങ്കുവയ്ക്കുന്നത്. അഭിനയം മാത്രമല്ല, വെൽനെസ് ആസ്പെക്സിൽ നിന്നുകൊണ്ട് മെന്റൽ സ്ട്രെങ്ത്ത് വർധിപ്പിക്കാനുള്ള പരിശീലനങ്ങളും നടത്തുന്നുണ്ട്. ഒരു ആക്ടിങ് വർക്ക് ഷോപ്പുകളിലും ഇത്തരം പരിപാടികളൊന്നും ഇല്ലെന്നാണ് ലക്ഷ്മി പറയുന്നത്. അതുകൊണ്ട് കൂടിതന്നെയാണ് ഇവർ വ്യത്യസ്തയാകുന്നതും. മുക്തി ആക്റ്റിങ് എക്സ്പീരിയൻസ് എന്ന പേരിൽ ലക്ഷ്മി മേനോൻ ഇന്ത്യയിൽ പലയിടത്തും ആക്ടിങ് വർക്ക് ഷോപ്പുകൾ നടത്തിയിട്ടുണ്ടെങ്കിലും കേരളത്തിൽ ആദ്യമായി സംഘടിപ്പിക്കുകയാണ്
അഭിനയം കുട്ടികളിയല്ല
ലക്ഷ്മിയുടെ അഭിപ്രായത്തിൽ മാനസികമായി തയാറെടുക്കേണ്ട പ്രധാനപ്പെട്ടൊരു പ്രക്രിയയാണ് അഭിനയം. പഠനമെല്ലാം കഴിഞ്ഞ് തീയറ്റർ ആർട്ടിസ്റ്റായി വർക്ക് ചെയ്തിരുന്ന സമയത്താണ് സിനിമയിലേയ്ക്ക് തിരിയാൻ തീരുമാനിക്കുന്നതെന്ന് ലക്ഷ്മി മേനോൻ പറയുന്നു. സിനിമ അഭിനയം വളരെ ലളിതമായ ഒരു കാര്യമാണെന്ന് ചിന്തിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ അതിനെ ഗൗരവത്തോടുകൂടി കാണണമെന്നാണ് ലക്ഷ്മി പറയുന്നത്.
“സിനിമയിൽ അഭിനയം മാത്രമല്ല നമ്മൾ നോക്കേണ്ടതും അറിയേണ്ടതും. സിനിമ സെറ്റിലെത്തുമ്പോൾ ക്യാമറയും ലൈറ്റും നിറയെ ആളുകളുമെല്ലാമുണ്ടാകും. കണ്ടുപരിചയിച്ച അന്തരീക്ഷങ്ങളിൽ നിന്നും പാടെ മാറിയൊരു സമൂഹത്തിലേയ്ക്കാണ് നമ്മൾ ഇറങ്ങിച്ചെല്ലുന്നത്. അവിടെ അഭിനയം കൊണ്ടുമാത്രം പിടിച്ചുനിൽക്കാനാവില്ലെന്ന് ഞാന്‍ എന്റെ അനുഭവം കൊണ്ട് തിരിച്ചറിഞ്ഞതാണ്. അങ്ങനെ അധികം സിനിമകളിൽ അഭിനയിച്ച് എക്സ്പീരിയൻസ്ഡായൊരു ആളൊന്നുമല്ല ഞാൻ. പക്ഷേ പഠിക്കാനേറെയുള്ള, സാധ്യതകളുടെ ലോകമാണ് സിനിമ.
സിനിമയിൽ അഭിനയിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കും. എന്നാൽ ഒരു ആർട്ട് ഫോമിനെ സമയം ചെലവഴിച്ച് പഠിക്കാൻ ആരും തയാറാകില്ല. തന്നിലൊരു കഴിവുണ്ടെങ്കിൽ അത് എങ്ങനെ പ്രയോജനപ്പെടുത്താം എന്നുമാത്രമായിരിക്കും പലരും കരുതുന്നത്. അതിനെ ഭംഗിയായി പാകപ്പെടുത്തണമെന്നോ എങ്ങനെ അത് മനോഹരമായി വിനിയോഗിക്കാം എന്നോ ശ്രമിക്കാത്തവരാണ് പലപ്പോഴും എവിടേയും എത്താതെ പോകാറുള്ളത്. നല്ല കഴിവുള്ളവർ നമുക്കിടയിൽ അനേകമുണ്ട്. പക്ഷേ, അവർ മുഖ്യധാരയിലേയ്ക്ക് വരാത്തതിന്റെ പ്രധാന കാരണം നല്ലൊരു മാർഗദർശിയെയോ വഴികാട്ടിയെയോ ലഭിക്കാത്തതു കൊണ്ടാണ്. വർക്ക് ഷോപ്പുകളുടെ ഉദ്ദേശം ഇതാണ്. നമുക്ക് അറിവുള്ളതിനെ കൂടുതൽ പരിശീലനത്തിലൂടെ പാകപ്പെടുത്തിയെടുക്കുക. കൂടുതൽ കൂടുതൽ പഠിക്കാൻ ശ്രമിക്കുക.
ആർട്ടും വെൽനെസും സംയോജിപ്പിച്ചൊരു പഠനം
ആക്ടിങ് വർക്ക്ഷോപ്പുകളെ പരിചയമുള്ളവർക്കു പോലും പുതുമയുള്ളൊരു കോൺസപ്റ്റാണ് ലക്ഷ്മി മേനോൻ മുന്നോട്ട് വയ്ക്കുന്നത്. തീയറ്റർ ആർട്ട്സിനൊപ്പം സൈക്കോളജി കൂടി പഠിച്ചതുകൊണ്ട് തന്നെ അഭിനയത്തിന് നമ്മുടെ മാനസിക ആരോഗ്യവുമായി ബന്ധമുണ്ടെന്ന് ലക്ഷ്മി പറയുന്നു. ആക്ടിങ്ങിനു ചില ആരോഗ്യ വശങ്ങൾ കൂടിയുണ്ടെന്നും താൻ ശ്രദ്ധചെലുത്തുന്നത് ആ കാര്യങ്ങളാണെന്നും ലക്ഷ്മി. “ അഭിനയിക്കുക എന്നാൽ നമ്മൾ മാനസികമായിക്കൂടി തയാറാകുക കൂടിയാണ്. വർക്ക് ഷോപ്പുകളിൽ പങ്കെടുക്കുമ്പോൾ ഒരാൾക്ക്, അയാൾ, ആക്ടറോ, ഡാൻസറോ ആരുമാകട്ടെ, അതിലേയ്ക്ക് ഇറങ്ങിച്ചെല്ലാനുള്ള പരിശീലനമാണ് കിട്ടുന്നത്. ക്ലാസുകളിലൂടെ അവർ കൂടുതൽ എക്സ്പീരിയൻസ് നേടുകയാണ് ചെയ്യുക. സൈക്കോളജി പഠിക്കുന്ന സമയത്ത് എനിക്ക് തോന്നിയ മാറ്റങ്ങളാണ് ഇത്തരം വ്യത്യസ്തമായ ക്ലാസുകൾ സംഘടിപ്പിക്കാൻ പ്രചോദനമായത്.
‘ആർട്ട് ഈസ് ഹീലിങ്’ എന്നാണ് എനിക്ക് പറയാനുള്ളത്. എന്തുതരം കലയാണെങ്കിലും അത് ഒരുതരം സുഖപ്പെടുത്തലാണ്. അതുകൊണ്ട് തന്നെ അതിനായി നമ്മൾ കുറച്ച് ആരോഗ്യ വശങ്ങൾ കൂടി കൈകാര്യം ചെയ്യണം. ബ്രീത്തിങ്, മൂവ്മെന്റ്സ് എന്നിവ ഉൾപ്പെടുത്തിയാണ് ഞാൻ ക്ലാസുകൾ എടുക്കുന്നത്. അതിലൂടെ കൂടുതൽ നമുക്ക് ശാരിരികമായും മാനസികമായും ഉണർവ് നേടാനാകും. നമ്മുടെ ശരീരത്തെയും മനസ്സിനെയും ഒരു ടൂളായി പാകപ്പെടുത്തിയെടുക്കുക. അതിലൂടെ എന്ത് കഴിവുകളാണോ ഉള്ളത് അതിനെ കൂടുതൽ ഉത്തേജിപ്പിക്കുക എന്നതാണ് ഇത്തരം വെൽനസ് വർക്ക്ഷോപ്പുകളിലൂടെ ഞാൻ ഉദ്ദേശിക്കുന്നത്. അഭിനയത്തെ സീരിയസായി കാണുന്നവർക്ക് ഇത് പെട്ടെന്ന് ക്യാച്ച് ചെയ്യാനാകുമെന്നാണ് എന്റെ പ്രതിക്ഷ.
ഇത് ഒരു ടെക്നിക്കാണ്. ഇവിടെ വർക്ക്ഷോപ്പിൽ വന്നാൽ നിങ്ങൾക്ക് സിനിമയിൽ അവസരം കിട്ടുമെന്നോ നിങ്ങളെ അഭിനേതാവാക്കി മാറ്റാം എന്ന ഒരുറപ്പും ഞാൻ നൽകില്ല. അങ്ങനെ ആർക്കും സാധിക്കുകയുമില്ല. എന്റെ വർക്ക് ഷോപ്പുകൾ കൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത് നിങ്ങൾക്കൊരു ഇടമാണ്. നിങ്ങളുടെ കഴിവുകൾ വെൽസസ് ആസ്പെക്സിൽ കൂടുതൽ ഊർജ്ജസ്വലമാക്കി മാറ്റാം എന്നാണ് കരുതുന്നത്. " ഈ വരുന്ന 24ന് ഫോർട്ടുകൊച്ചി ഫീൽ ഹോം എന്ന ആർട്ട് ഹോമിൽ വച്ച് നടത്തുന്ന ലക്ഷ്മിയുടെ ആക്ടിങ് വർക്ക് ഷോപ്പിൽ നിങ്ങൾക്കും പങ്കാളികളാകാം.