ADVERTISEMENT

പാലക്കാട് ആലത്തൂർ സ്വദേശിനിയാണ് മഞ്ജുള ജ്യോതി പ്രകാശൻ. ഗൾഫ് എമിറേറ്റ്സിലായിരുന്നു ജോലി. 2018ൽ നാട്ടിലേക്ക് തിരികെയെത്തി മാതാപിതാക്കൾക്കൊപ്പം സെറ്റിൽഡ് ആകാൻ തീരുമാനിച്ചു. മകൻ പഠിച്ചുകൊണ്ടിരുന്നതിനാൽ ഭർത്താവ് വിദേശത്തു തന്നെ തുടർന്നു. ഇവിടെ മഞ്ജുള അച്ഛനും അമ്മയ്ക്കുമൊപ്പം പുതിയ ജീവിതം ആരംഭിച്ചു. അച്ഛൻ ഏറ്റവും ഊർജ്ജസ്വലതയോടെ നടക്കുന്ന മനുഷ്യനായിരുന്നു. എന്തു കാര്യത്തിനും എവിടെയും ഓടിയെത്തുന്ന പ്രകൃതം. ഒരു ചെറിയ പനി വന്നുപോലും ആശുപത്രിയിൽ പോകേണ്ടി വരാത്ത അച്ഛന് പെട്ടെന്ന് സുഖമില്ലാതെയായി. അതുവരെ ഒരു രോഗലക്ഷണം പോലും കാണിച്ചിട്ടില്ലാത്ത അച്ഛൻ അങ്ങനെ ഒരു ക്യാൻസർ രോഗിയായി. വളരെ പെട്ടെന്ന് ആരോഗ്യവമെല്ലാം നശിച്ച് കിടപ്പിലുമായി.

കുടുംബത്തിലെ മൂത്ത മകൾ എന്ന നിലയിൽ അച്ഛന്റെ രോഗവിവരം മറ്റുള്ളവരിൽ നിന്നും മറച്ചുവെക്കാനായിരുന്നു മഞ്ജുള തീരുമാനിച്ചത്. അതിന് ഏറെ പ്രത്യാഘാതങ്ങളുണ്ടായി. എല്ലാവരിൽ നിന്നും പ്രത്യേകിച്ച് അച്ഛന്റെ സഹോദരങ്ങളിൽ നിന്നുപോലും അദ്ദേഹത്തിന്റെ രോഗവിവരം മറച്ചുവെച്ചതിന് പിന്നീടുള്ള കാലമത്രയും മഞ്ജുള പഴി കേട്ടുകൊണ്ടിരുന്നു. പക്ഷേ, അതൊന്നും അച്ഛൻ -മകൾ സ്നേഹത്തിനു മുന്നിൽ ഒന്നുമല്ലാതായി. മഞ്ജുള തന്നെയായിരുന്നു മുഴുവൻ സമയവും അച്ഛന്റെ കാര്യങ്ങൾ നോക്കിയിരുന്നത്. ആശുപത്രിയിൽ കൊണ്ടുപോകുന്നതുമുതൽ എല്ലാ കാര്യങ്ങളും. ഓരോ കീമോതെറാപ്പി കഴിയുമ്പോഴും ആഹാരത്തോടുള്ള അച്ഛന്റെ വിരക്തി കൂടിക്കൂടിവന്നു. ആകെ കഴിക്കുന്നത് ബിസ്ക്കറ്റുകൾ മാത്രം.

manjula-fam
കുടുംബത്തോടൊപ്പം മഞ്ജുള

എന്നാൽ പുറത്തുനിന്നു വാങ്ങുന്ന ബിസ്ക്കറ്റുകൾ കെമിക്കലുകളും മൈദയും പഞ്ചസാരയുമെല്ലാം ചേർത്തു ഉണ്ടാക്കുന്നതായതിനാൽ അച്ഛന്റെ ആരോഗ്യത്തെ അത് സാരമായി ബാധിക്കുമെന്ന് ഡോക്ടർ പറഞ്ഞത് മഞ്ജുളയെ ആഴത്തിൽ ചിന്തിക്കാൻ പ്രേരിപ്പിച്ചു. അച്ഛനുവേണ്ടി എന്തും ചെയ്യാൻ തയാറായ ആ മകൾ അദ്ദേഹത്തിന് കഴിക്കാൻ സ്വന്തമായി വീട്ടിൽ തന്നെ കുക്കീസ് ഉണ്ടാക്കി. അങ്ങനെ ക്യാൻസർ രോഗിയായ അച്ഛനുവേണ്ടി ആദ്യമായി നിർമിച്ച കുക്കീസ് ഇന്ന് മഞ്ജുളയുടെ സംരംഭം കൂടിയാണ്.

എന്നാൽ ഇതല്ല മഞ്ജുള എന്ന പോരാളിയുടെ കഥ. അവർ കടന്നുപോന്ന കഠിനകാലത്തിന്റെ അധ്യായങ്ങൾ മറ്റൊന്നാണ്. അച്ഛന് പിന്നാലെ ക്യാൻസർ തന്നെയും കാർന്നു തിന്നാൻ തുടങ്ങി എന്നറിഞ്ഞ നിമിഷം മുതൽ അതിനോട് പോരാടാനായിരുന്നു മഞ്ജുള തീരുമാനിച്ചത്. ഇന്ന് ക്യാൻസറിനെ തോൽപിച്ചു നിൽക്കുന്ന സമയത്ത് പോലും മഞ്ജുളക്ക് പറയാനുള്ളതും അതുതന്നെ. സ്വയം ആർജിച്ചെടുക്കുന്ന ഊർജ്ജമാണ് നമ്മളെ മുന്നോട്ടു നയിക്കുന്നത്. എന്തു ചെയ്യാനും ആ ഊർജ്ജം നമുക്ക് കരുത്തേകും.

അച്ഛന് പിന്നാലെ മകൾക്കും ക്യാൻസർ! ആരോടും പറയാതെ ഒറ്റയ്ക്ക് ജീവിച്ച നാളുകൾ

"അച്ഛൻ  മരിച്ചപ്പോൾ ഏറ്റവുമധികം തകർന്നുപോയത് അമ്മയായിരുന്നു. മൂത്തമകൾ ആയതുകൊണ്ട് തന്നെ അമ്മയ്ക്ക് വേണ്ട എല്ലാ സപ്പോർട്ടും ചെയ്തു നിൽക്കുക എന്നത് എന്റെ ഏറ്റവും വലിയ ഉത്തരവാദിത്തമായി. അമ്മ തളർന്നു പോകാതിരിക്കാൻ ധൈര്യം കൊടുക്കേണ്ടത് ഞാനാണല്ലോ. അച്ഛന്റെ ചെവിയുടെ താഴെ ഒരു മുഴ വന്നു. കുറെ ടെസ്റ്റുകൾ ഒക്കെ നടത്തി നോക്കി. ടിബി ആണെന്നാണ് ആദ്യം കരുതിയത്. ഇതിനിടയിൽ ഇഎസ്ആർ ലെവൽ വല്ലാതെ കൂടിയപ്പോൾ സംശയം തോന്നിയ ഡോക്ടർ തന്നെ ക്യാൻസർ ടെസ്റ്റ് നടത്താൻ പറയുകയായിരുന്നു. റിസൾട്ട് വന്നപ്പോൾ അച്ഛന് ക്യാൻസർ ആണെന്ന് തിരിച്ചറിഞ്ഞു. ഞാൻ വീട്ടിലെ മൂത്തയാളാണ്. എന്റെ അച്ഛന് അസുഖം ഉണ്ടെന്ന് പുറത്തു പറഞ്ഞു ഒരു ലേബൽ ഉണ്ടാക്കിയെടുക്കാൻ തീരെ താൽപര്യം തോന്നിയില്ല. അച്ഛന്റെ രോഗവിവരം ഞാൻ ആരോടും പറഞ്ഞില്ല. അങ്ങനെ കുടുംബക്കാരൊക്കെ ശത്രുക്കളായി. അച്ഛനെ നോക്കാനോ സഹായിക്കാനോ ആരും വരാതെയുമായി. ഞാൻ തന്നെയാണ് അച്ഛന്റെ സകല കാര്യങ്ങളും പിന്നീട് നോക്കിയിരുന്നത്. പാലക്കാട് നിന്നും കോഴിക്കോട് ആശുപത്രിയിൽ അച്ഛനെ കൊണ്ടുപോകുന്നതടക്കമുള്ള സകല കാര്യങ്ങളും ഞാൻ തന്നെ നോക്കി. എന്റെ മകൻ പഠിക്കുന്നത് ആയതുകൊണ്ട് അവനെ ബുദ്ധിമുട്ടിക്കാൻ പറ്റില്ല. ഭർത്താവ് അച്ഛന് ഇങ്ങനെയാണ് എന്നറിഞ്ഞതോടുകൂടി വിദേശത്തെ ജോലി ഉപേക്ഷിച്ചു നാട്ടിലേക്കു പോരുകയും ഇവിടെ മറ്റൊരു ജോലിയിൽ പ്രവേശിക്കുകയും ചെയ്തു.

ഓരോ പ്രാവശ്യം ട്രീറ്റ്മെന്റ് കഴിഞ്ഞ് തിരിച്ചു വരുമ്പോഴും അച്ഛന് അലർജി ഉണ്ടാവുകയും മറ്റു പ്രശ്നങ്ങൾ വരാനും തുടങ്ങി. ആഹാരത്തോടായിരുന്നു കൂടുതൽ വിരക്തി. അച്ഛൻ ആകെ കഴിക്കാൻ താൽപര്യം കാണിച്ചത് ബിസ്ക്കറ്റുകൾ മാത്രമാണ്. എന്നാൽ പുറത്തുനിന്ന് വാങ്ങുന്നവ അച്ഛന്റെ ആരോഗ്യത്തിന് നല്ലതല്ല എന്ന് ഡോക്ടർ പറഞ്ഞപ്പോൾ അച്ഛന് വേണ്ടി വീട്ടിൽ തന്നെ കുക്കീസ് ഉണ്ടാക്കാൻ ഞാൻ തീരുമാനിച്ചു. അങ്ങനെ ക്യാൻസർ രോഗിയായ എന്റെ അച്ഛനുവേണ്ടിയാണ് ഞാൻ ഇന്ന് ചെയ്യുന്ന സംരംഭം ശരിക്കും ആരംഭിച്ചത്. ഇന്ന് ആ സംരംഭത്തിലൂടെ രണ്ടുപേർക്ക് ജോലി കൊടുക്കാൻ എനിക്ക് സാധിക്കുന്നുണ്ട്. ക്യാൻസർ പോലെ അസുഖം ബാധിച്ച ആഹാരം കഴിക്കാൻ ബുദ്ധിമുട്ടുന്നവർക്ക് ഒരു ചെറിയ ആശ്വാസമാകാൻ സാധിക്കുന്നതിൽ ഞാനിന്ന് ഏറെ സന്തോഷവതിയാണ്.’’

cookies
മഞ്ജുള നിർമിക്കുന്ന കുക്കീസ്

ക്യാൻസറിനെ എന്തിനു പേടിക്കണം?

അച്ഛനെ ആശുപത്രിയിൽ കൊണ്ടുപോകുന്ന സമയത്ത് എനിക്ക് ഇടയ്ക്കിടെ ഒരു സംശയം ഉണ്ടാകാറുണ്ടായിരുന്നു. ഞാനും ഒരു ക്യാൻസർ രോഗിയാണോ എന്നൊരു തോന്നൽ. പക്ഷേ, ഞാൻ അതൊന്നും കാര്യമാക്കിയില്ല. അച്ഛന്റെ കാര്യം മാത്രം ശ്രദ്ധിച്ചു നടന്നു. ക്യാൻസർ മൂലമല്ലായിരുന്നു എന്റെ അച്ഛൻ മരിച്ചത് മറിച്ച് ഹൃദയാഘാതം വന്നാണ്. അച്ഛന്റെ മരണശേഷം ഇടയ്ക്കിടെ എനിക്ക് ആരോഗ്യപ്രശ്നങ്ങൾ വരാൻ തുടങ്ങി. വല്ലാത്ത ക്ഷീണമായിരുന്നു പ്രധാനകാരണം. മുമ്പ് ബ്രസ്റ്റിൽ ഒരു മുഴയുണ്ടായിരുന്നു. കാണിച്ചപ്പോൾ കുഴപ്പമൊന്നുമില്ല പിരീഡ്സ് സമയത്ത് വരുന്നതാണ് അതെന്ന് പറഞ്ഞു മരുന്നു കഴിച്ചു കൊണ്ടിരുന്നു. പക്ഷേ, അച്ഛന് ഇങ്ങനെയൊരു അവസ്ഥ വന്നതോടുകൂടി ആ സംശയം വീണ്ടും എന്റെ മനസ്സിൽ ഉടലെടുത്തു. അങ്ങനെ അച്ഛൻ മരിച്ചു മൂന്നാമത്തെ മാസം ഞാൻ ചെക്ക് ചെയ്തപ്പോൾ ക്യാൻസറാണ് എന്ന് തിരിച്ചറിയുകയായിരുന്നു.

സത്യത്തിൽ ക്യാൻസർ ആണെന്ന് അറിഞ്ഞിട്ടും എനിക്ക് പേടിയൊന്നും തോന്നിയില്ല. ഞാൻ അത് പ്രതീക്ഷിച്ചതാണ് എന്ന തോന്നലിയിരുന്നു ഉള്ളിൽ മുഴുവൻ. ആ സമയത്ത് ഞാൻ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി അമ്മയെ എങ്ങനെ എന്റെ രോഗവിവരം അറിയിക്കാതിരിക്കും എന്നുള്ളതായിരുന്നു. അച്ഛന്റെ മരണം ഏൽപിച്ച ആഘാതത്തിൽ നിന്നും അമ്മ അപ്പോൾ റിക്കവറി ആയിട്ടുണ്ടായിരുന്നില്ല. തൊട്ടുപിന്നാലെ മകൾ കൂടി അതേപാതയിലാണെന്ന് അറിഞ്ഞാൽ അവർ തകർന്നുപോകുമെന്ന് ഞാൻ പേടിച്ചു. ആദ്യമൊന്നും അമ്മയെ അറിയിച്ചിരുന്നില്ല. പക്ഷേ കീമോതെറാപ്പി സ്റ്റാർട്ട് ചെയ്തപ്പോൾ പറയാതെ വയ്യ എന്നായി. കാരണം എന്റെ മുടി പോകാൻ തുടങ്ങിയതോടുകൂടി അമ്മ ശ്രദ്ധിച്ചു. പിന്നെ എന്റെ മകനും ഭർത്താവും കൂടിച്ചേർന്ന് അമ്മയെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി.

രണ്ടുമൂന്ന് കീമോതെറാപ്പികൾ കഴിഞ്ഞതോടുകൂടി എനിക്ക് ഒരു കാര്യം മനസ്സിലായി. നമ്മൾ ജീവിതത്തിൽ സ്വയം മുന്നോട്ടുപോകണമെന്ന് തീരുമാനിച്ചാൽ മാത്രമേ അത് സംഭവിക്കുകയുള്ളൂ. അച്ഛൻ മരിച്ചതിന്റെ ദുഃഖം മാറും മുമ്പേ മറ്റൊരു കഠിനാവസ്ഥയിലൂടെ കടന്നു പോകേണ്ടി വന്നവളാണ് ഞാൻ. ക്യാൻസറിനെയാണ് തോൽപ്പിക്കേണ്ടത്. അതിനുമപ്പുറം ആ രോഗം നമുക്ക് ഏൽപ്പിക്കുന്ന മാനസിക ആഘാതത്തെയും കൂടിയാണ് മറികടക്കേണ്ടത് എന്ന് ഞാൻ തിരിച്ചറിഞ്ഞു. വെറുതെയിരിക്കൽ എന്നതിൽ നിന്നും എന്തെങ്കിലും ചെയ്യുക എന്ന ലക്ഷ്യത്തിലേക്ക് ഞാൻ എത്തിയത് അങ്ങനെയാണ്. വെറുതെയിരിക്കുമ്പോൾ പലപല ചിന്തകളായിരിക്കും മനസ്സു മുഴുവൻ. എന്തെങ്കിലും ചെറിയ ലക്ഷണങ്ങൾ കണ്ടാൽ പിന്നെ ചിന്ത ഇത് വീണ്ടും ക്യാൻസർ ആണോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ആണോ എന്നൊക്കെയായിരിക്കും. അങ്ങനെയിരിക്കുന്ന സമയത്താണ് എന്റെ ഒരു സുഹൃത്ത് ഒരു വനിതാ കൂട്ടായ്മയെ കുറിച്ച് പറയുന്നത്. അതിൽ അംഗമായതോടുകൂടി എന്റെ ജീവിതം മാറിമറിഞ്ഞു എന്ന് തന്നെ പറയാം. അവിടെ നിന്നും കിട്ടിയ പിന്തുണയാണ് ഇന്നുള്ള എന്നെ വാർത്തെടുത്തത്. "

manjula-2

ഇതാണ് മഞ്ജുള ജ്യോതി പ്രകാശ് എന്ന വീട്ടമ്മയുടെ കഥ. ക്യാൻസറിനെ തോൽപിക്കുന്നതിനപ്പുറം അവർ ആർജിച്ചെടുത്തത് ആത്മധൈര്യം കൂടിയായിരുന്നു. ക്യാൻസർ വന്നാൽ അവിടെ നമ്മുടെ ജീവിതം അവസാനിക്കുമെന്ന് കരുതരുത്. അതിനോട് പടവെട്ടണം. ജയിച്ചു കാണിക്കണം. അതുകൊണ്ടാണ് മഞ്ജുള തന്റെ അച്ഛനുവേണ്ടി ഒരിക്കൽ ഉണ്ടാക്കിയ ബിസ്ക്കറ്റുകൾ വീണ്ടും നിർമിക്കാൻ തീരുമാനിച്ചത്. ഇതിനുപിന്നിൽ മറ്റൊരു കാരണം കൂടിയുണ്ട്. അച്ഛനും താനും രോഗികൾ ആയിരുന്നു. ആ സമയത്ത് ആരോഗ്യം ശ്രദ്ധിക്കേണ്ടത് വലിയ പ്രധാന്യമുള്ള കാര്യമാണ്. പ്രത്യേകിച്ച് ക്യാൻസർ പോലെയുള്ള രോഗങ്ങൾക്ക് ട്രീറ്റ്മെൻറ് എടുക്കുമ്പോൾ ആഹാരത്തിനോടും മറ്റും ഇഷ്ടക്കേട് ഉണ്ടാകുന്നത് സ്വാഭാവികം. പ്രായമായവരുടെ കാര്യം പറയുകയും വേണ്ട. അങ്ങനെയുള്ളവർക്ക് ഒരു ചെറിയ ആശ്വാസമാകാൻ തനിക്ക് സാധിക്കുമെന്ന് തോന്നിയതിനാലാണ് കുക്കീസ് നിർമാണത്തിലേക്ക് മഞ്ജുള തിരിഞ്ഞത്. ഇന്ന് രോഗികളും പ്രായമായവരുമായ കുറച്ചുപേർക്കെങ്കിലും തന്റെ ബിസ്ക്കറ്റുകൾ രുചിനൽകുന്നുണ്ടെന്ന് അറിയുമ്പോൾ താൻ കുടിച്ചിറക്കിയ വേദനയുടെ കയ്പ്പുനീരിനെ മറക്കുകയാണ് മഞ്ജുള ജ്യോതി പ്രകാശ്.

English Summary:

From Cancer Patient to Cookie Queen: Manjula Jyothi Prakash's Inspiring Journey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com