ADVERTISEMENT

കൊല്‍ക്കത്തയില്‍ ട്രെയിനി വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തെ തുടർന്നുള്ള പ്രതിഷേധങ്ങളും സമരങ്ങളും ഇനിയും കെട്ടിടങ്ങിയിട്ടില്ല. ആശുപത്രി പോലെയുള്ള ഒരു പൊതുയിടത്തിൽ പോലും സ്ത്രീകൾ സുരക്ഷിതരല്ല എന്ന വസ്തുത നടുക്കത്തോടെയാണ്  ലോകം കേട്ടത്. ഇന്ത്യക്ക് പുറമേ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന വനിതകൾ നേരിടുന്ന അരക്ഷിതാവസ്ഥയിലേയ്ക്കും പ്രതിസന്ധികളിലേയ്ക്കും ഈ സംഭവം വെളിച്ചം വീശി. പാകിസ്ഥാനിലും ആരോഗ്യരംഗത്തു പ്രവർത്തിക്കുന്ന വനിതകൾ സമാനതകൾ ഇല്ലാത്ത അക്രമങ്ങൾക്കും പീഡനങ്ങൾക്കും വിധേയരായി ഭയത്തോടെ കഴിയുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

തൊഴിലിടത്തിൽ വച്ച് സഹപ്രവർത്തകരിൽ നിന്നും ചികിത്സ തേടിയെത്തുന്ന രോഗികളിൽ നിന്നും അവരുടെ ബന്ധുക്കളിൽ നിന്നും എല്ലാമുള്ള പെരുമാറ്റങ്ങൾ ഭയന്ന് തികച്ചും പ്രതികൂലമായ അന്തരീക്ഷത്തിലാണ് തങ്ങൾ ജോലി ചെയ്യുന്നത് എന്ന് വനിതാ ഡോക്ടർമാരും നേഴ്സുമാരും സാക്ഷ്യപ്പെടുത്തുന്നു. ഒരു വനിതാ ഡോക്ടറുടെ ശുചിമുറി ദൃശ്യങ്ങൾ പകർത്തിയ ശേഷം സഹപ്രവർത്തകൻ അതുപയോഗിച്ച് ഭീഷണിപ്പെടുത്തിയ സംഭവമാണ് അതിൽ ഒന്ന്. ഫെഡറൽ ഇൻവസ്റ്റിഗേഷൻ ഏജൻസിയിൽ കുറ്റകൃത്യം റിപ്പോർട്ട് ചെയ്യാൻ പ്രേരണകൾ ഉണ്ടായെങ്കിലും വിഡിയോ ലീക്ക് ചെയ്യപ്പെടുമോ എന്നും അതിലൂടെ കുടുംബത്തിന് അപമാനം വരുമോ എന്നുള്ള ഭയത്താൽ ഇരയായ ഡോക്ടർ അതിന് തയാറായില്ല.

സമാനമായ കുറ്റകൃത്യങ്ങൾ പല ആശുപത്രികളിലും വ്യാപകമായി നടക്കുന്നുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതിനെതിരെ നടപടികൾ സ്വീകരിച്ച സംഭവങ്ങൾ വിരളമാണ്. തന്റെ സീനിയറായ ഒരു ഡോക്ടർ നിരന്തരം ഉപദ്രവിച്ചതിന്റെ അനുഭവകഥയാണ് പാക്കിസ്ഥാനിലെ മറ്റൊരു വനിതാ ഡോക്ടർക്ക് പറയാനുള്ളത്. പലതവണ പരാതിപ്പെട്ടിട്ടും ആശുപത്രി ഭരണകൂടം പരാതികൾ ചെവിക്കൊണ്ടിരുന്നില്ല. വനിതാ ഡോക്ടറുടെ ആരോപണങ്ങൾ ആരും വിശ്വസിക്കില്ല എന്നായിരുന്നു ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുള്ള മറുപടി. കുറ്റവാളികൾ പകർത്തിയ ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകൾ നിലനിൽക്കുന്ന സാഹചര്യങ്ങളിൽ പോലും കുറ്റകൃത്യം ചെയ്ത വ്യക്തിക്ക് ജോലി മറ്റൊരു വാർഡിലേയ്ക്ക് മാറ്റി നൽകുന്നതാണ് ലഭിക്കുന്ന പരമാവധി ശിക്ഷ. പരാതിയുടെ ചൂടാറുമ്പോഴേയ്ക്കും വീണ്ടും കുറ്റവാളിയായ ജീവനക്കാരൻ പഴയ സ്ഥലത്ത് തന്നെ ജോലിക്ക് എത്തുകയും ചെയ്യും.

പല ആശുപത്രികളിലും ഇത്തരം പരാതികൾ പരിശോധിക്കുന്നതിനു വേണ്ടി  മാത്രം പ്രത്യേക കമ്മിറ്റികൾ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ  ഈ കമ്മിറ്റികളിലെ അംഗങ്ങളിൽ ഭൂരിഭാഗവും കുറ്റകൃത്യം ചെയ്ത വ്യക്തിയുടെ കൂട്ടാളികളോ സമാനമായ ചിന്താഗതി ഉള്ളവരോ ആയിരിക്കും. ഇരകൾക്ക് ഇക്കാര്യം കൃത്യമായി അറിയാവുന്നതിനാൽ കമ്മിറ്റികളിൽ പരാതിപ്പെടുന്നത് ഭാവിക്കും ജീവിതത്തിനും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്ന് മനസ്സിലാക്കി അതിൽ നിന്നും പിന്തിരിയുകയാണ് ചെയ്യുന്നത്. ഒരു വനിതാ നഴ്സിനെ ഡോക്ടർ ഹോട്ടൽ മുറിയിലേയ്ക്ക് വിളിച്ചുവരുത്തി മറ്റു രണ്ടു സഹപ്രവർത്തകർക്കൊപ്പം ചേർന്ന് കൂട്ടബലാത്സംഗം ചെയ്തതും മോർച്ചറി ദൃശ്യങ്ങൾ പകർത്തുന്നത് തടഞ്ഞതിന് മരിച്ച വ്യക്തിയുടെ ബന്ധുക്കളിൽ ഒരാൾ വനിതകൾ മാത്രം ഉൾപ്പെട്ട ആരോഗ്യ പ്രവർത്തക സംഘത്തെ ഉപദ്രവിക്കാൻ മുതിർന്നതും അടക്കമുള്ള സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

Medical professionals and students shout slogans as they protest against the rape and murder of a doctor in India's West Bengal state, in New Delhi on August 16, 2024. - Indian doctors stepped up nationwide protests and strikes on August 16 after the rape and murder of a colleague, a brutal killing that has focused outrage on the chronic issue of violence against women. (Photo by Sajjad HUSSAIN / AFP)
വനിതാ ഡോക്ടറെ ലൈംഗികാതിക്രമത്തിനിരയാക്കി കൊലപ്പെടുത്തിയ പ്രതിയുടെ ശിക്ഷ ആവശ്യപ്പെട്ട് മെഡിക്കൽ വിദ്യാർഥികൾ നടത്തിയ പ്രതിഷേധം∙ ചിത്രം:(Photo by Sajjad HUSSAIN / AFP)

നഗരപ്രദേശങ്ങളിൽ മാത്രമല്ല ഗ്രാമപ്രദേശങ്ങളിലെ ആശുപത്രികളിലും സമാനമായ സാഹചര്യങ്ങളാണ് തുടരുന്നത്. വനിതാ ആരോഗ്യ പ്രവർത്തകർക്ക് പാക്കിസ്ഥാനിലെ ഉൾഗ്രാമപ്രദേശങ്ങളിൽ തികച്ചും സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിലാണ് ജോലി ചെയ്യേണ്ടി വരുന്നത്. സുരക്ഷ ഇല്ല എന്നതിനു പുറമേ അൽപം വൈകി ജോലി ചെയ്യേണ്ടി വരുന്ന സാഹചര്യത്തിൽ വേണ്ടത്ര വെളിച്ചം പോലും ഉണ്ടാവാറില്ല. മദ്യത്തിന്റെയോ മയക്കുമരുന്നിന്റെയോ ലഹരിയിൽ ആശുപത്രിയിൽ അസമയത്ത് പോലും ആളുകൾ കയറിയിറങ്ങുന്ന സാഹചര്യവുമുണ്ട്. അപ്പോഴെല്ലാം വനിതാ ഡോക്ടർമാരും നഴ്സുമാരും അടക്കമുള്ള ആരോഗ്യപ്രവർത്തകർ സ്വയരക്ഷ ഉറപ്പാക്കാൻ തനിച്ച് പോരാടേണ്ടുന്ന അവസ്ഥയിലാണ്.

യുഎസ് നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ഹെൽത്ത് 2022ൽ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം പാകിസ്ഥാനിലെ 95 ശതമാനം നഴ്സുമാരും കരിയറിൽ ഒരുതവണയെങ്കിലു തൊഴിലിടത്തിൽ വച്ച് വാക്കുകളിലൂടെയോ പ്രവർത്തികളിലൂടെയോ ഉള്ള അതിക്രമങ്ങൾ നേരിട്ടവരാണ്. പാകിസ്ഥാൻ ജേർണൽ ഓഫ് മെഡിസിൻ ആൻഡ് ഡെന്റിസ്ട്രിയുടെ കണ്ടെത്തലുകളും ഇതുമായി യോജിച്ചു പോകുന്നു. ലാഹോറിലെ പബ്ലിക് ആശുപത്രികളിൽജോലി ചെയ്യുന്ന നഴ്സുമാരിൽ 27 ശതമാനവും ലൈംഗികാതിക്രമങ്ങൾ നേരിട്ടിട്ടുണ്ട് എന്നാണ്  ഈ റിപ്പോർട്ടിൽ പറയുന്നത്. ഖൈബർ പഖ്തുങ്ക്വാ പ്രവിശ്യയിലാകട്ടെ 69 ശതമാനം നഴ്സുമാരും 52 ശതമാനം  വനിതാ ഡോക്ടർമാരും ഹോസ്പിറ്റൽ ജീവനക്കാരിൽ നിന്നുതന്നെ പീഡനങ്ങൾ നേരിട്ടവരാണ്.

പല ആശുപത്രികളിലും വേണ്ടത്ര സുരക്ഷാ ജീവനക്കാർ ഇല്ല എന്നതും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നതിന് കാരണമാകുന്നുണ്ട്. പീഡന സംഭവങ്ങൾ പുറത്തുവന്നാൽ ഭൂരിഭാഗം സംഭവങ്ങളിലും ഇരയാക്കപ്പെട്ട വനിതകൾ സമൂഹത്തിൽ നിന്നും അവഹേളനങ്ങൾ നേരിടേണ്ടി വരുന്ന സാഹചര്യമാണ് പരാതി ഉയർത്തുന്നതിൽ നിന്നും അവരെ പിന്തിരിപ്പിക്കുന്നത്.  വാർഡുകളിൽ രാത്രികാലങ്ങളിൽ ജോലിചെയ്യുന്ന സമയത്ത് വൃത്തിയാക്കാൻ എത്തുന്ന സ്റ്റാഫുകൾ യഥാർഥ ജീവനക്കാരാണോ എന്ന് പോലും ഭയന്നു കൊണ്ടാണ് വനിതാ ആരോഗ്യ പ്രവർത്തകർ നൈറ്റ് ഡ്യൂട്ടികൾ പൂർത്തിയാക്കുന്നത്. കൊൽക്കത്തയിലെ ട്രയിനി ഡോക്ടറുടെ മരണത്തോടെ തങ്ങളുടെ അവസ്ഥയെക്കുറിച്ച് കൂടുതൽ ആശങ്കാകുലരാണ് പാകിസ്ഥാനിലെ വനിതാ ആരോഗ്യ പ്രവർത്തകർ. ആശുപത്രികളിലെ വെളിച്ചമില്ലാത്ത ഒറ്റപ്പെട്ട സ്ഥലങ്ങൾ പരമാവധി ഒഴിവാക്കി നൈറ്റ് ഡ്യൂട്ടികൾ ക്രമീകരിക്കുകയാണ് ഇവർ.

English Summary:

Living in Fear: The Daily Struggle of Female Healthcare Workers in Pakistan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com