രവി ശാസ്ത്രി, റാണ ദഗുബാട്ടി ഒടുവിൽ അഭിഷേക് ബച്ചൻ! ആരാണ് വിവാദ നായിക നിമ്രത് കൗർ?
Mail This Article
ബോളിവുഡ് താരദമ്പതികളായ ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വിവാഹബന്ധം വേർപിരിയാൻ പോവുകയാണെന്ന തരത്തിലുള്ള വാർത്തകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഇതിനിടെ ഉയർന്നുവന്ന ഒരു പ്രധാന പേരാണ് മോഡലും നടിയുമായ നിമ്രത് കൗറിന്റേത്. നിമ്രതും അഭിഷേകും തമ്മിലുള്ള സൗഹൃദമാണ് ഐശ്വര്യ–അഭിഷേക് ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയതെന്ന രീതിയിലുള്ള അഭ്യൂഹങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ ഈ വിഷയത്തിൽ ഔദ്യോഗിക പ്രതികരണം നൽകാൻ ഇരുവരും തയാറായില്ല. അഭിഷേകുമായുള്ള ബന്ധത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഇതുവരെ കൃത്യമായ ഉത്തരം നിമ്രത് നൽകിയില്ലെങ്കിലും ആരോപണങ്ങൾ നിഷേധിക്കാൻ താരം തയാറായിട്ടില്ല.
എന്നാൽ അടുത്തിടെ ഒരു ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ താനിപ്പോഴും സിംഗിളാണെന്നു മാത്രമാണ് നിമ്രത് കൗർ പറഞ്ഞത്. തുടർന്ന് സിംഗിളായി ജീവിക്കുന്ന സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും താരം വ്യക്തമാക്കുന്നുണ്ട്. ആളുകൾ അവർക്കിഷ്ടമുള്ളത് പറയട്ടെ. ഗോസിപ്പുകൾക്കു കടിഞ്ഞാണിടാൻ നമുക്ക് സാധിക്കില്ല. താൻ തന്റെ ജോലിയുമായി മുന്നോട്ടു പോവുകയാണെന്ന് നിമ്രത് പറഞ്ഞതും ചർച്ചയായി. എന്നാൽ ഇത്തരത്തിൽ ഒരു പ്രസ്താവന നിമ്രത് നടത്തിയിട്ടില്ലെന്ന് അടുത്ത വൃത്തങ്ങൾ പിന്നീട് അറിയിച്ചിരുന്നു.
ആരാണ് നിമ്രത് കൗർ?
‘ഡയറി മിൽക്കി’ന്റെ പരസ്യത്തിലൂടെയാണ് നിമ്രത് പ്രശസ്തയാകുന്നത്. പിന്നീടങ്ങോട്ട് കരിയറിൽ നിമ്രതിനു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. സിനിമയ്ക്കൊപ്പം തന്നെ ടെലിവിഷൻ ഷോകളിലും വെബ്സീരിസുകളിലും സജീവ സാന്നിധ്യമായി നിമ്രത് കൗർ. 1982ൽ രാജസ്ഥാനിലെ ഒരു സിഖ് കുടുംബത്തിലാണ് നിമ്രത് ജനിച്ചത്. ഇന്ത്യൻ ആർമിയിൽ മേജറായിരുന്ന ഭൂപിന്ദർ സിങ്ങാണ് നിമ്രതിന്റെ പിതാവ്. പിതാവ് ആർമിയിൽ ഉദ്യോഗസ്ഥനായിരുന്നതു കൊണ്ടുതന്നെ വിവിധയിടങ്ങളിലായിരുന്നു നിമ്രതിന്റെ ബാല്യകാലം. 1994ൽ പിതാവ് ഭൂപീന്ദർ സിങ്ങിനെ കശ്മീർ ഭീകരർ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി. പതിനൊന്നു വയസ്സായിരുന്നു അന്ന് നിമ്രതിന്റെ പ്രായം. തുടർന്ന് അമ്മ അവിനാശ് കൗർ, സഹോദരി റുബിന കൗർ എന്നിവർക്കൊപ്പം നിമ്രത് നോയിഡയിലേക്കു താമസം മാറി. നോയിഡയിലെ ഡൽഹി പബ്ലിക് സ്കൂൾ, ശ്രീറാം കോളജ്, ഡൽഹി യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലായിരുന്നു നിമ്രതിന്റെ വിദ്യാഭ്യാസം. മോഡലിങ്ങിലൂടെയായിരുന്നു നിമ്രത് തന്റെ കരിയർ തുടങ്ങിയത്. ഒപ്പം നാടകത്തിലും അഭിനയിച്ചു. 2004ൽ കുമാർ സാനുവിന്റെയും ശ്രേയ ഘോഷാലിന്റെയും മ്യൂസിക് വിഡിയോയിൽ അഭിനയിച്ചതോടെയാണ് സിനിമാ മേഖലയിലേക്ക് പ്രവേശിക്കുന്നത്. 2013ൽ ഇർഫാൻ ഖാൻ നായകനായെത്തിയ ‘ലഞ്ച് ബോക്സി’ലെ അഭിനയത്തിലൂടെ നിമ്രത് കൗർ ആഗോളതലത്തിൽ തന്നെ ശ്രദ്ധനേടി.
പ്രശസ്തരുടെ പേരുകൾക്കൊപ്പം നിമ്രതിന്റെ പേര്
സിനിമാ–കായിക രംഗത്തെ പ്രമുഖരുടെ പേരുകൾക്കൊപ്പം ഉയർന്നു കേട്ട പേരാണ് നിമ്രത് കൗറിന്റെത്. 2018ൽ മുന്‍ ഇന്ത്യൻ ക്രിക്കറ്റ് താരം രവി ശാസ്ത്രിയുമായി നിമ്രത് രണ്ടുവർഷത്തോളമായി ഡേറ്റിങ്ങിലാണെന്ന് ഒരു ദേശീയ ദിനപ്പത്രം റിപ്പോർട്ട് ചെയ്തിരുന്നു. 2015ൽ ഒരു ജർമൻ ആഡംബര കാറിന്റെ ഉദ്ഘാടന ചടങ്ങിന് ഇരുവരും ഒരുമിച്ചെത്തിയതാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. എന്നാൽ ഇതേ തുടർന്ന് നിമ്രത് കൗർ എക്സിൽ ഒരു കുറിപ്പ് പങ്കുവച്ചത് ശ്രദ്ധേയമായി. പ്രചരിക്കുന്ന കഥകളിൽ നിന്നും തികച്ചും വിഭിന്നമാണ് യാഥാർഥ്യമെന്നായിരുന്നു നിമ്രത് എക്സിൽ പങ്കുവച്ച കുറിപ്പിന്റെ സംക്ഷിപ്തരൂപം. നിമ്രതുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന കാര്യങ്ങളെ കുറിച്ച് തനിക്കൊന്നും പറയാനില്ലെന്നായിരുന്നു ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ രവി ശാസ്ത്രി പറഞ്ഞത്. രവി ശാസ്ത്രിക്കു ശേഷം പ്രശസ്തനായ ദക്ഷിണേന്ത്യൻ താരം റാണാ ദഗുബാട്ടിയുടെയും നിമ്രതിന്റെയും പേരുകൾ ചേർത്തുള്ള ഗോസിപ്പുകൾ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ പ്രചരിക്കുന്ന വാർത്തകളിൽ പ്രതികരിക്കാൻ ഇരുവരും തയാറായിരുന്നില്ല.
നിമ്രതിന്റെ പ്രണയ സങ്കൽപം
വ്യക്തി ജീവിതം തികച്ചും സ്വകാര്യമായി നിലനിർത്താൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് നിമ്രത് കൗർ. സ്നേഹ ബന്ധം നിലനിർത്താൻ സഹിഷ്ണുത അനിവാര്യമാണെന്നായിരുന്നു പ്രണയബന്ധങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ നിമ്രത്തിന്റെ മറുപടി. രണ്ടുവ്യക്തികൾക്കു പരസ്പരം ആകർഷണം തോന്നുന്നതിനും അവർ തമ്മിൽ പ്രണയത്തിലാകുന്നതിനും അധികം സമയം ആവശ്യമില്ല. പക്ഷേ, ആ ബന്ധം മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടു പോകാൻ ക്ഷമയും വീട്ടുവീഴ്ചകളും ആവശ്യമായി വരുമെന്നും നിമ്രത് പറയുന്നു. ഇന്ന് ആളുകൾ പെട്ടെന്നു തന്നെ ബന്ധങ്ങളുണ്ടാക്കുകയും അതുപോലെ ഉപേക്ഷിക്കുകയും ചെയ്യുന്നു. എന്നാൽ മുൻകാലങ്ങളിലെ ബന്ധങ്ങളിൽ ക്ഷമയും വിട്ടുവീഴ്ചാ മനോഭാവവും ഉള്ളതിനാലാണ് അവരെല്ലാം വർഷങ്ങളോളം ഒരുമിച്ചു ജീവിച്ചതെന്നും നിമ്രത് കൂട്ടിച്ചേർത്തു. വിവാഹം എന്നത് നമ്മൾ വിചാരിക്കുന്നതു പോലെയല്ല. അത് അതിന്റേതായ സമയത്ത് നടക്കുമെന്നായിരുന്നു നിമ്രത് കൗർ ഒരു അഭിമുഖത്തിൽ പറഞ്ഞത്
അഭിഷേക്–ഐശ്വര്യ ദാമ്പത്യവും നിമ്രതിന്റെ പേരും
ബോളിവുഡ് താരങ്ങളായ ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വിവാഹ ബന്ധം വേർപ്പെടുത്തുകയാണെന്ന രീതിയിലുള്ള റിപ്പോർട്ടുകൾ വ്യാപകമായി പ്രചരിക്കുകയാണ്. ഇതിലേക്കും നിമ്രത് കൗറിന്റെ പേര് വലിച്ചിഴയ്ക്കപ്പെട്ടു. നിമ്രതുമായുള്ള അഭിഷേകിന്റെ സൗഹൃദമാണ് ഐശ്വര്യ–അഭിഷേക് ബന്ധത്തിൽ വിള്ളൽ തീർത്തതെന്ന രീതിയിലുള്ള വാർത്തകളും പ്രചരിച്ചു. തുടർന്ന് സമൂഹമാധ്യമങ്ങളിൽ നിമ്രതിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളും ഉയർന്നു. എന്നാൽ ഈ വിവാദങ്ങളോട് ഇതുവരെ അഭിഷേകും നിമ്രതും പ്രതികരിച്ചില്ല.