ADVERTISEMENT

പതിവ് നായികാ സങ്കൽപങ്ങളെ തിരുത്തിക്കുറിച്ച്, പ്രത്യേകിച്ചും ശക്തമായ സ്ത്രീ കേന്ദ്രീകൃത സിനിമകളിലൂടെയാണ് വിദ്യാ ബാലൻ ബോളിവുഡിൽ സ്ഥാനം ഉറപ്പിച്ചത്. സൗന്ദര്യത്തിനും ബോഡി ഷേപ്പിനും ക്യൂട്ട്നസിനും അപ്പുറം ആരാധകരുടെ മനസ്സിൽ കഴിവിന്റെയും സ്ത്രീശക്തിയുടെയും പ്രതീകമാണ് വിദ്യാ ബാലൻ. മറ്റൊരു തരത്തിൽ പറഞ്ഞാൽ സ്ലിം ബ്യൂട്ടികൾ അടക്കിവാഴുന്ന ബോളിവുഡിൽ വിദ്യാ ബാലന്റെ സാന്നിധ്യവും ഉയർച്ചയും അമ്പരപ്പിക്കുന്നതായിരുന്നു. പല കോണുകളിൽ നിന്നും ബോഡി ഷെയ്മിങ് നേരിട്ട കാലത്തെ അതിജീവിച്ച് സ്വന്തം ശരീരത്തെ സ്വയം സ്നേഹിച്ച് മുന്നേറിയ വിദ്യ ഇന്ന് ബോഡി പോസിറ്റിവിറ്റിയുടെ മുഖമായി മാറിക്കഴിഞ്ഞു.

vidya-sp5
Image Credit:balanvidya/ Instagram
vidya-sp5
Image Credit:balanvidya/ Instagram

എന്നാൽ തന്റെ ശരീരത്തെ സ്വയം അംഗീകരിക്കുന്ന നിലയിലേക്കെത്താനുള്ള വിദ്യയുടെ യാത്ര എളുപ്പമായിരുന്നില്ല. ശരീരഭാരം തന്നെയാണ് വിദ്യ എക്കാലവും നേരിട്ട പ്രശ്നം. ഹോർമോൺ വ്യതിയാനങ്ങൾ ആയിരുന്നു ഇതിന് പിന്നിലെ കാരണം. മറ്റുള്ളവരെ പോലെ പോലെ ഭാരം കുറയ്ക്കുന്നതാണ് ശരീരഭംഗി എന്ന് വിശ്വസിച്ചിരുന്ന കാലത്ത് സ്വന്തം ശരീരത്തെ അങ്ങേയറ്റം വെറുത്തിരുന്നു വിദ്യ. ശരീരം തന്നെ ചതിക്കുകയാണെന്നു പോലും കരുതിയിരുന്നതായി വിദ്യ വെളിപ്പെടുത്തുന്നു. എന്നാൽ ഈ വെല്ലുവിളികളെയൊക്കെ അതിജീവിച്ച് വ്യക്തിത്വം ഉയർത്തിപ്പിടിക്കണം എന്ന ചിന്ത ഏറെ നാളുകൾ കഴിഞ്ഞാണ് മനസ്സിൽ കടന്നുകൂടിയത്.

ആളുകളുടെ പരിഹാസങ്ങളും ശരീരത്തെക്കുറിച്ച് സ്വയം തോന്നുന്ന അവമതിപ്പും മുന്നോട്ടുള്ള യാത്രയിൽ തടസ്സമാകാൻ പാടില്ല എന്ന് സ്വയം പറഞ്ഞു പഠിപ്പിച്ചു. അങ്ങനെ പൊതുയിടങ്ങളിലേക്ക് ഇറങ്ങാൻ മനസ്സിൽ മടി തോന്നുമ്പോഴും അത് പുറമേ കാണിക്കാതെ സധൈര്യം വെളിച്ചത്തിലേക്ക് എത്തിത്തുടങ്ങി. താൻ എങ്ങനെയാണോ ആ അവസ്ഥയെ അംഗീകരിക്കാനും സ്നേഹിക്കാനും തുടങ്ങിയ നാളുകളായിരുന്നു അതെന്ന് വിദ്യ പറയുന്നു. സ്വയം തോന്നിയ അവജ്ഞയെ പതുക്കെ ആത്മവിശ്വാസം കീഴ്പ്പെടുത്തി. അത് കരിയറിലും പ്രകടമായപ്പോഴാണ് തിരഞ്ഞെടുത്ത വഴി കൃത്യമായിരുന്നു എന്ന് മനസ്സിലാക്കിയത്.

vidya-sp3
Image Credit:balanvidya/ Instagram
vidya-sp3
Image Credit:balanvidya/ Instagram

അയഥാർഥമായ കുറേയധികം സൗന്ദര്യ സ്റ്റാൻഡേർഡുകൾ ഇന്ന് എങ്ങനെയോ സമൂഹത്തിൽ കടന്നുകൂടിയിട്ടുണ്ട്. അതിനൊപ്പം സമൂഹമാധ്യമങ്ങളുടെ വിചാരണ കൂടിയാകുമ്പോൾ കാഴ്ചയിൽ പെർഫെക്റ്റായിരിക്കുക എന്നത് ഏതൊരു വ്യക്തിയുടെയും അടിസ്ഥാന ആവശ്യമായി മാറുന്നു. സമൂഹത്തിന്റെ ഈ കാഴ്ചപ്പാടുകൾക്ക് വിപരീതമായ ശാരീരിക ഘടകങ്ങൾ മറച്ചുവച്ചുകൊണ്ട് ജീവിക്കാൻ ശ്രമിക്കുന്നവരാണ് ഏറിയപങ്കും. തന്റെ കാര്യത്തിൽ എപ്പോഴും ഇടതുഭാഗത്തുനിന്ന് എടുക്കുന്ന ചിത്രങ്ങൾക്കാണ് ഭംഗി എന്ന് വിദ്യ കരുതിയിരുന്നു. എന്നാൽ സ്വന്തം ശരീരത്തിലെ ഒരു ഭാഗത്തെ ഇഷ്ടപ്പെടുകയും അതേസമയം മറുഭാഗത്തെ വെറുക്കുകയും ചെയ്യുന്നതിലെ വൈരുധ്യം വൈകിയാണ് മനസ്സിലാക്കിയത്. ശരീര സൗന്ദര്യം മറ്റുള്ളവരുടെ കണ്ണുകൾക്കു പാകമാകുന്ന രീതിയിൽ ഒരുക്കിയെടുക്കാൻ കിണഞ്ഞ് പരിശ്രമിച്ചതിനു ശേഷം എല്ലാ കുറവുകളോടും കൂടി സ്വയം അംഗീകരിക്കുക എന്നതിലേക്കു ചുവടു വച്ചതോടെ ആത്മസൗന്ദര്യത്തിന്റെ തെളിച്ചത്താൽ കൂടുതൽ ഭംഗിയായി ഓരോ ചിത്രത്തിനും പോസ് ചെയ്യാനും വിദ്യക്കു സാധിച്ചു.

vidya-sp1
Image Credit:balanvidya/ Instagram
vidya-sp1
Image Credit:balanvidya/ Instagram

ഓരോ ദിവസം പിന്നിടുമ്പോഴും സ്വയം കൂടുതൽ സ്നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യുക എന്നതായിരുന്നു വിദ്യയുടെ വിജയമന്ത്രം. അത്തരത്തിൽ സ്വയം അംഗീകരിച്ചു തുടങ്ങിയതോടെ തനിക്ക് ചുറ്റുമുള്ളവരും അതേ നിലയിൽ തന്നെ അംഗീകരിക്കാൻ തയാറായി എന്നതാണ് വിദ്യയെ അമ്പരപ്പിച്ച വസ്തുത. മറ്റുള്ളവരുടെ ഇഷ്ടങ്ങൾക്കൊത്ത് സ്വന്തം ശരീരത്തെ അളന്നു തുടങ്ങിയാൽ ആ വെറുപ്പിന് ഒരിക്കലും അവസാനം ഉണ്ടാകില്ല. എന്നാൽ നമ്മുടെ ജീവൻ നിലനിർത്തുന്നത് ഈ ശരീരമാണന്നും അതിനെ സ്നേഹിക്കാൻ ഒരാളെങ്കിലും ഉണ്ടാകണമെന്നും തിരിച്ചറിയണം. എന്റെ ശരീരം എങ്ങനെയായാലും ഞാൻ അതിനെ സ്നേഹിക്കുന്നു ഇന്ന് ഉറച്ചു പറഞ്ഞു തുടങ്ങിയാൽ അതിനോളം മനോഹരമായ മറ്റൊന്നും ഉണ്ടാകില്ല എന്നതാണ് വിദ്യയുടെ ഇന്നത്തെ കാഴ്ചപ്പാട്.

vidya-sp2
Image Credit:balanvidya/ Instagram
vidya-sp2
Image Credit:balanvidya/ Instagram

കൃത്യമായ വ്യായാമം ഇല്ലാത്തതാണ് ശരീരഭാരം വർധിക്കുന്നതിനു കാരണം എന്ന് പൊതുധാരണയുണ്ട്. എന്നാൽ വൈകാരിക സംഘർഷങ്ങളും സമ്മർദങ്ങളും വരെ ശരീരഭാരം വർധിക്കുന്നതിനു കാരണമാകും. തന്റെ ശരീര ഭാരത്തിന് പിന്നിലെ കാരണം കൊഴുപ്പല്ലെന്നും ഇത്തരം സമ്മർദം മൂലമുണ്ടായ വീക്കമാണെന്നും ഒരു ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹായത്തോടെയാണ് വിദ്യ മനസ്സിലാക്കിയത്. സമ്മർദം കുറച്ച് മുന്നോട്ടു പോയതോടെ ഈ പ്രശ്നങ്ങളെയെല്ലാം അതിജീവിക്കാനായി. ശരീരഭാരം കുറഞ്ഞതിന് തൊട്ടുപിന്നാലെ ഇന്നോളം കിട്ടിയിട്ടില്ലാത്ത പല വേഷങ്ങളും തേടിയെത്തിയതായും താരം വെളിപ്പെടുത്തുന്നുണ്ട്.

vidya-sp6
Image Credit:balanvidya/ Instagram
vidya-sp6
Image Credit:balanvidya/ Instagram

എന്നാൽ ശരീരം ഒരിക്കലും ഒരു പരിമിതിയാണെന്ന് വിദ്യ കരുതുന്നില്ല. ശരീരഭാരം കുറച്ചതിനെക്കുറിച്ച് പല കോണുകളിൽ നിന്നും അനുകൂല അഭിപ്രായങ്ങൾ ഉയരുമ്പോഴും പണ്ടൊരിക്കൽ സംവിധായക സോയ അക്തർ പറഞ്ഞ ഒരു കമന്റാണ് ഇന്നും താരം ഹൃദയത്തോട് ചേർത്തു സൂക്ഷിക്കുന്നത്. ‘ശരീരഭാരം ഏറിയ കാലത്താണ് വിദ്യ ഏറ്റവും സെക്സിയസ്റ്റായത്’ എന്നായിരുന്നു സോയ അക്തറിന്റെ അഭിനന്ദനം. ഈ കാഴ്ചപ്പാടുകൾ മുറുകെ പിടിച്ച് തന്റേതായ രീതിയിൽ സൗന്ദര്യത്തെ പുനർനിർവചിച്ച് സമൂഹത്തിന്റെ തെറ്റായ വിധിയെഴുത്തുകളെ തിരുത്തി എഴുതുകയാണ് വിദ്യ.

English Summary:

Vidya Balan's journey of overcoming body shaming

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com