ADVERTISEMENT

സാധാരണ ദാമ്പത്യ ജീവിതം നയിച്ചിരുന്ന കുടുംബിനിയായിരുന്നു സാക്കിറ ഷെയ്ഖ്. ഒരു ദിവസം ഭർത്താവ് അവളുടെ മുഖത്ത് ആസിഡ് ഒഴിച്ചു. മുഖം മുഴുവൻ പൊള്ളി. ഒരു ചെവിയും കണ്ണും എന്നെന്നേക്കുമായി നഷ്ടമായി. ഭർത്താവിനെയും കുടുംബത്തേയും സഹായിക്കാനായി ജോലിക്കു പോകാമെന്ന് തീരുമാനമാനിച്ചതായിരുന്നു സാക്കിറ ചെയ്ത തെറ്റ്. അതെ ഭാര്യ ജോലിക്ക് പോകുന്നത് തനിക്ക് അപമാനം ആണെന്ന് കണ്ടെത്തിയ ഭർത്താവിന്റെ ക്രൂരത ഒരു സ്ത്രീയ്ക്ക് നഷ്ടപ്പെടുത്തിയത് അവളുടെ മുഖം മാത്രമല്ല പിന്നീടങ്ങോട്ട് ജീവിക്കാനുള്ള പ്രതീക്ഷയും കൂടിയായിരുന്നു. 

വിവാഹിതയാകുമ്പോൾ 17 വയസ്സായിരുന്നു സാക്കിറയ്ക്ക്.  ജീവിതത്തിൽ ഏറ്റവും കൂടുതൽ ഖേദിക്കുന്ന ദിവസം ഏതെന്ന് ചോദിച്ചാൽ വിവാഹിതയായ ദിവസമാണെന്നു പറയും സാക്കിറ. വിവാഹം കഴിഞ്ഞ ആദ്യനാളുകൾ മുതൽ  ഭർത്താവ് അവരെ മർദിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നുന്നു. വീട്ടുകാരോടു പരാതി പറയുമ്പോൾ ‘എല്ലാ ആണുങ്ങളും ഇങ്ങനെയാണ്, അഡ്ജസ്റ്റ് ചെയ്യണം’ എന്നൊക്കെ പറഞ്ഞു. ഒൻപതു വർഷം സാക്കിറ ഇതു കേട്ടു. രണ്ടു പെൺകുട്ടികളാണ് സാക്കിറയ്ക്ക്. ഭർത്താവിന്റെ ആദ്യകാല പീഡനങ്ങൾ എല്ലാം ആൺകുഞ്ഞിനെ വേണമെന്ന് പറഞ്ഞായിരുന്നു. പിറന്നുവീഴുന്ന കുഞ്ഞിന്റെ ലിംഗം തീരുമാനിക്കുന്നത് താനാണോ എന്ന് സാക്കിറ ചോദിക്കുന്നു. 

sakira-sp1
ആസിഡ് ആക്രമണത്തിനിരയാകുന്നതിനു മുൻപ് സാക്കിറ
sakira-sp1
ആസിഡ് ആക്രമണത്തിനിരയാകുന്നതിനു മുൻപ് സാക്കിറ

പെൺകുട്ടികൾ ആയതുകൊണ്ട് തന്നെ അവരുടെ വിദ്യാഭ്യാസവും മറ്റു കാര്യങ്ങളും ഒന്നും ഭർത്താവ് അന്വേഷിക്കാറില്ലെന്നും ചെലവിന് പോലും തരാറില്ലെന്നും സാക്കിറ പറയുന്നു. ഇത് തുടർന്നപ്പോൾ എന്തെങ്കിലും ചെയ്യണമെന്ന് കരുതിയാണ് പാർട്ട് ടൈം ആയി അടുത്തുള്ള സോപ്പ് നിർമാണ കമ്പനിയിൽ ജോലിക്കു പോകാമെന്ന് സാക്കിറ തീരുമാനിക്കുന്നത്. എന്നാൽ സാക്കിറയുടെ ഈ തീരുമാനം ഭർത്താവിനെ ചൊടിപ്പിച്ചു. തന്നെ അപമാനിക്കാനാണ് സാക്കിറ ജോലിക്കു പോകുന്നതെന്നായിരുന്നു ഭർത്താവിന്റെ പക്ഷം. മാത്രമല്ല സാക്കിറയ്ക്ക് അവിഹിതബന്ധം ഉണ്ടെന്നും അയാൾ ആരോപിച്ചു. പലപ്പോഴും ആസിഡ് ഒഴിക്കുമെന്നുള്ള ഭീഷണിയും ഉയർത്തിയിരുന്നു. എങ്കിലും തന്റെ മക്കളെ ചൊല്ലി സാക്കിറ ജോലിക്കു പോകാൻ തുടങ്ങി. ഭർത്താവാകട്ടെ ഓട്ടോറിക്ഷ ഡ്രൈവർ ആയിരുന്നു. പലപ്പോഴും ജോലിക്കു പോകാതെ എവിടെയെങ്കിലും അലഞ്ഞുതിരിഞ്ഞ് വല്ലപ്പോഴുമാണ് വീട്ടിൽ എത്തുന്നത്. 

എന്നാൽ പെട്ടെന്നൊരു ദിവസം അവരുടെ ജീവിതം മാറിമറിഞ്ഞു. ഉറങ്ങിക്കിടക്കുകയായിരുന്ന സാക്കിറയുടെ മുഖത്തേക്ക് ഭർത്താവ് ആസിഡ് ഒഴിച്ചു. എന്തോ പൊള്ളുന്നത് മുഖത്തു വീണു എന്നു മാത്രമേ സാക്കിറയ്ക്ക് ഓർമയുള്ളൂ. അസഹ്യമായ വേദന കൊണ്ട് കരഞ്ഞ അവരെ സഹായിക്കാൻ ആരെയും അനുവദിക്കാതെ ഭർത്താവ് മുറിയിൽ പൂട്ടിയിട്ടു. 

sakira-sp2
ആസിഡ് ആക്രമണത്തിനു ശേഷം സാക്കിറ
sakira-sp2
ആസിഡ് ആക്രമണത്തിനു ശേഷം സാക്കിറ

ജീവനുള്ള ഒരു ശവശരീരം പോലെ നാലുമാസം ആശുപത്രിയിൽ കിടന്നു. ഭക്ഷണം കഴിക്കാനോ സംസാരിക്കാനോ കണ്ണ് തുറക്കാനോ കഴിഞ്ഞില്ല. ആക്രമിക്കപ്പെടുമ്പോൾ ഉറങ്ങുകയായിരുന്ന സാക്കിറ ആസിഡ് വീണപ്പോൾ ഞെട്ടലോടെ കണ്ണുതുറന്നു. അങ്ങനെ കണ്ണിൽ ആസിഡ് വീഴുകയും ഒരു കണ്ണും ചെവിയും പൂർണമായും നഷ്ടപ്പെടുകയും ചെയ്തു. 

നീ സ്വയം ജീവിച്ചു കാണിക്കൂ എന്ന് പറഞ്ഞു കൊണ്ടായിരുന്നു ഭർത്താവ് യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ചത്. ആശുപത്രിവാസം കഴിഞ്ഞ് മടങ്ങിയെത്തിയ സാക്കിറയെ സ്വീകരിച്ചത് ബന്ധുക്കളുടെയും ഉറ്റവരുടെയും അവഗണന. മാതാപിതാക്കൾ പോലും സഹായത്തിനില്ലാതെ, നൊന്തു പെറ്റ കുഞ്ഞുങ്ങൾ പോലും അടുത്തു വരാൻ ഭയപ്പെട്ട കാലം. പക്ഷേ വേദനയുടെയും അവഗണനയുടെയും ഇടയിൽ ഒരിക്കലും സ്വയം ഒടുങ്ങാൻ അവർ തയാറായില്ല.  പെൺമക്കളാണ്, തനിക്കു സംഭവിച്ചതുപോലെ അവർക്കു സംഭവിക്കാതിരിക്കാൻ താൻ ജീവിക്കണമെന്ന് സാക്കിറ തീരുമാനിച്ചു. 

അങ്ങനെയാണ് മേക്കപ്പ് ആർട്ടിസ്റ്റാകാൻ സാക്കിറ തീരുമാനിച്ചത്.  സ്വന്തം മുഖത്ത് തന്നെ മേക്കപ്പിട്ട് സമൂഹമാധ്യമത്തിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തു. പലരും കളിയാക്കലുകളുമായി രംഗത്തെത്തി. പക്ഷേ, മുന്നോട്ട് വെച്ച കാൽ പിന്നോട്ട് വയ്ക്കാൻ അവർ തയാറായില്ല. പ്രൊഫഷണലായി തന്നെ മേക്കപ്പ് പഠിച്ചെടുത്തു. ആദ്യമൊക്കെ ആളുകൾ തന്റെ അടുത്ത് വരാൻ മടിച്ചിരുന്നതായി സാക്കിറ പറയുന്നു. ഇതിനിടെ ചില എൻജിഒകളുടെ സഹായത്തോടുകൂടി മുഖത്ത് പ്രധാനപ്പെട്ട സർജറികൾ നടത്തി. പതിയെ പതിയെ കൈവിട്ടുപോയ ജീവിതം രണ്ട് പെൺമക്കൾക്കൊപ്പം അവർ തിരിച്ചു പിടിച്ചു. ഇന്ന് അറിയപ്പെടുന്ന ഒരു മേക്കപ്പ് ആർട്ടിസ്റ്റാണ് സാക്കിറ. പല പ്രമുഖ ഫാഷൻ ഷോകളുടെയും ഭാഗമായി. 

ആസിഡ് ആക്രമണത്തിനിരയായ യുവതിയുടെ കഥ പറഞ്ഞ ദീപിക പദുക്കോൺ ചിത്രം ഇറങ്ങിയതോടുകൂടിയാണ് ആളുകൾക്ക് തന്നോടുള്ള സമീപനം മാറിയതെന്നും സാക്കിറ കൂട്ടിച്ചേർത്തു. ‘‘ഞാൻ മുഖത്ത് മേക്കപ്പ്  ഇട്ട് നല്ല വസ്ത്രം ധരിച്ച് ചിത്രങ്ങൾ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തപ്പോൾ ആദ്യം കളിയാക്കിയിരുന്നവർ പോലും പിന്നീട് അഭിനന്ദനങ്ങളുമായി എത്തി. തോറ്റുപോകരുത് എന്നതാണ് എനിക്ക് അതിൽ നിന്നും ലഭിച്ച സന്ദേശം. ജീവിതത്തിൽ നിന്ന് ഞാൻ പഠിച്ചത്, ആളുകൾ സ്വയം സ്നേഹിക്കുകയും അഭിനന്ദിക്കുകയും ചെയ്യുമ്പോൾ മാത്രമേ അവർക്ക് സന്തോഷിക്കാൻ കഴിയൂ എന്നതാണ്. ഇങ്ങനെ വികൃതമായ മുഖവുമായി ജീവിക്കുന്നതിന് പകരം മരിച്ചൂടെ എന്ന് ചോദിച്ചവരോട് കൂടിയാണ് എനിക്ക് പറയാനുള്ളത് മരണമല്ല ഒന്നിനും പരിഹാരം.  ഞാൻ അതിജീവിച്ചുവെങ്കിൽ നിങ്ങൾ ഓരോരുത്തർക്കും അതിജീവിക്കാനാകും.’’– സാക്കിറയുടെ വാക്കുകൾ. 

English Summary:

Sakira: From Acid Attack Victim to Celebrated Makeup Artist

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com