അണിഞ്ഞൊരുങ്ങിയ ‘പൂച്ച’, കാല് നിറയുന്ന ഷൂസ്; കട്ടൗട്ട് മുതൽ ഉർഫിയുടെ പരീക്ഷണം വരെ, 2023ലെ ഫാഷൻ ട്രെൻഡുകൾ
Mail This Article
ഫാഷൻ ലോകം നിരന്തരം മാറ്റങ്ങൾക്ക് വിധേയമാകുന്ന ഒന്നാണ്. ഓരോ വർഷവും ഫാഷൻ രംഗത്തെ ശൈലികളും താത്പര്യങ്ങളും മാറിക്കൊണ്ടേയിരിക്കും. 2023ഉം ഇതിൽ നിന്നും വ്യത്യസ്തമായിരുന്നില്ല. 2023-ന് തിരശ്ശീല വീഴുമ്പോൾ ഈ വർഷം ഫാഷൻ രംഗത്ത് ശ്രദ്ധ പിടിച്ചു പറ്റിയ ട്രെൻഡുകൾ ഏതൊക്കെയായിരുന്നുവെന്നു നോക്കാം.
ബക്കറ്റ് ബാഗ്സ്
ബോക്സി ഹാൻഡ് ബാഗുകൾക്ക് പകരമായി ഈ വർഷം സെലിബ്രിറ്റികളുടെ അടക്കം ഇഷ്ടം നേടിയവയാണ് ബക്കറ്റ് ബാഗുകൾ. സാധാരണ ഫ്ലാറ്റ് ഹാൻഡ് ബാഗുകളിൽ നിന്നും വ്യത്യസ്തമായി സിലിണ്ടർ ആകൃതിയിൽ ആഴത്തിലുള്ള ഉൾഭാഗത്തോടു കൂടിയവയാണ് ബക്കറ്റ് ബാഗുകൾ. ആഗോളതലത്തിൽ നടത്തപ്പെടുന്ന വമ്പൻ ഇവന്റുകളിൽ വരെ സെലിബ്രിറ്റികൾ ബോൾഡ് ആക്സസറിയായി ബക്കറ്റ് ബാഗുകൾ തിരഞ്ഞെടുത്തിരുന്നു. കൂട്ടത്തിൽ ഏറ്റവും ശ്രദ്ധ പിടിച്ചുപറ്റിയത് ബോളിവുഡ് താരം അനന്യ പാണ്ഡെയുടെ ഗോൾഡൻ ബാൾട്ടി ബാഗാണ്. കാഴ്ചയിൽ വ്യത്യസ്തവും സ്റ്റൈലിഷുമാണെന്നതാണ് ഇവയുടെ പ്രത്യേകത.
ഡെനിം ഓൺ ഡെനിം
ടോപ്പിലും ബോട്ടത്തിലും ഡെനിം ഉപയോഗിക്കുന്ന ഡബിൾ ഡെനിം ട്രെൻഡ് 2000ലാണ് ഫാഷൻ വിപ്ലവമായി മാറിയത്. ആ ട്രെൻഡിന് ഉയർത്തെഴുന്നേൽപ്പ് കിട്ടിയ വർഷമായിരുന്നു 2023. മുൻനിര ഫാഷൻ ബ്രാൻഡുകളായ വെർസാച്ചെ, ഡിസ്ക്വയേർഡ് 2, സ്റ്റെല്ല മക്കാർട്ട്നി തുടങ്ങിയവയെല്ലാം ഈ ഡെനിം സ്റ്റൈലിന്റെ വിപുലമായ ശേഖരമാണ് ഈ വർഷം പുറത്തെത്തിച്ചത്. ഫാഷൻ ഐക്കൺ സോനം കപൂർ അടക്കം സ്റ്റൈലിഷ് ലുക്കിനായി ഡെനിം ഓൺ ഡെനിം തിരഞ്ഞെടുത്തിരുന്നു.
സീ ത്രൂ
സീ ത്രൂ വസ്ത്രങ്ങൾക്കും ഈ വർഷം ഏറെ സ്വീകാര്യത ലഭിച്ചു. പൂർണ്ണമായും സുതാര്യമായതു മുതൽ അർഥസുതാര്യമായവരെ ഫാഷൻ ട്രെൻഡിൽ ഇടം പിടിച്ചിരുന്നു. റെഡ് കാർപെറ്റിലും ഈ ട്രെൻഡ് പ്രകടമായി. റിഹാന, പ്രിയങ്ക ചോപ്ര തുടങ്ങിയ സെലിബ്രിറ്റികൾ എല്ലാം സീ ത്രൂ വസ്ത്രങ്ങൾ തിരഞ്ഞെടുത്തിരുന്നു. ഓർഗാൻസയിലും ട്യൂളിലുമുള്ള സീ ത്രൂ വസ്ത്രങ്ങളാണ് ഏറ്റവും അധികം ശ്രദ്ധ നേടിയത്.
ഫോൺ കവർ
സ്മാർട്ട് ഫോണുകൾ വിപണി പിടിച്ചടക്കിയ കാലം മുതൽ അവയ്ക്ക് യോജിച്ച പലതരം കവറുകളും പുറത്തിറങ്ങുന്നുണ്ട്. 2023 ലാകട്ടെ ഫോൺ കവറുകൾ ഫാഷൻ സ്റ്റേറ്റ്മെന്റായി തന്നെ മാറി. ഗായകനും ഗാനരചയിതാവും ഫാഷൻ ഡിസൈനറുമൊക്കെയായ ഓറിയുടെ ഫോൺ കേസുകൾ ആയിരുന്നു ട്രെൻഡ്സെറ്റർ. അദ്ദേഹത്തിന്റെ ക്രാബ് ഓൺ എ പ്ലേറ്റ്, ത്രീഡി പീൽഡ് ബനാന തുടങ്ങിയ ഫോൺ കേസുകൾ അസാധാരണ ലുക്കുകളെ തികച്ചും സാധാരണമാക്കി മാറ്റി.
വലിയ ഷൂസ്
വ്യത്യസ്തമായ ഡിസൈനുകൾക്ക് പേരുകേട്ട ബ്രൂക്ലിൻ ആസ്ഥാനമായുള്ള ആർട്ട് കൂട്ടായ്‌മയായ മിസ്ചീഫ് (MSCHF) ഐക്കണിക് ഫുട്‌വെയർ ബ്രാൻഡായ ക്രോക്സുമായി സഹകരിച്ച് പുറത്തിറക്കിയ ബിഗ് യെല്ലോ ബൂട്ട്സ് ആയിരുന്നു ഫാഷൻ ലോകത്ത് ശ്രദ്ധനേടിയ മറ്റൊന്ന്. കാർട്ടൂൺ ലുക്ക് നൽകുന്ന ഈ ബൂട്ട്സ് മുൻനിര സെലിബ്രിറ്റികൾക്കിടയിൽ പോലും സ്വീകാര്യത നേടി.
കട്ട് ഔട്ടുകൾ
ഏതാണ്ട് ഒരു പതിറ്റാണ്ടു മുൻപ് നിലവിൽ വന്ന കട്ട് ഔട്ട് ഫാഷനും 2023 ന്റെ ട്രെൻഡിൽ ഇടം നേടിയിരുന്നു. കിയാര അദ്വാനി, ജാൻവി കപൂർ, മലൈക അറോറ തുടങ്ങിയ താരങ്ങളെല്ലാം അവിടവിടെയായി കട്ടിങ്ങുകളുള്ള വസ്ത്രങ്ങളിൽ ബോൾഡ് ലുക്കിൽ എത്തി. ഒറ്റ നിറത്തിലുള്ള കട്ട് ഔട്ടുകൾക്കായിരുന്നു ഡിമാൻഡ്.
പൂച്ച സ്റ്റൈൽ
ഫാഷൻ സങ്കൽപങ്ങൾ ഒരുപടി കൂടി കടന്ന് ഏതാണ്ട് പ്രച്ഛന്ന വേഷം പോലെയാകുന്ന കാഴ്ചയ്ക്കും 2023 സാക്ഷ്യം വഹിച്ചിരുന്നു. ഏറ്റവും വലിയ ഫാഷൻ മേളയായ മെറ്റ് ഗാലയിൽ കാൾ ലാഗർഫെൽഡിന്റെ കരിയർ ആഘോഷമാക്കിയതോടെയാണ് പൂച്ച വേഷം ഫാഷൻ ലുക്ക് ആയത്. അദ്ദേഹത്തിന്റെ പിയപ്പെട്ട വളർത്തു പൂച്ചയായ ചൗപ്പെറ്റിനുള്ള ആദരമായി റാപ്പറായ ഡോജ ക്യാറ്റ് മുതൽ നടനും ഗായകനുമായ ജാരെഡ് ലെറ്റോ വരെ വ്യത്യസ്ത തരത്തിലുള്ള ക്യാറ്റ് ലുക്കിൽ എത്തി. പൂച്ചകളെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള വസ്ത്രവും മേക്കപ്പുമാണ് ഡോജ ക്യാറ്റ് തിരഞ്ഞെടുത്തതെങ്കിൽ ക്യാറ്റ് സൂട്ടിൽ പൂർണ്ണമായും പൂച്ചയായി രൂപം മാറിയായിരുന്നു ജാരെഡ് ലെറ്റോയുടെ രംഗപ്രവേശം.
ഉർഫി ജാവേദിന്റെ സ്റ്റൈലുകൾ
എപ്പോഴത്തെപോലെയും പോയവർഷവും വ്യത്യസ്തമായ ഫാഷൻ സ്റ്റേറ്റുമെന്റുകൾ കൊണ്ട് ഉർഫി ഞെട്ടിച്ചു. വ്യത്യസ്തതയ്ക്ക് വേണ്ടി ഉർഫി പല തരത്തിലുള്ള സ്റ്റൈലുകളിലാണ് ആരാധകർക്ക് മുന്നിലെത്തിയത്. ലെയ്സ്, ടീ ബാഗ്, പിസ തുടങ്ങി ഭക്ഷണ സാധനങ്ങളിൽ പോലും ഉർഫി പുതുമ കണ്ടെത്തി. നേക്കഡ് വസ്ത്രവും മുഖം മുഴുവൻ മൂടിയുള്ള വസ്ത്രങ്ങളും ബാഗ് വസ്ത്രവുമെല്ലാം ഇത്തവണ ഉർഫി പരീക്ഷിച്ചു.