വസ്ത്രം നമ്മുടെ ഇഷ്ടം, മറ്റുള്ളവരല്ല അത് വിലയിരുത്തേണ്ടത്; റിയല് ലൈഫിലാണ് മേക്കപ്പ് ആവശ്യം: അദിതി രവി
Mail This Article
മോഡലിങ്ങിലൂടെ വന്ന് മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവനിര നായികമാരിൽ ഒരാളാണ് അദിതി രവി. അധികം മേക്കപ്പുകൾ ഇല്ലാതെ തന്നെ ഒരു സാധാ കോട്ടൻ സാരിയിൽ പോലും അതിസുന്ദരിയായിരിക്കും അദിതി. സാരി ഉടുക്കാൻ ഇഷ്ടപ്പെടുന്ന, കണ്ണെഴുതി പൊട്ടുതൊട്ട് എപ്പോഴും സുന്ദരിയാക്കി നടക്കാൻ ഇഷ്ടപ്പെടുന്നയാളാണ് അദിതി. മനോരമ ഓൺലൈനിനോട് താരം വിശേഷങ്ങൾ പങ്കുവെക്കുന്നു.
മറ്റുള്ളവരല്ല നമ്മളാണ് വിലയിരുത്തേണ്ടത്
വസ്ത്രത്തിന്റെ പേരിലാണ് ഇന്ന് പലപ്പോഴും താരങ്ങൾ വിമർശിക്കപ്പെടാറുള്ളത്. തനിക്ക് പക്ഷേ ഇന്നുവരെ അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല എന്ന് അദിതി രവി പറയുന്നു. ഒരാൾ എന്തു ധരിക്കണം എന്ന് തീരുമാനിക്കുന്നത് അയാളാണെന്നും മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് ഓർക്കേണ്ട ആവശ്യമില്ലെന്നും അദിതി അഭിപ്രായപ്പെടുന്നു. ‘എനിക്ക് എന്ത് തോന്നുന്നു എന്നുള്ളതിലാണ് കാര്യം. മറ്റുള്ളവർക്ക് എങ്ങനെ തോന്നും എന്ന് നമ്മൾ ചിന്തിക്കേണ്ട ആവശ്യമില്ല. എന്ത് വസ്ത്രം ധരിക്കണം എങ്ങനെ ധരിക്കണം എന്നൊക്കെയുള്ളത് ഓരോരുത്തരുടെയും സ്വാതന്ത്ര്യവും ഇഷ്ടവും അവകാശവുമാണ്. അതിൽ മറ്റുള്ളവർക്ക് യാതൊരുവിധ റോളും ഇല്ല എന്ന് കരുതുന്ന ആളാണ് ഞാൻ. നമുക്ക് കംഫർട്ടബിൾ ആണോ, നമ്മൾ ധരിക്കുമ്പോൾ മോശമല്ല എന്ന് സ്വയം തോന്നുന്നുണ്ടോ? എങ്കിൽ ഏതു വസ്ത്രവും ധരിക്കാം’.
സാരിയിൽ ഏതു സ്ത്രീയും സുന്ദരിയാണ്
ഏതു സ്ത്രീ സാരി ഉടുത്താലും സുന്ദരിയാകും എന്നാണ് അദിതിയുടെ പക്ഷം. സാരി അത്ര സുന്ദരമായ ഒരു വസ്ത്രമാണ്. ‘എനിക്ക് ചെറുപ്പം മുതൽ സാരിയോട് വല്ലാത്തൊരു ഇഷ്ടമാണ്. അമ്മയുടെ സാരിയുടുത്ത് കുഞ്ഞു നാളുകളിൽ ടീച്ചറായും ടിവിയിൽ കാണുന്നതുപോലെയും ഒക്കെ അഭിനയിക്കാനും ഭയങ്കര ഇഷ്ടമായിരുന്നു. വലുതായപ്പോൾ ആ ഇഷ്ടം വളർന്നു. എനിക്ക് കംഫർട്ടബിൾ എന്ന് തോന്നുന്ന ഏതു വസ്ത്രവും ധരിക്കാറുണ്ട്. ഒരു വസ്ത്രം ഇടുമ്പോൾ ഇത് എനിക്ക് ചേരും എന്ന് തോന്നിയാൽ അതാണ് എന്റെ കംഫർട്ട്. നമുക്ക് ചേരാത്തത് ധരിച്ചാൽ അത് വല്ലാത്തൊരു അസ്വസ്ഥതയാണ്. ഇപ്പോൾ ഫോട്ടോഷോട്ടുകളുടെ കാലമാണല്ലോ. അപ്പോൾ അതിന് ചേരുന്ന രീതിയിലുള്ള വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കാറുണ്ട്. എനിക്ക് ചേരുന്നു എന്ന് തോന്നുന്ന ഡ്രസ്സുകൾ മാത്രമാണ് ഞാൻ ഉപയോഗിക്കാറുള്ളൂ’. അദിതി പറഞ്ഞു.
സിമ്പിൾ ബ്യൂട്ടി സീക്രട്ട്
തനിക്ക് അങ്ങനെ എടുത്തു പറയത്തക്ക ബ്യൂട്ടി സീക്രട്ടുകൾ ഒന്നും തന്നെ ഇല്ല എന്ന് അദിതി പറയുന്നു. ‘മുഖ സംരക്ഷണത്തിനായി ഡോക്ടറെ സ്ഥിരമായി കാണാറുണ്ട്. പുറത്തുപോകുമ്പോൾ സൺസ്ക്രീനും പ്രൈമറും മാത്രമാണ് ഉപയോഗിക്കാറുള്ളത്. പിന്നെ പരിപാടികളൊക്കെ വരുമ്പോൾ മേക്കപ്പ് യൂസ് ചെയ്യും. ഫോട്ടോഷൂട്ടുകൾക്കും അതിന് ആവശ്യമായ മേക്കപ്പ് ഇടാറുണ്ട്. ശരിക്കും പറഞ്ഞാൽ ഇപ്പോൾ റിയൽ ലൈഫിലാണ് നമ്മൾ കൂടുതൽ മേക്കപ്പ് യൂസ് ചെയ്യുന്നത് എന്ന് തോന്നാറുണ്ട്. കാരണം സിനിമയിൽ പലപ്പോഴും മേക്കപ്പ് ഇല്ലാത്ത സ്കിന്നാണ് കഥാപാത്രത്തിനായി ആവശ്യപ്പെടുന്നത്. രണ്ടു സിനിമകളിൽ മേക്കപ്പില്ലാതെയാണ് അഭിനയിച്ചിട്ടുള്ളത്.
മേക്കപ്പ് ഇടുന്നത് ഒരു മോശം കാര്യം ഒന്നുമല്ല. ചെറുപ്പം മുതലേ കണ്ണെഴുതി പൊട്ടുതൊട്ട് നടക്കാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ. എന്നുവച്ച് അങ്ങനെ ഒത്തിരി മേക്കപ്പ് ഒന്നും ഉപയോഗിക്കാറില്ല അത്യാവശ്യം വേണ്ട ടച്ച് അപ്പ് മാത്രമാണ് താല്പര്യം. പലരും മുഖകാന്തി നിലനിർത്താൻ എന്തൊക്കെ ചെയ്യാറുണ്ട് എന്ന് ചോദിക്കാറുണ്ട്. നേരത്തെ പറഞ്ഞത് പോലെ ഒരു സ്കിൻ ഡോക്ടറെ കൺസൾട്ട് ചെയ്യുന്നുണ്ട് എന്നതൊഴിച്ചാൽ വലിയ കാര്യമായി ഒന്നും ചെയ്യാറില്ല.
എന്റേതായിട്ടുള്ള ഒരു ചെറിയ ഫെയ്സ് പാക്കുണ്ട്. തൈരും അല്പം കസ്തൂരി മഞ്ഞൾ പൊടിയും തേനും ചേർത്താണ് അത് ഉണ്ടാക്കുന്നത്. ഏതുതരം ചർമമുള്ളവർക്കും അനുയോജ്യമായ ഒരു പാക്കാണ്. ഇത് ദിവസേന ഉപയോഗിച്ചാലും കുഴപ്പമൊന്നുമില്ല. മുഖത്തിന് നല്ല പ്രസരിപ്പും നിറവും ലഭിക്കും. ഐസ് ക്യൂബുകൾ നിറച്ച പാത്രത്തിൽ മുഖം മുക്കി വെക്കുന്ന ഒരു ചെറിയ ശീലവുമുണ്ട്. അത് സത്യത്തിൽ നല്ല ഉണർവ് നൽകുന്ന കാര്യമാണ്’.