‘ഇന്ത്യയുടെ സംസ്കാരം നല്ലതാണ്, ഏറെ വൈവിധ്യമാണ്, ഈ നിമിഷത്തിൽ അഭിമാനം’: സ്റ്റൈലിഷായി ക്രിസ്റ്റീന
Mail This Article
ലോകം കാത്തിരുന്ന നിമിഷങ്ങൾ. ദിവസങ്ങൾ നീണ്ടു നിന്ന ആഘോഷത്തിന് അവസാനം. മുംബൈയിലെ വർണാഭമായ ചടങ്ങിൽ അഴകന്റിന്റെ ജോതാവായി ചെക്ക് സുന്ദരി ക്രിസ്റ്റീന ഫിസ്കോവ. ഇരുപത്തിയഞ്ചുകാരിയായ ലോക സുന്ദരി ബിരുദ വിദ്യാർഥിയാണ്.
ഏറെ സന്തോഷവും അഭിമാനവും തോന്നുന്ന നിമിഷമാണിതെന്നാണ് മത്സരത്തിന് ശേഷം ക്രിസ്റ്റീന ഫിസ്കോവ പറഞ്ഞത്. മിസ് വേള്‍ഡ് ഓർഗനൈസേഷന്റെ ഭാഗമാകാനും ബ്യൂട്ടി വിത്ത് പർപ്പസ് അംബാസിഡറാകാനും ലോകം മുഴുവൻ സഞ്ചരിക്കാനും എനിക്ക് കാത്തിരിക്കാനാവില്ലെന്നും ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഫിസ്കോവ പറഞ്ഞു.
കഴിഞ്ഞ ഒരു മാസമായി ഇന്ത്യയിലായിരുന്നതിന്റെ അനുഭവവും അവർ പങ്കുവച്ചു. ‘ഇന്ത്യ വളരെയധികം ഇഷ്ടപ്പെട്ടു. ഇവിടെയുള്ള എല്ലാവരും നല്ല സഹായമനസ്കതയുള്ളവരാണ്. സ്വന്തം വീട് എന്ന പ്രതീതിയാണ് തോന്നിയത്. സ്റ്റേജിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ അതെനിക്ക് സഹായകമായി. കൂടാതെ ഇന്ത്യയുടെ സംസ്കാരം ഏറെ നല്ലതാണ്. വൈവിധ്യമാർന്ന രാജ്യമാണ്. ഒരുപാട് കാര്യങ്ങൾ ഇവിടെ നിന്ന് പഠിക്കാനായി’. മിസ് വേള്‍ഡ് പറഞ്ഞു.
ലോകവേദിയിൽ കിരീടം നേടാനായി എത്തിയ ക്രിസ്റ്റിനയുടെ സ്റ്റൈലിഷ് ലുക്കും ഏവരുടെയും മനം കവർന്നു. ഒരു തായ് ഡിസൈനറുടെ ഗാർലേറ്റ് ഡിസൈൻ ഗൗണാണ് തിരഞ്ഞെടുത്തത്. പാസ്റ്റൽ സിൽവർ ലഹങ്കയിൽ ക്രിസ്റ്റലുകളുടെ തിളക്കം ലോകസുന്ദരിയെ കൂടുതൽ സ്റ്റൈലിഷാക്കി. ഒരു ഫെതർ ടൈപ്പ് കേപ്പും ധരിച്ചിരുന്നു. തായ് ഡിസൈനറോടൊപ്പം പ്രവർത്തിക്കാൻ ഇഷ്ടപ്പെട്ടിരുന്നെന്നും അവസാന ദിവസം ധരിക്കുന്ന വസ്ത്രം അദ്ദേഹം ഡിസൈൻ ചെയ്തതാകണമെന്ന് എനിക്ക് ഒരുപാട് ആഗ്രഹമുണ്ടായിരുന്നു എന്നും ക്രിസ്റ്റീന പറഞ്ഞു.
മത്സരത്തിൽ ബെസ്റ്റ് ഡിസൈനർ അവാർഡ് യൂറോപ്പും ക്രിസ്റ്റീനയ്ക്കായിരുന്നു. മിസ് ചെക്ക് റിപ്പബ്ലിക്കിന്റെ ഡിസൈനറും സ്റ്റൈലിസ്റ്റുമായ സാം ഡോക്കിളാണ് അന്നത്തെ വസ്ത്രം ഡിസൈന്‍ ചെയ്തത്. ബൊഹീമിയയിലെയും മൊറാവിയയിലെയും ഫോക്ക്‍ലോർ കൾച്ചറിൽ നിന്നുള്ള പ്രചോദനമുൾക്കൊണ്ടാണ് വസ്ത്രം ഡിസൈൻ ചെയ്തത്.
112 രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുത്ത മിസ് വേൾഡ് മത്സരത്തിൽ മിസ് ലെബനൻ ഫസ്റ്റ് റണ്ണറപ്പായി. ഇന്ത്യയുടെ സിനിഷെട്ടിക്ക് അവസാന നാലിൽ ഇടംപിടിക്കാനായില്ല. കൃതി സനോൻ, പൂജ ഹെഗ്ഡ, സാജിത് നദിയാദ്‍വാല, ഹർഭജൻ സിങ്, രജത് ശര്‍മ, അമൃത ഫഡ്നാവിസ്, വിനീത് ജെയിൻ, ജൂലിയ മോർലി സിബിഇ, ജാമിൽ സയ്ദി എന്നിവർ വിധികർത്താക്കളായിരുന്നു.
ജിയോകൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ പൂജ ഹെഗ്ഡെയും കൃതി സനോണുമെല്ലാം സ്റ്റൈലിഷ് ലുക്കിലാണ് എത്തിയത്. ലൈറ്റ് പച്ച നിറത്തിലുള്ള ഓഫ് ഷോൾഡർ ബോഡികോൺ ഔട്ട്ഫിറ്റാണ് കൃതി സ്റ്റൈൽ ചെയ്തത്. മജന്ത പിങ്ക് നിറത്തിലുള്ള ഗൗണാണ് പൂജ തിരഞ്ഞെടുത്തത്. ഷിമ്മറി ഗൗണിന് പ്ലൻജിങ് നെക്ക് ലൈനും ഫുൾ സ്ലീവുമാണ് നൽകിയത്.