പാന്റിനൊപ്പം ഏത് കളർ ഷർട്ട് ഇടുമെന്ന ടെൻഷൻ വേണ്ട; പുരുഷന്മാർക്കുള്ള 5 മികച്ച കോമ്പിനേഷനുകൾ
Mail This Article
അലമാരയിൽ ഷർട്ടും പാന്റും ആവശ്യത്തിലധികം ഉണ്ട് എന്നാൽ ഇത് എങ്ങനെ സ്റ്റൈൽ ചെയ്യണം എന്ന് മനസ്സിലാകുന്നില്ലേ? ഒട്ടും ഭയക്കേണ്ട പോംവഴിയുണ്ട്. ഒരാളുടെ ലുക്കിനെ തന്നെ മാറ്റി മറിക്കുന്നതാണ് അവരുടെ വസ്ത്രധാരണം. അതുകൊണ്ട് ഇക്കാലത്ത് പെൺകുട്ടികൾ മാത്രമല്ല ആൺകുട്ടികളും വസ്ത്രധാരണത്തിൽ നല്ല ശ്രദ്ധ ചെലുത്തണം. മിക്ക ആൺകുട്ടികളും നീല ജീൻസും, കറുത്ത പാന്റ്സും കൊണ്ട് മാത്രം പരീക്ഷണങ്ങൾ നടത്തുന്നവരാണ്. ഇതിനൊപ്പം പല നിറത്തിലുള്ള ഷർട്ടുകൾ മാറ്റി മാറ്റി ഇട്ടുകൊണ്ടിരിക്കും.എന്നാൽ ചെറിയ ചില മാറ്റങ്ങൾ കൊണ്ട് വന്നാൽ നിങ്ങളുടെ ലുക്ക് തന്നെ മാറുമെന്ന് ഉറപ്പ്. ഏവരെയും പെട്ടെന്ന് ആകർഷിക്കുന്ന നല്ല ക്ലാസി ലുക്ക് തരുന്ന ചില പാൻ്റ് & ഷർട്ട് കോമ്പിനേഷനുകൾ ഏതൊക്കെ ആണെന്ന് നോക്കാം.
കറുത്ത പാന്റും വെളുത്ത ഷർട്ടും
ആദ്യം നമുക്ക് ബേസിക്കിലേക്ക് തന്നെ പോകാം. എല്ലാവരുടെയും കയ്യിൽ ഉള്ള ഏറ്റവും സിംപിൾ ആയിട്ടുള്ള നിറമാണ് കറുപ്പും വെളുപ്പും. സ്കിൻ ഫിറ്റ് പാന്റും വെളുത്ത കോട്ടൺ ഷർട്ടോ അല്ലെങ്കിൽ നിലവിൽ ട്രെൻഡിങ് ആയ ട്രാൻസ്പെരന്റ് ഷീർ ഷർട്ടോ ആയി മാച്ച് ചെയ്താൽ ലുക്ക് മനോഹരമായിരിക്കും. കൂടുതൽ കാഷ്വൽ വൈബിനായി സ്ലീവ്‌സ് നിങ്ങൾക്ക് കൈമുട്ട് വരെ മടക്കി വെക്കാം. ആക്‌സസറികളായി ബ്ലാക്ക് ബെൽറ്റ്, മെറ്റൽ സ്‌ട്രാപ്പ് വാച്ചുകൾ എന്നിവ തിരഞ്ഞെടുക്കാം.
പച്ച ഷർട്ടും ഗ്രേ പാന്റ്സും
ലൈറ്റ് ഗ്രീൻ മുതൽ ഡാർക്ക് ഗ്രീൻ വരെ ഗ്രേ പാന്റിനൊപ്പം നന്നായി ചേരും. വേനൽക്കാലത്ത് നിങ്ങൾക്ക് തിരഞ്ഞെടുക്കാൻ പറ്റുന്ന ഏറ്റവും മികച്ച ഓപ്‌ഷനാണിത്. ജീൻസിന് പകരം കോട്ടൺ പാന്റ്സ് അല്ലെങ്കിൽ വൂൾ, ലിനൻ തുടങ്ങിയ പാന്റ്സ് ഇടുന്നതാവും കൂടുതൽ ഭംഗി. ഇത് നിങ്ങൾക്ക് ഒരു ക്ലാസി ലുക്ക് നൽകും. കൂടാതെ കോട്ടൺ പാന്റ്സ് ആണെങ്കിൽ ചൂടിൽ നിന്നും ഒരിത്തിരി ആശ്വാസം ലഭിക്കുകയും ചെയ്യും. അതുപോലെ തന്നെ നിങ്ങ ഇളം പച്ച നിറത്തിലുള്ള ഷർട്ടാണ് ധരിക്കാൻ പോകുന്നതെങ്കിൽ അതിനൊപ്പം ഇളം നിറമുള്ള പാന്റ്സുകൾ ഒഴിവാക്കുക, അത് നിങ്ങളുടെ മൊത്തം ലുക്ക് ഇരുണ്ടതാകും. അതിനാൽ ഡാർക്ക് ഗ്രേ പാന്റ്സ് ആവും കൂടുതൽ ഉചിതം. അതുപോലെ ഇരുണ്ട പച്ച ഷർട്ട് ആണെങ്കിൽ ലൈറ്റ് ഗ്രേ പാന്റ്സ് ആവും ചേരുക.
ബ്രൗൺ പാന്റ്സിനൊപ്പം ഓപ്‌ഷനുകൾ ഏറെ
നിങ്ങളുടെ കയ്യിൽ ഒരു ബ്രൗൺ പാന്റ് ഉണ്ടെങ്കിൽ അതിനൊപ്പം സ്റ്റൈൽ ചെയ്യാൻ നിറങ്ങൾ ഏറെയുണ്ട്. കറുപ്പ് തന്നെയാണ് ആദ്യത്തെ ചോയ്സ്. കൂടാതെ വെളുപ്പ്, റെഡ് വൈൻ, നേവി ബ്ലൂ തുടങ്ങി മിക്ക കളറുകളും ബ്രൗൺ പാന്റുമായി ചേർന്ന് പോകും. മറ്റൊരു പ്ലസ് എന്തെന്നാൽ ഇളം നിറങ്ങളും ഈ പാന്റുമായി നന്നായി യോജിച്ചു പോകും. ടക്ക് ഇൻ ചെയ്തോ, സ്ലീവ്‌സ് മടക്കി വച്ചോ, ഇവയുമായി യോജിക്കുന്ന ബെൽറ്റ് ധരിച്ചോ നിങ്ങളുടെ സ്റ്റൈൽ പൂർത്തിയാക്കാവുന്നതാണ്.
ബ്ലൂ ജീൻസ് മുഖ്യം
എല്ലാ പുരുഷന്മാരുടെയും കയ്യിൽ തീർച്ചയായും ഉണ്ടാവുന്ന ഒരു പാന്റാണ് ബ്ലൂ കളർ ജീൻസ്. ഈ ഒരു പാന്റ് മതി കയ്യിലുള്ള ഏത് ഷർട്ടിനും അത് മാച്ച് ആവും. എന്നാൽ എല്ലാത്തിനും ഒരു പടി മുമ്പിൽ നിൽക്കുന്ന ബ്ലൂ ജീൻസ് കോമ്പോ നമുക്ക് ഒന്ന് നോക്കിയാലോ? നീല ജീനിനൊപ്പം ഇത്തിരി ഡാർക്ക് നിറങ്ങളുള്ള ഷർട്ടുകൾ അല്ലെങ്കിൽ ലൈൻസ് ഉള്ള ഷർട്ടുകൾ മികച്ച കോമ്പിനേഷൻ ആയിരിക്കും. ജീൻസിനൊപ്പം ലൈറ്റ് ടീഷർട്ട് ധരിച്ച് അതിന് മുകളിൽ ഡാർക്ക് കളർ ഷർട്ട് ധരിക്കുന്നത് കൂടുതൽ സ്റ്റൈലിഷ് ലുക്ക് നൽകും.
ഡാർക്ക് ചെക്ക് പാന്റ്സ് & ലൈറ്റ് കളർ ഷർട്ട്
ഇരുണ്ട നിറമുള്ള ചെക്ക് പാന്റ്സിനൊപ്പം ഇളം നിറങ്ങളുള്ള ഷർട്ടുകൾ കിടിലം മാച്ച് ആയിരിക്കും. എല്ലാവരുടെയും പക്കൽ ഒരു ചെക്ക് പാന്റ്‌സെങ്കിലും ഉള്ളത് നന്നായിരിക്കും. കാരണം ഇത് നിങ്ങൾക്ക് ഏത് ഒക്കേഷനിലും ഉപയോഗിക്കാൻ സാധിക്കും. ലൈറ്റ് നിറങ്ങളുള്ള ചെക്ക് പാന്റ്സിനൊപ്പം നീല ഷർട്ട് ഇട്ടാൽ നിങ്ങളുടെ ലുക്ക് തന്നെ മാറും. ഇതിന് യോജിക്കുന്ന ഷൂ, വാച്ച് എന്നിവ കൂടെയായാൽ ലുക്ക് വേറെ ലെവലാകും.