വെള്ളമൊഴിച്ചതല്ല, ഇതാണ് ഫാഷൻ; സമൂഹ മാധ്യമങ്ങളിൽ ട്രെൻഡായി സ്റ്റെയിന് ജീൻസ്, വില അരലക്ഷത്തിലധികം
Mail This Article
ധരിച്ചിരിക്കുന്ന വസ്ത്രത്തിൽ അബദ്ധത്തിൽ ഇത്തിരി വെള്ളം വീണാൽ പോലും അത് മൂത്രമൊഴിച്ചതാണോ എന്ന് മറ്റുള്ളവർ ചിന്തിക്കുമെന്നോർത്ത് നാണക്കേട് തോന്നുന്നവരാണ് അധികവും. എന്നാൽ ഇതേ മൂത്രക്കറ ഫാഷനായി മാറ്റിയിരിക്കുകയാണ് ജോർദാൻലൂക്കാ എന്ന ബ്രിട്ടീഷ് - ഇറ്റാലിയൻ ഫാഷൻ ബ്രാൻഡ്. അസ്ഥാനത്ത് വെള്ളം വീണ പാടുമായി പുറത്തിറക്കിയിരിക്കുന്ന ജീൻസിന് ‘സ്റ്റെയിൻ സ്റ്റോൺവാഷ് ജീൻസ്’ എന്ന് പേരും നൽകിയിട്ടുണ്ട്.
ഇളം നിറത്തിലുള്ള ജീൻസിൽ കറ എന്ന് തോന്നിപ്പിക്കുന്ന ഭാഗം മാത്രം കടും നിറത്തിലാണ് നൽകിയിരിക്കുന്നത്. അതായത് ഒറ്റനോട്ടത്തിൽ തന്നെ ആളുകളുടെ കണ്ണിൽ ഈ ‘മൂത്രക്കറ’ കൃത്യമായി പെടും. ലൂക്കാ മാർഷറ്റോ, ജോർദാൻ ബോവൻ എന്നീ ഡിസൈനർമാരുടെ കീഴിലുള്ള ബ്രാൻഡ് അവരുടെ 2023ലെ ഫോൾ / വിന്റർ കലക്ഷനിൽ ഉൾപ്പെടുത്തിയാണ് വ്യത്യസ്തമായ ജീൻസ് പുറത്തിറക്കിയത്. അൽപം നാണക്കേട് തോന്നിയാലും ലേറ്റസ്റ്റ് ഫാഷൻ അണിയണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച ഓപ്ഷനാണ് ഈ വസ്ത്രം.
ജീൻസിന്റെ പിൻ പോക്കറ്റുകളിൽ ഡെമൺ ഹോൺ എംബ്രോയ്ഡറി നൽകിയിട്ടുണ്ട്. സ്ലിം ഫിറ്റിലാണ് ജീൻസ് നിർമിച്ചിരിക്കുന്നത്. എന്നാൽ ഈ പ്രത്യേകതകൾക്കൊക്കെ അപ്പുറം ജീൻസിലെ കറയുടെ ഡിസൈൻ തന്നെയാണ് ഹൈലൈറ്റ്. പക്ഷേ ഈ ജീൻസ് ധരിച്ച് ഫാഷൻ ഐക്കണാകാൻ അൽപം പണച്ചെലവുമുണ്ടാകും. കാരണം ഈ സീരീസിലെ ഒറിജിനൽ ജീൻസിന് 811 ഡോളറാണ് (67,600 രൂപ)വില. ഇതിന്റെ അല്‍പം ലൈറ്റർ വേർഷനും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. 608 ഡോളറാണ് (50,000 രൂപ) ഇതിന്റെ വില. മൂത്രമൊഴിച്ച പോലെയാണെങ്കിലും ബ്രാൻഡിന്റെ ഔദ്യോഗിക സൈറ്റിൽ എല്ലാ പാന്റുകളും വിറ്റുപോയിട്ടുണ്ട്.
വേറിട്ട ജീൻസിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെ അത് സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടി. എന്നാൽ പ്രതീക്ഷിച്ചതിനപ്പുറമുള്ള വിമർശനങ്ങളാണ് നിർമാതാക്കൾ നേരിടുന്നത്. ‘പീ സ്റ്റെയിൻ ഡെനിം’ എന്നതാണ് ഫാഷൻ ലോകത്ത് ഇപ്പോൾ ജീൻസിന്റെ വിളിപ്പേര്. ഇങ്ങനെയും വസ്ത്രങ്ങൾ ഇറക്കി അത് ഫാഷനാക്കി മാറ്റാൻ ഏതെങ്കിലും ഒരു ബ്രാൻഡ് ശ്രമിക്കുമെന്നത് വിശ്വസിക്കാനാകുന്നില്ല എന്ന് ധാരാളം ആളുകൾ പ്രതികരിക്കുന്നു. മൂത്രക്കറ ഫാഷനാക്കാമെന്ന ഐഡിയ ആരുടെ മനസ്സിൽ ഉദിച്ചതായിരിക്കുമെന്നാണ് മറ്റു ചിലരുടെ സംശയം.
അതേസമയം ആരു കണ്ടാലും മൂക്കത്ത് വിരൽ വയ്ക്കുന്ന ഈ ഡിസൈനിന് ഇത്രയധികം വില ഈടാക്കുന്നതിൽ അദ്ഭുതം പ്രകടിപ്പിക്കുന്നവരും കുറവല്ല. മൂത്രക്കറ ഇത്ര വിലപിടിപ്പുള്ള ഫാഷനാണെങ്കിൽ ആളുകൾക്ക് കയ്യിലുള്ള ജീൻസിൽ മൂത്രമൊഴിച്ച് കുറച്ചുകൂടി റിയലിസ്റ്റിക് ഫാഷൻ അവതരിപ്പിച്ചുകൂടെ എന്നാണ് മറ്റൊരാളുടെ ചോദ്യം. കാലം മാറിയതോടെ മറ്റുള്ളവർക്ക് മുൻപിൽ കൂളായി തോന്നിപ്പിക്കാൻ സ്വന്തം വസ്ത്രത്തിൽ മൂത്രക്കറ ഉൾപ്പെടുത്തേണ്ടി വന്ന അവസ്ഥ വരെയുണ്ടായി എന്ന് മറ്റൊരാൾ വിമർശിക്കുന്നു. ഇങ്ങനെ കറയുള്ള വസ്ത്രത്തിന് ഇത്രയധികം വില ലഭിക്കുമെന്ന് അറിഞ്ഞിരുന്നെങ്കിൽ കുട്ടിക്കാലത്ത് മൂത്രമൊഴിച്ച വസ്ത്രങ്ങളെല്ലാം സൂക്ഷിച്ചു വെച്ചേനെ എന്നാണ് രസകരമായ മറ്റൊരു കമന്റ്.