നിത അംബാനി അണിഞ്ഞ മരതക നെക്‌ലസിന്റെ വില 500 കോടി; 178 രൂപയ്ക്ക് ‘ഡ്യൂപ്പ്’ ജയ്പുർ മാർക്കറ്റിൽ!
Mail This Article
അനന്ത് അംബാനിയുടെയും രാധികാ മെർച്ചന്റിന്റെയും വിവാഹ ആഘോഷങ്ങളുടെ ചിത്രങ്ങളും ദൃശ്യങ്ങളും ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. അനന്തും രാധികയും മാത്രമല്ല ചടങ്ങുകളിൽ നിത അംബാനി ധരിച്ച വസ്ത്രങ്ങളും ആഭരണങ്ങളുമൊക്കെ ഫാഷൻ ലോകത്ത് വലിയ ചർച്ചയായിരുന്നു. ജാംനഗറിൽ വച്ച് നടന്ന ആഘോഷങ്ങളിൽ നിത ധരിച്ച മരതക നെക്‌ലസാണ് അവയിൽ ഒന്ന്. വലിയ മരതക കല്ലുകൾ പതിപ്പിച്ച ആഭരണത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും വൈറലാവുകയും ചെയ്തു.
ഒന്നും രണ്ടുമല്ല 500 കോടിക്കടുത്തായിരുന്നു നെക്‌ലസിന്റെ വിലമതിപ്പ്. അതായത് സാധാരണക്കാരായ ജനങ്ങൾക്ക് ഒരിക്കലും അത്തരമൊന്നു ധരിക്കുന്നത് സ്വപ്നം കാണാൻ പോലും ആവില്ലെന്ന് ചുരുക്കം. എന്നാൽ ഇതേ നെക്‌ലസ് 200 രൂപ പോലും മുടക്കാതെ കയ്യിൽ കിട്ടിയാലോ. ജയ്പുരിൽ ചെന്നാൽ നിത അംബാനിയുടെ മരതക നെക്‌ലസിന്റെ അതേ ആകൃതിയിലും നിറത്തിലും ഉള്ളവ വെറും 178 രൂപയ്ക്ക് വാങ്ങാം. പ്രമുഖ വ്യവസായി ഹർഷ് ഗോയങ്കയാണ് ഇവയുടെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.
ജയ്പൂരിലെ ഒരു കടയിൽ നിന്നാണ് ഈ നെക്‌ലസുകളുടെ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്. വലുപ്പത്തിൽ അൽപം ചെറുതാണെങ്കിലും നിത അംബാനി ആഘോഷവേളയിൽ ധരിച്ചിരുന്ന അതേ പാറ്റേണിൽ തന്നെയാണ് പകർപ്പുകളും നിർമിച്ചിരിക്കുന്നത്.മരതക പച്ചയിൽ മാത്രമല്ല ചുവപ്പ്, വെള്ള, കറുപ്പ് എന്നീ വ്യത്യസ്ത നിറങ്ങളിലുള്ള കല്ലുകൾ പതിപ്പിച്ച നെക്‌ലസുകൾ കടയുടമയുടെ ശേഖരത്തിൽ ഉണ്ട്. ഈ ഡിസൈനിന്റെ പ്രത്യേകത മനസ്സിലാകാത്ത കസ്റ്റമേഴ്സിനെ ആകർഷിക്കാൻ വേണ്ടി ഒരു ട്രിക്കും നിർമാതാക്കൾ ഉപയോഗിച്ചിരിക്കുന്നു. നിത അംബാനി മരതക നെക്‌ലസ് ധരിച്ചു നിൽക്കുന്ന ചിത്രം പതിപ്പിച്ച കവറിലാക്കിയാണ് ഡ്യൂപ്ലിക്കേറ്റുകൾ വില്‍പനയ്ക്ക് എത്തിച്ചിരിക്കുന്നത്.
ഡ്യൂപ്ലിക്കേറ്റ് നെക്‌ലസുകളുടെ ദൃശ്യങ്ങൾ പങ്കുവച്ച് ഒറ്റ ദിവസത്തിനുള്ളിൽ 30 ലക്ഷത്തിനു മുകളിൽ ആളുകളാണ് അത് കണ്ടത്. ഡ്യൂപ്ലിക്കേറ്റ് പതിപ്പുകൾ ഉണ്ടാക്കാൻ ഇന്ത്യയെ കവിഞ്ഞ് ഒരു രാജ്യമില്ല എന്ന തരത്തിൽ ആളുകൾ പ്രതികരണങ്ങൾ കുറിക്കുന്നുണ്ട്. നിത അംബാനിയുടെ ചിത്രത്തിന്റെ ചുവടുപിടിച്ചുകൊണ്ടുള്ള മാർക്കറ്റിങ് തന്ത്രം ആളുകളെ സ്വാധീനിക്കുമെന്ന് ഉറപ്പാണെന്ന് മറ്റൊരാൾ കുറിക്കുന്നു. നിത അംബാനി ഈ ദൃശ്യങ്ങൾ കണ്ടാൽ കയ്യിലുള്ള മരതക നെക്ലേസ് ധരിക്കാൻ ഇനിയും ഒന്ന് മടിക്കുമെന്ന തരത്തിൽ രസകരമായ കമന്റുകളും കാണാം.
അതേസമയം ധനികരായ വ്യക്തികൾ ധരിക്കുന്ന ആഭരണങ്ങളും വസ്ത്രങ്ങളും കണ്ട് ഒരിക്കലും അത്തരത്തിലൊന്ന് സ്വന്തമാക്കാൻ സാധിക്കില്ലെന്ന് വിഷമിക്കുന്ന ആളുകൾക്ക് ഇത്തരം ഡ്യൂപ്ലിക്കേറ്റുകൾ സമാധാനത്തിന് വക നൽകുമെന്ന് ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നവരും കുറവല്ല. എന്തുതന്നെയാണെങ്കിലും ഒരാൾ പ്രത്യേകമായി തയാറാക്കിയ ആഭരണത്തിന്റെ പകർപ്പുകൾ അനുവാദമില്ലാതെ നിർമിച്ച് ലാഭമുണ്ടാക്കുന്നത് ശരിയായ പ്രവണതയല്ലതും ചിലർ ചൂണ്ടിക്കാട്ടി.