രാധികയുടെ വസ്ത്രത്തിൽ പൂക്കൾ മുതൽ സ്വർണവും രത്നവും വരെ; മാസങ്ങൾ നീണ്ട കല്യാണമേളം
Mail This Article
മാസങ്ങൾ നീണ്ട ആ വിവാഹ ആഘോഷങ്ങളുടെ ഏറ്റവും സുപ്രധാനമായ ദിനം ഇന്നാണ്. എവിടെ നോക്കിയാലും അംബാനികുടുംബത്തിന്റെ പേര് മാത്രം. അതിൽ മുൻപന്തിയിലാണ് പുതിയ മരുമകൾ രാധിക മെർച്ചന്റ്. രാധിക ധരിക്കുന്ന വസ്ത്രങ്ങളും ആഭരണങ്ങളും സമൂഹമാധ്യമത്തിൽ ചർച്ചയാവാറുണ്ട്. അത്തരത്തിൽ രാധികയുടെ ചിലവസ്ത്രങ്ങൾ പരിചയപ്പെടാം
ഹൽദി സ്പെഷ്യൽ ഫ്ലോറൽ ദുപ്പട്ട
ഹൽദി ചടങ്ങിന് വേണ്ടി രാധിക ധരിച്ച ദുപ്പട്ടയാണ് ഇപ്പോൾ സമൂഹമാധ്യമത്തിലെ ചർച്ചാ വിഷയം. ഫാഷൻ ഡിസൈനർ ആയ അനാമിക ഖന്ന രൂപകൽപന ചെയ്ത വൈബ്രന്റ് യെല്ലോ എംബ്രോയ്ഡറി ലെഹങ്ക കണ്ട എല്ലാവരും അക്ഷരാർഥത്തിൽ അമ്പരന്നു എന്നുവേണം പറയാൻ.
90 മഞ്ഞ മല്ലികയും, ആയിരക്കണക്കിന് മുല്ല മൊട്ടുകളും ചേർത്താണ് ഈ ദുപ്പട്ട തയാറാക്കിയിരിക്കുന്നത്. ഒപ്പം ധരിച്ച ആഭരണങ്ങളും യഥാർഥ മുല്ലമൊട്ടുകൾ കൊണ്ട് നിർമിച്ചതാണ്.
സംഗീത് സ്പെഷ്യൽ ക്രിസ്റ്റൽ ലെഹങ്ക
സംഗീത ചടങ്ങിലെ നൃത്ത പ്രകടനത്തിനായി രാധിക മർച്ചന്റ് മനീഷ് മൽഹോത്രയുടെ ഗോൾഡൻ ലെഹങ്കയാണ് തിരഞ്ഞെടുത്തത്. 25,000 സ്വരോസ്‌കി ക്രിസ്റ്റലുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്ന ലെഹങ്കയാണിത്. പാവാടയിലാവട്ടെ 3D ഫ്ലോറൽ വിശദാംശങ്ങളുണ്ടായിരുന്നു.
വിക്ടോറിയൻ സൗന്ദര്യശാസ്ത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് രാധികയുടെ വസ്ത്രം രൂപകൽപന ചെയ്തത്.
ഹൈ പോണി ടെയിലും മിനിമൽ മേക്കപ്പുമാണ് രാധിക ധരിച്ചത്. വജ്രവും മാണിക്യവും പതിച്ച ഹെവി ചോക്കർ നെക്ക്പീസും അതിന് അനുയോജ്യമായ കമ്മലുകളും ആണ് ധരിച്ചത്. കൂടാതെ ഡയമണ്ട് വളകളും വസ്ത്രത്തിന് മാറ്റുകൂട്ടി.
ആഡംബര ക്രൂസിൽ ഇടാൻ സ്വർണത്തിളക്കം
ആഡംബര ക്രൂയിസ് ലൈനറിൽ 800-ലധികം അതിഥികളെ സ്വീകരിക്കുമ്പോഴും തൻ്റെ ഡ്രസ്സിങ്ങിൻ്റെ കാര്യത്തിൽ രാധിക ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായിരുന്നില്ല. ഫാഷൻ ഡിസൈനറായ ഗ്രേസ് ലിംഗ് കൗച്ചറാണ് രാധികയുടെ ഈ കിടിലൻ വസ്ത്രം ഡിസൈൻ ചെയ്തത്.
എയ്‌റോസ്‌പേസ് അലുമിനിയം സാങ്കേതികവിദ്യയുടെ നൂതനമായ ഉപയോഗത്തിലൂടെ സ്വർണവും വെള്ളയും നിറത്തിലുള്ള ഗൗൺ തരംഗം സൃഷ്ടിച്ചിരുന്നു. ഒപ്പം ഡിസൈനർ സ്വർണ്ണ കമ്മലുകളും അഴിച്ചിട്ട മുടിയുമായപ്പോൾ ലുക്ക് വേറെ ലെവലായി. ഇത് കലയുടെയും അത്യാധുനിക സാങ്കേതികവിദ്യയുടെയും ഒത്തുചേരലാണ് എന്നാണ് ആരാധകർ പറയുന്നത്.