അതിഥികള്‍ക്കായി നൂറിലധികം വിമാനങ്ങൾ; ഹോട്ടലിൽ ദിവസവാടക ഒരുലക്ഷം; ആഡംബരത്തിന്റെ അവസാന വാക്ക്
Mail This Article
അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹം അത്യാഡംബരപൂർവം ആഘോഷിക്കാൻ സാധ്യമായ എല്ലാ മാർഗങ്ങളും സ്വീകരിക്കുകയാണ് അംബാനി കുടുംബം. ചടങ്ങിൽ പങ്കെടുക്കാൻ എത്തുന്ന അതിഥികൾക്ക് രാജകീയ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. അതിഥികൾക്ക് സഞ്ചരിക്കാനുള്ള ആഡംബര വിമാനങ്ങൾ വരെ തയാറായിക്കഴിഞ്ഞു. മുംബൈ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിലാണ് അനന്തിന്റെയും രാധികയുടെയും വിവാഹം നടക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ബാന്ദ്ര കുർള കോംപ്ലക്സിലെ പ്രധാനപ്പെട്ട പഞ്ച നക്ഷത്ര ഹോട്ടലുകളിൽ ഒന്നും നിലവിൽ മുറികൾ വാടകയ്ക്ക് ലഭ്യമല്ല.
ആഡംബര ചാർട്ടേർഡ് ജെറ്റ് പ്ലെയിൻ ഓപ്പറേറ്ററായ ക്ലബ്ബ് വണ്‍ എയറിന്റെ മൂന്ന് ഫാൽക്കൺ -2000 ജെറ്റുകളാണ് അതിഥികൾക്കായി അംബാനി ബുക്ക് ചെയ്തിരിക്കുന്നത്. ഇക്കാര്യം ക്ലബ് വണ്‍ എയർ ഇന്ത്യ സിഇഒ ആയ രാജൻ മെഹ്റ സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് അങ്ങോളമിങ്ങോളം ഉള്ള അതിഥികളെ എത്തിക്കുന്നതിനായി ജെറ്റുകൾ പലതവണ സർവീസ് നടത്തുകയും ചെയ്യും. നൂറിലധികം സ്വകാര്യ വിമാനങ്ങളും വിവാഹത്തിനു വേണ്ടി മാത്രം ഉപയോഗിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
ഇതിനുപുറമേ ബാന്ദ്ര കുർള കോംപ്ലക്സിലെ എല്ലാ പഞ്ച നക്ഷത്ര ഹോട്ടലുകളും ബുക്ക് ചെയ്തു കഴിഞ്ഞതായും റിപ്പോർട്ടുകളുണ്ട്. വിവാഹത്തിൽ പങ്കെടുക്കാൻ എത്തുന്ന വിശിഷ്ടാതിഥികൾക്ക് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത് എവിടെയാണെന്നത് സംബന്ധിച്ച് കൃത്യമായ വിവരം ലഭ്യമല്ല. എന്നാൽ വിവാഹ ആഘോഷങ്ങളുടെ ചുവടുപിടിച്ച് പരിസരപ്രദേശങ്ങളിലെ എല്ലാ ഹോട്ടലുകളും നിരക്ക് കുത്തനെ ഉയർത്തിയിട്ടുണ്ട്. 13000 രൂപയ്ക്ക് ലഭ്യമായിരുന്ന മുറികൾ ജൂലൈ 14 ന് വാടകയ്ക്ക് എടുക്കണമെങ്കിൽ 91,350 രൂപ നൽകേണ്ടിവരും. പല പഞ്ചനക്ഷത്ര ഹോട്ടലുകളിലും ജൂലൈ 10 മുതൽ 14 വരെ ഒരു മുറി പോലും ലഭ്യമല്ലാത്ത അവസ്ഥയും ഉണ്ട്.
ദിവസങ്ങൾ നീണ്ടുനിൽക്കുന്ന വിവാഹ ആഘോഷങ്ങൾ പ്രമാണിച്ച് ബാന്ദ്ര കുർള കോംപ്ലക്സിന് സമീപം ശക്തമായ ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തുന്നുണ്ട്. ജൂലൈ 12 മുതൽ 15 വരെ ഉച്ചയ്ക്ക് ഒന്നിനും അർധരാത്രിക്കും ഇടയിൽ വിവാഹ സത്ക്കാരത്തിൽ പങ്കെടുക്കാൻ എത്തുന്ന അതിഥികളുടെ വാഹനങ്ങൾക്കു മാത്രമേ ഇതുവഴി സഞ്ചരിക്കാൻ സാധിക്കു. റോഡുകൾ അടയ്ക്കുന്നതും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതും സംബന്ധിച്ച് മുംബൈ ട്രാഫിക് പോലീസ് നിർദ്ദേശങ്ങളും പുറത്തിറക്കി. വിപുലമായ ഒരുക്കങ്ങൾ നടക്കുന്നതിന്റെ ഭാഗമായി സമീപത്തുള്ള ഗതാഗതം ഇതിനകം തന്നെ മന്ദഗതിയിലായിത്തുടങ്ങിയിട്ടുണ്ട്.വിവാഹ വേദിയും പരിസരങ്ങളുമെല്ലാം ആഘോഷത്തിനായി പൂർണ സജ്ജമാണ്.