ADVERTISEMENT

ന്യൂയോർക്ക് ∙ മിസ് വേൾഡ് മത്സരത്തിലേക്ക് യുഎസിന്റെ പ്രതിനിധിയെ അയയ്ക്കുന്ന ‘മിസ് വേൾഡ് അമേരിക്ക’യിൽ പങ്കെടുക്കാൻ മലയാളി യുവതി.2022 ൽ യുഎസിൽ മിസ് ഇന്ത്യ ന്യൂയോർക് കിരീടം നേടിയ മീര തങ്കം മാത്യുവാണ് മത്സരത്തിൽ അണിനിരക്കുന്നത്. ന്യൂയോർക്കിനെ പ്രതിനിധീകരിക്കുന്ന ടൈറ്റിലുകളിലൊന്നായ മിസ് ലിബർട്ടിയായാണ് മീര എത്തുന്നത്.

ന്യൂയോർക്കിലെ സ്റ്റാറ്റൻ ഐലൻഡിൽ താമസിക്കുന്ന പത്തനംതിട്ട കൈപ്പട്ടൂർ ചെരിവുകാലായിൽ ജോൺ മാത്യുവിന്റേയും അടൂർ സ്വദേശിനി രാജി മാത്യുവിന്റേയും മകളാണ് മീര. കൈപ്പട്ടൂരിൽ ജനിച്ച മീര മൂന്നാം വയസ്സിൽ യുഎസിലേക്കു പോയി. മിസ് സ്റ്റാറ്റൻ ഐലൻഡ് പട്ടവും നേടിയിട്ടുണ്ട്.ഹെൽത്ത്കെയർ കമ്പനിയായ നോർത്ത്‌വെല്ലിന്റെ ഐടി ഉദ്യോഗസ്ഥയായിരുന്നു.

ജോലിത്തിരക്കുകളും കർശനമേറിയ ഷെഡ്യൂളും മീരയ്ക്കുണ്ട്. എങ്കിൽ പോലും മോഡലിങ്, സൗന്ദര്യമത്സരത്തിൽ പങ്കെടുക്കൽ, ഡാൻസിങ് തുടങ്ങിയ തന്റെ ഹോബികൾക്കും സമയം കണ്ടെത്തുന്നു. സമയം മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതാണ് തന്‌റെ വിജയരഹസ്യമെന്ന് മീര നേരത്തേ വ്യക്തമാക്കിയിരുന്നു.

ജോലിക്കും പഠനത്തിനുമിടയിലുള്ള ഇടവേളകളിൽ മെന്ററായ അർച്ചന ഫിലിപ്പിന്‌റെ നിർദേശമനുസരിച്ചാണു തന്റെ പാഷനുകൾ മീര പിന്തുടരുന്നത്. അർച്ചനയും മലയാളിയാണ്. ജൻസു എന്ന മറ്റൊരു മലയാളി സുഹൃത്തും പ്രോത്സാഹനവും മാർഗനിർദേശങ്ങളും നൽകി മീരയ്ക്ക് ഒപ്പമുണ്ട്. ന്യൂയോർക്കിൽ നടന്ന വമ്പൻ ബ്രൈഡൽ ഷോയായ ദുൽഹാൻ എക്സ്പോയിൽ പോസ്റ്റർ ഗേളാകാനുള്ള അവസരം മീരയ്ക്ക് ലഭിച്ചിരുന്നു. സുമിത് ആര്യ അണിയിച്ചൊരുക്കിയ ഈ ഷോയുടെ കൊറിയോഗ്രാഫർ കരംജിത്ത് സിങ്ങായിരുന്നു. മലയാളി ഫൊട്ടോഗ്രഫറായ ജോൺ മാർട്ടിനാണു ചിത്രമെടുത്തത്.

പൊലീസ് ഓഫിസറാകണം എന്നതായിരുന്നു മീരയുടെ ചെറുപ്പം തൊട്ടുള്ള ആഗ്രഹം. ഹൈസ്‌കൂൾ പഠനത്തിനു ശേഷം ആ ജോലിയുടെ പടിവാതിൽക്കൽ വരെ എത്തുകയും ചെയ്തു. എന്നാൽ പൊലീസ് ജോലിയേക്കാൾ മികച്ച കരിയറും തന്റെ സ്വപ്‌നങ്ങൾ പിന്തുടരാനുള്ള സാവകാശവും ഐടി മേഖലയിലെ ജോലിക്കു നൽകാൻ സാധിക്കുമെന്നു തിരിച്ചറിഞ്ഞ് അങ്ങോട്ടേക്കു കൂടുമാറുകയായിരുന്നു. 

English Summary:

Malayalee Woman Meera Thangam Mathew to Compete in Miss World America

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com