സെലിബ്രിറ്റികൾ ആഘോഷവേളകളിൽ ധരിക്കുന്ന വസ്ത്രങ്ങൾ കടം വാങ്ങുന്നതാണോ? മിന്നുന്നതെല്ലാം സ്വന്തമല്ല!
Mail This Article
ആഴ്ചകളും മാസങ്ങളും പിന്നിട്ട അംബാനി വിവാഹ മാമാങ്കം അഞ്ചു ദിവസം നീണ്ട കലാശക്കൊട്ടോടെ മുംബൈയിൽ സമാപിച്ചു. വിവാഹമേളത്തിന്റെ ഭാഗമായി അരങ്ങേറിയ ഫാഷൻ കാഴ്ചകളാകട്ടെ ‘ഇന്ത്യൻ മെറ്റ്ഗാല’ എന്ന പേരും നേടി. രാജ്യാന്തര ഫാഷൻ അരങ്ങായ മെറ്റ്ഗാലയോടു തന്നെ താരതമ്യപ്പെടുത്താവുന്ന ഡിസൈനർ വസ്ത്ര പ്രദർശനമാണ് വിവാഹച്ചടങ്ങിന്റെ ഭാഗമായി മുംബൈയിലെ ‘നിത അംബാനി കൾചറൽ സെന്ററി’ൽ ലോകം കണ്ടത്. വസ്ത്രങ്ങളിലും ആഭരണങ്ങളിലും ലക്ഷ്വറി ഫാഷൻ അവതരിപ്പിച്ചു, ബോളിവുഡ് താരങ്ങളും അവരുടെ സ്റ്റൈലിസ്റ്റുകളും.
ആഘോഷത്തിന്റെ അലയടങ്ങിയപ്പോൾ ചില ചോദ്യങ്ങൾ ബാക്കി. പല ദിവസങ്ങളിലായി നടന്ന വിവാഹച്ചടങ്ങിൽ പങ്കെടുത്തവരെല്ലാം പുത്തൻ വസ്ത്രങ്ങൾക്കായി എത്ര പണം ചെലവാക്കിയിട്ടുണ്ടാകും? വമ്പൻ ഡിസൈനർമാർ ഒരുക്കിയ ആ വസ്ത്രങ്ങളെല്ലാം താരങ്ങൾ വാങ്ങിയത് സ്വന്തം പഴ്സിൽ നിന്ന് പണം മുടക്കിയാണോ ? അതോ അംബാനി സൗജന്യമായി കൊടുത്തതോ? ആഘോഷച്ചടങ്ങുകൾക്കുശേഷം ഈ വസ്ത്രങ്ങളെല്ലാം അവർ എന്തുചെയ്യും ?
കടം വാങ്ങൽ മാതൃക
ഫാഷൻ ലോകത്തെ നാട്ടുനടപ്പ് പരിചയമുള്ളവർക്കറിയാം സെലിബ്രിറ്റി സ്റ്റൈലിങ്ങിനു പിന്നിലെ കൊടുക്കൽ വാങ്ങലുകൾ. അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും നാളുകൾ നീണ്ട വിവാഹാഘോഷത്തിൽ ബോളിവുഡ് താരങ്ങൾ ധരിച്ച വസ്ത്രങ്ങളെല്ലാം തന്നെ അവർ ഡിസൈനർമാരിൽനിന്ന് ഒറ്റ ദിവസത്തേക്കു മാത്രമായി വാങ്ങിയതാണ്. കടം വാങ്ങിയ വസ്ത്രം എന്നു കേട്ടാൽ മോശം തോന്നുമെങ്കിലും ഫാഷൻ ലോകത്ത് ഇതറിയപ്പെടുന്നത് ‘സോഴ്സിങ്’ എന്ന പേരിലാണ്. വിവിധ പരിപാടികൾക്കായി താരങ്ങൾ തിരഞ്ഞെടുക്കുന്ന സ്റ്റൈലിസ്റ്റുമാരാണ് ഡിസൈനർമാരുടെയും താരങ്ങളുടെയും ഇടയിൽ നിന്നുകൊണ്ട് ഈ കൈമാറ്റം ആയാസരഹിതമാക്കുന്നത്. താരങ്ങളുടെ വിപണി മൂല്യമനുസരിച്ച് സോഴ്സിങ്ങിന്റെ സാധ്യതകളും അനന്തം. ഏതാനും മാസം മുൻപ് നടൻ ആയുഷ്മാൻ ഖുറാന ഇതേക്കുറിച്ചു പറഞ്ഞതിങ്ങനെ; ‘‘ബോളിവുഡ് മുഴുവനായും റെന്റൽ ആണ്’’
കടം വാങ്ങലും ബിസിനസ്!
ഡിസൈനർമാരും താരങ്ങളും തമ്മിലെ കൊടുക്കൽ– വാങ്ങൽ ലക്ഷ്യമിടുന്നത് വ്യാപാര സാധ്യതകൾ തന്നെ. സൗജന്യ പരസ്യ, വിപണി അവസരങ്ങളാണ് ഇതിനു പിന്നിലുള്ളതും. ഡിസൈനർമാരുടെ സ്വന്തം ബ്രാൻഡിന് കൂടുതൽ വിസിബിലിറ്റി, ഡിസൈനുകൾ കൂടുതൽ പേരിലേക്കെത്തിക്കുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങൾ ഇതു വഴി നടക്കുന്നു.
താരങ്ങൾ ഈ വസ്ത്രങ്ങൾ ധരിച്ചുള്ള ഫോട്ടോഷൂട്ട് നടത്തി സമൂഹമാധ്യമ പേജുകളിൽ പങ്കുവച്ച് ഡിസൈനർമാരെ ടാഗ് ചെയ്യുകയാണ് പതിവ്. അംബാനി വിവാഹച്ചടങ്ങിൽ പങ്കെടുത്ത ആഗോള താരം പ്രിയങ്ക ചോപ്ര ജൊനാസ് ധരിച്ചത് ഡിസൈനർ തരുൺ തഹിലിയാനിയുടെ പുറത്തിറങ്ങാനിരിക്കുന്ന കലക്‌ഷനിലെ വസ്ത്രമായിരുന്നു.
നാട്ടിലുമുണ്ട് സോഴ്സിങ്!
ബോളിവുഡ് താരങ്ങൾ മാത്രമാണോ ഡിസൈനർമാരിൽനിന്ന് കടംവാങ്ങിയ വസ്ത്രം ധരിക്കുന്നത്. സംശയം വേണ്ട. ഭാഷയുടെ അതിർവരമ്പുകളില്ലാതെ താരങ്ങളെല്ലാം ഈ രീതിയിലാണ് പൊതുചടങ്ങുകളിൽ ആകർഷകമായി പ്രത്യക്ഷപ്പെടുന്നത്. ഭൂരിഭാഗം മലയാളി താരങ്ങളും സിനിമാ പ്രമോഷൻ ചടങ്ങുകളിലും മറ്റ് ഇവന്റുകളിലുമെത്തുന്നത് ‘സോഴ്സിങ്’ ഫാഷൻ ലുക്കിൽ തന്നെ. താരങ്ങളുമായി കൊളാബറേറ്റ് ചെയ്യുന്നതിനു പിന്നിൽ മാർക്കറ്റിങ് സാധ്യതകളുണ്ടെങ്കിലും ഡിസൈനർമാർക്കിടയിൽ ഇതിനെതിരായ വികാരവുമുണ്ട്. വലിയ ഡിസൈനർ ബ്രാൻഡുകൾക്ക് താരങ്ങളെ മുൻനിർത്തിയുള്ള പരസ്യം ഗുണം ചെയ്യുമെങ്കിലും ചെറിയ സംരംഭകർക്ക് അത്രയേറെ പ്രയോജനം ലഭിക്കാറില്ല.
വാങ്ങുന്ന വസ്ത്രങ്ങൾ കൃത്യസമയത്തു തിരിച്ചുകൊടുക്കാൻ മടികാണിക്കുന്ന ചിലരെങ്കിലും ഉണ്ടെന്ന് ഇവർ പറയുന്നു. പൊതുവേദികളിൽ മാത്രമല്ല സ്വകാര്യ ചടങ്ങുകൾക്കും വസ്ത്രം ആവശ്യപ്പെടുന്നവരുണ്ട്. ഒരു ഡിസൈൻ വിപണിയിലിറക്കുന്നതിന്റെ അധ്വാനവും ചെലവും പരിഗണിക്കുമ്പോൾ സിനിമാ താരങ്ങളെപ്പോലെ അതു വാങ്ങാൻ കഴിവുള്ളവർ ‘സൗജന്യമായി’ ഉപയോഗപ്പെടുത്തുന്നത് ശരിയല്ലെന്ന അഭിപ്രായവും പങ്കുവയ്ക്കുന്നു ചിലർ.
പലരും കൊളാബറേഷൻ ആവശ്യപ്പെടാറുണ്ട്. അതിന് ഒരുപാട് നല്ലവശങ്ങളുണ്ട്. ഡിസൈനർമാർക്കും പ്രാദേശിക സംരംഭങ്ങൾക്കും വലിയ ശ്രദ്ധകിട്ടാനും അവസരങ്ങൾ ലഭിക്കാനും അതു സഹായിക്കുന്നു. അതേ സമയം ഡിസൈനർ വസ്ത്രങ്ങൾ വിലകൊടുത്തു വാങ്ങി പിന്തുണയ്ക്കുന്നവരുമുണ്ട്. കാൻ ഫെസ്റ്റിവലിൽ പങ്കെടുക്കാൻ ഒരുക്കിയ വസ്ത്രങ്ങളും ബാഗും കനി കുസൃതി സ്വന്തമായി വാങ്ങുകയായിരുന്നു. നടിമാരായ പാർവതി, റിമ, അന്ന ബെൻ, ദിവ്യ പിള്ള എന്നിവരും കസ്റ്റമൈസ് ചെയ്യുന്ന വസ്ത്രങ്ങൾ സ്വന്തമായി വാങ്ങാറുണ്ട്- ഡിസൈനർ ദിയ ജോൺ, സോൾട്ട് സ്റ്റുഡിയോ, കൊച്ചി
സ്വന്തം വിവാഹത്തിന് വസ്ത്രം സൗജന്യമായി തരണമെന്ന് ആവശ്യപ്പെട്ടാണ് ഒരു താരത്തിനു വേണ്ടി പഴ്സനൽ സ്റ്റൈലിസ്റ്റ് എനിക്കു മെസേജ് അയച്ചത്. സാഹചര്യം ഇതിനെക്കാൾ മോശമാകാനില്ല എന്നു ഞാൻ തിരിച്ചറിയുന്നു. എന്റെ നിരാശയും അമർഷവും പങ്കുവയ്ക്കുകയാണിവിടെ. താരങ്ങൾ വസ്ത്രം സൗജന്യമായി വാങ്ങുകയും അവർ ഷെയർ ചെയ്യുന്ന ചിത്രം വഴി സൗജന്യമായി എനിക്കു കവറേജ് നൽകുകയും ചെയ്യുന്നുവെന്നാണ് അവർ കരുതുന്നത്. എനിക്ക് ഈ കപട മാർക്കറ്റിങ്ങിൽ താൽപര്യമില്ല. എന്റെ ഡിസൈൻ ജെനുവിനായി ഇഷ്ടപ്പെടാതെ, താൽപര്യപ്പെടാതെ, അറ്റാച്ച്മെന്റ് ഇല്ലാതെ ധരിക്കുന്നതെന്തിനാണ് ? ഈ ദുഷിച്ച സർക്കിളിൽനിന്ന് ഞാൻ പുറത്തുകടക്കുകയാണ്. എന്റെ ഡിസൈനുകൾ ഒരാൾക്കും സൗജന്യമായി നൽകില്ല- ഡിസൈനർ ആയുഷ് കേജ്‌രിവാൾ (ജനുവരിയിൽ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്)