ഇത് മോദി ‘സ്റ്റൈൽ’; വെള്ള കുർത്തയ്ക്ക് മാച്ചിങ്ങായി ഇത്തവണ രാജസ്ഥാനി ലഹരിയ പ്രിന്റ് തലപ്പാവ്
Mail This Article
സ്വാതന്ത്ര്യദിന ആഘോഷത്തിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിലെത്തുമ്പോൾ ആദ്യം ശ്രദ്ധിക്കപ്പെടുന്നത് അദ്ദേഹത്തിന്റെ തലപ്പാവായിരിക്കും. വ്യത്യസ്ത അവസരങ്ങളിൽ പ്രധാനമന്ത്രി അണിയുന്ന തലപ്പാവുകൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്. തലപ്പാവുകളിൽ വൈവിധ്യം കൊണ്ടുവരാൻ മോദി ശ്രമിക്കാറുണ്ട്. ഇത്തവണയും പതിവു തെറ്റിക്കാതെ മനോഹരമായ തലപ്പാവണിഞ്ഞാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വതന്ത്ര്യ ദിന ആഘോഷങ്ങളുടെ ഭാഗമാകാൻ ഡൽഹിയിലെ ചെങ്കോട്ടയിലെത്തിയത്.
ഓറഞ്ചും പച്ചയും ഇടകലർന്ന രാജസ്ഥാനി ലഹരിയ പ്രിന്റ് തലപ്പാവാണ് മോദി അണിഞ്ഞത്. വെള്ളകുർത്തയും പൈജാമയും നെഹ്രുവിയൻ നീല ജാക്കറ്റുമായിരുന്നു മോദിയുടെ വസ്ത്രം. രാജസ്ഥാന്‍ മരുഭൂമികളിൽ മണൽക്കാറ്റ് വീശുമ്പോൾ രൂപപ്പെടുന്ന പാറ്റേണുകൾ വസ്ത്രങ്ങളിൽ ഡിസൈൻ ചെയ്യുന്നതാണ് ലഹരിയ പ്രിന്റ്.
2014ൽ ബിജെപി കേന്ദ്രത്തിൽ അധികാരത്തിൽ വന്നപ്പോൾ മുതൽ സ്വാതന്ത്ര്യദിനത്തിൽ മോദി അണിയുന്ന തലപ്പാവുകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. ഇന്ത്യയുടെ പാരമ്പര്യത്തനിമയും സംസ്കാരവും ഒത്തിണങ്ങുന്ന രീതിയിലുള്ള ശിരോവസ്ത്രങ്ങളാണ് മോദി ധരിക്കാറുള്ളത്.
2023ല്‍ ബാന്ദ്നി പ്രിന്റിലുള്ള രാജസ്ഥാനി തലപ്പാവാണ് മോദി അണിഞ്ഞത്. വെള്ള, കാവി, ഓറഞ്ച് നിറങ്ങളിലുള്ള തലപ്പാവുകൾ അണിഞ്ഞും പ്രധാനമന്ത്രി നരേന്ദ്ര മോദി മുൻ വർഷങ്ങളിൽ സ്വതന്ത്രദിന ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തിയിരുന്നു.