വീട്ടിലിരിക്കൂ, പ്രാർഥിക്കേണ്ട സമയത്ത് ഇതാണോ ചെയ്യുന്നത്?’, വിമർശനങ്ങളിൽ തളരാതെ ഇതാ ഒരു ‘സ്റ്റൈലിഷ് മുത്തശ്ശി’!
Mail This Article
‘‘വീട്ടിലിരിക്കൂ മുത്തശ്ശി, പ്രാർഥിക്കേണ്ട സമയത്ത് ഇതാണോ ചെയ്യേണ്ടത്, നിങ്ങൾക്ക് വേറെ പണിയൊന്നുമില്ലേ, നാമം ജപിച്ചിരിക്കേണ്ട പ്രായത്തിൽ മുത്തശ്ശി ഇറങ്ങിയിരിക്കുന്നു" - 58-ാം വയസ്സിൽ മോഡലാകാൻ തീരുമാനിച്ച മുക്ത സിങ് എന്ന സ്ത്രീ സമൂഹമാധ്യമത്തിൽ നേരിട്ട രൂക്ഷമായ കമന്റുകൾ ഇങ്ങനെയായിരുന്നു. സമൂഹത്തിന്റെ അപാരമായ കാഴ്ചപ്പാടുകളെ കണ്ടില്ലെന്ന് നടിച്ചും യുവതലമുറയെ വരെ പിന്‍തള്ളി ഇന്ന് ഈ മുത്തശ്ശി എത്തിനിൽക്കുന്നത് മോഡലിങ് ലോകത്താണ്. ‘‘ഇൻസ്റ്റഗ്രാമിലെ പരിഹാസ കമന്റുകൾ വായിച്ച് വേദന തോന്നിയ സമയങ്ങളുണ്ട്. പല മോശം കമന്റുകളും എന്നെ പാടെ തകർത്തു കളഞ്ഞിട്ടുണ്ട്. പക്ഷേ ഇനി ഞാൻ അതിലൊന്നും വീഴില്ല.നിങ്ങളുടെ ഒരു വിമർശനങ്ങളും എന്നെ തോൽപ്പിക്കില്ല.’’ അറുപത്തിയൊന്നുകാരിയായ മുക്ത സിങ് പറയുന്നു.
സ്റ്റൈലിഷായി നടക്കുന്നത് ചിലപ്പോൾ ചിലർക്ക് തീരെ ഇഷ്ടപ്പെടാതെ വരും. പ്രായമായവർ കുറച്ച് നല്ല വസ്ത്രം ധരിച്ചാൽ പോലും വിമർശിക്കപ്പെടുന്ന ലോകത്താണ് ഇന്നും നമ്മൾ ജീവിക്കുന്നത് എന്നോർക്കണം. അതുകൊണ്ട് കൂടിയാണ് സ്റ്റീരിയോ ടൈപ്പുകളെ ഭേദിച്ച് അറുപതാമത്തെ വയസ്സിലും മോഡലിങ് രംഗത്തേക്ക് ഇറങ്ങാൻ മുക്ത സിങ് തീരുമാനിച്ചത്. പ്രായമായതുകൊണ്ട് സ്റ്റൈലിഷ് വേഷങ്ങൾ ധരിക്കരുതെന്നും മോഡലിങ് രംഗത്തേക്ക് ഇറങ്ങരുതെന്നും പലരീതിയിലുള്ള അഭിപ്രായങ്ങളും പിന്തിരിപ്പൻ നിലപാടുകളും നേരിടേണ്ടി വന്നെങ്കിലും സ്വയം തിരഞ്ഞെടുത്ത പാതയാണ് ഇതെന്നും മുക്ത വ്യക്തമാക്കുന്നുണ്ട്.
ഇംഗ്ലിഷിൽ ബിരുദാനന്തര ബിരുദം നേടിയതിനു ശേഷമായിരുന്നു മുക്തയുടെ വിവാഹം. ഭർത്താവ് ഒരു ഫൈറ്റർ പൈലറ്റ് ആയതിനാൽ പലയിടങ്ങളിലും യാത്ര ചെയ്യേണ്ടിവന്നു. കുട്ടികളുടെ പഠിപ്പും വീട്ടിലെ ജോലിയും എല്ലാമായി ഒരുകാലത്ത് താൻ സ്വയം മറന്നു പോയി എന്ന് മുക്ത ഓർത്തെടുക്കുന്നു. ‘‘ഞാൻ കുട്ടികളെ നന്നായി വസ്ത്രം ധരിപ്പിക്കും, പക്ഷേ, ഒരു പഴയ ഷർട്ടും ജീൻസും മാത്രമായിരിക്കും മിക്കവാറും എന്റെ വസ്ത്രം. ചിലപ്പോൾ, കണ്ണാടിയിൽ എന്നെത്തന്നെ ഒരു നോക്ക് കാണുമ്പോൾ, 'അയ്യോ! ശരിക്കും ഞാൻ ഇങ്ങനെയാണോ?' എന്നൊക്കെ ചിന്തിക്കും.’’– തന്റെ പഴയകാലത്തെ കുറിച്ചുള്ള മുക്തയുടെ വാക്കുകൾ
ജീവിതത്തിന്റെ ഓരോഘട്ടവും ആത്മവിശ്വാസത്തോടെയും സന്തോഷത്തോടെയും ഉൾക്കൊള്ളാൻ പ്രായം ഒരു തടസ്സമാകരുതെന്ന് മുക്ത ഉറച്ചു വിശ്വസിക്കുന്നു. ഒരു സ്ത്രീ കുടുംബത്തെ പരിപാലിക്കുന്നവളാണ്. എന്നാൽ അത് സ്വയം അവഗണിച്ചു കൊണ്ടാവരുത്. ശാരീരിക ആരോഗ്യവും രൂപവും നിസ്സാരമെന്ന് തോന്നുമെങ്കിലും ഒരു സ്ത്രീയുടെ ബോധത്തിൽ അവ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. നമ്മൾ സ്വയം മൂല്യമുള്ളവരായിരിക്കണമെന്നും മുക്ത പറഞ്ഞു.
മുക്ത സിങ്ങിന്റെ മുടിയാണ് ഏറ്റവും ശ്രദ്ധേയം. മധ്യവയസ്സു മുതൽ നിറയെ നരച്ച തലമുടിയാണ് മുക്തയ്ക്കുള്ളത്. കുറച്ചുകാലം മുമ്പ് വരെ ഡൈ ചെയ്യാറുണ്ടായിരുന്നെങ്കിലും ഇപ്പോൾ അത് ചെയ്യാറില്ലെന്നും തന്റെ മുടി എങ്ങനെയാണോ അങ്ങനെ തന്നെ ഇരിക്കട്ടെ എന്ന് തീരുമാനിച്ചുവെന്നും മുക്ത സിങ് പറയുന്നു. ഇപ്പോൾ ഫാഷൻ ഷോകളിലും പരസ്യ കമ്പനികളുടെ മോഡലിങ്ങിലുമൊക്കെ മുക്ത പ്രശസ്തിയായിരിക്കുന്നത് വെള്ളിനിറത്തിലെ തലമുടിയുടെ പേരിൽ കൂടിയാണ്. ലാക്മെ ഫാഷൻ വീക്കിൽ അടക്കം ഇതിനോടകം മുക്ത സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. രാജ്യാന്തര തലത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ലക്ഷ്യത്തിലാണ് ഇപ്പോൾ ഈ സ്റ്റൈലിഷ് മുത്തശ്ശി.