സാരിയിൽ ഇന്ദിരയുടെ പ്രൗഢി, പവർ സ്റ്റേറ്റ്‌മെന്റ് ചുരിദാറുകൾ; ഡ്രസ്സിങ്ങിലെ പ്രിയങ്ക ഫാക്ടർ!
Mail This Article
വലിയ പ്ലീറ്റുകളാക്കി നന്നായി ഒതുക്കിയുടുത്ത കോട്ടൺ സാരി! മുഖത്ത് പ്രസന്നതയും ആത്മവിശ്വാസത്തിന്റെ നിറ പുഞ്ചിരിയും, ഒപ്പം മുത്തശ്ശി ഇന്ദിര ഗാന്ധിയെ ഓർമിപ്പിക്കുന്ന സ്റ്റൈലും. രാഷ്ട്രീയത്തിനപ്പുറം പ്രിയങ്കയുടെ ലുക്കിനും സ്റ്റൈലിനും ആരാധകരേറെയാണ്. സംഭവം സിംപിളാണ് എന്നാൽ പവർഫുളും. ചിലർ വരുമ്പോൾ ചരിത്രം വഴിമാറും എന്നൊക്കെ പറയാറില്ലേ എന്നാൽ പ്രിയങ്കയെ കാണുമ്പോൾ ചരിത്രം കണ്മുന്നിൽ എന്ന പ്രതീതിയാണ്. അത് ഒരുപക്ഷേ അവർക്ക് തന്റെ മുത്തശ്ശി ഇന്ദിരയോടുള്ള രൂപസാദൃശ്യവും പിന്തുടരുന്ന ശൈലിയുമാകാം. മുഖവും മുടിയും ലുക്കും എല്ലാം അതേപടി ഇന്ദിരയുടേതുമായി സാമ്യമുള്ളതാണ് പ്രിയങ്കയുടേതും
പ്രിയങ്കയുടെ വസ്ത്രധാരണം ഫാഷൻ ലോകത്തിന്റെ ശ്രദ്ധ പലപ്പോഴും പിടിച്ചുപറ്റിയിട്ടുണ്ട്. 2008-10 കാലഘട്ടങ്ങളിൽ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ആയിരുന്നെങ്കിൽ ഇപ്പോൾ ക്ലാസി ആൻഡ് എലഗന്റ് ലുക്ക് ആണ്. 2004ൽ സഹോദരൻ രാഹുലിനും അമ്മ സോണിയയ്ക്കുമായി അമേഠിയിലും റായ്‌ബറേലിയിലും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമായപ്പോൾ മുതൽ ജനങ്ങൾ അവരെ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയി. ഗാന്ധിയൻ രാഷ്ട്രീയം തന്നെയാണ് താൻ പിന്തുടരുന്നതെന്ന് അവർ ഉടുക്കുന്ന ഖാദി കോട്ടൺ സാരികളിൽ വ്യക്തമായിരുന്നു. അഴിച്ചിട്ട പല്ലുവും ഹൈ നെക്ക് ലോങ്ങ് സ്ലീവ് ബ്ലൗസും അവരെ കൂടുതൽ സുന്ദരിയാക്കി. എന്നാൽ വോട്ട് ചെയ്യാൻ എത്തിയതാവട്ടെ വെള്ള ഷർട്ടും ബ്ലാക്ക് ട്രൗസർ പാന്റ്സും ധരിച്ചായിരുന്നു.
ഇതുവരെയുള്ള യാത്രയിൽ പ്രിയങ്ക ധരിക്കുന്ന വസ്ത്രങ്ങൾ അവരുടെ രാഷ്ട്രീയത്തെയും സ്വഭാവത്തെയും പ്രതിനിധീകരിക്കുന്നതായി മാറി. ഏത് വസ്ത്രവും ഇണങ്ങുന്ന ശരീര ശൈലിയാണ് പ്രിയങ്കയുടേത്. കാലമേറെയായിട്ടും അവർ അതേപടി പിന്തുടരുകയും ചെയ്യുന്നുണ്ട്. ഖാദി വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നത് പ്രിയങ്കയുടെ ഗാന്ധിയൻ ചിന്തകളുടെ തത്വം വിളിച്ചുപറയുന്നതാണ്. അതിൽ കഠിനാദ്വാനത്തിന്റെ തുറന്നുകാട്ടലും ലാളിത്യത്തിന്റെ തലോടലുമുണ്ട്. കോട്ടൺ ഖാദി മുതൽ, കാഞ്ചീപുരം, നൽഗൊണ്ട, പോച്ചംപള്ളി, ബനാറസ്, സമ്പൽപൂർ സാരികൾ വരെ പ്രിയങ്കയുടെ കളക്ഷനിലുണ്ട്. സാരികൾക്കൊപ്പം തന്നെ കോട്ടൺ ചുരിദാറുകളും പ്രിയങ്കയുടെ ഇഷ്ട വസ്ത്രങ്ങളിൽ ഇടം പിടിപിച്ചു എന്ന് വേണം പറയാൻ. ചുരിദാറിന്റെ ഷാൾ നാലായി മടക്കി ക്രോസ് ചെയ്തിടുന്നതാണ് പ്രിയങ്കയുടെ ഒരു ശൈലി. എന്നാൽ അതിൽ യാതൊരുവിധ അരോചകത്വവും നമുക്ക് കാണാനും സാധിക്കില്ല. അതാണ് പ്രിയങ്ക ഫാക്ടർ.
എല്ലാ നിറങ്ങളും പ്രിയങ്കയ്ക്ക് ഒരു പോലെ ചേരുമെങ്കിലും അമ്മയെയും മുത്തശ്ശിയേയും പോലെ ഇളം നിറങ്ങളാണ് കൂടുതൽ തിരഞ്ഞെടുക്കാറുള്ളത്. ഇതിലൊക്കെ ഉപരി പ്രിയങ്കയുടെ നോ മേക്കപ്പ് ലുക്കും പ്രത്യേകം എടുത്തുപറയേണ്ടതാണ്. മാത്രമല്ല അമിത ആഭരണങ്ങളോ അലങ്കാരങ്ങളോ ഇല്ല. പ്രിയങ്കയുടേത് ഒരു ഫാഷൻ സ്റ്റേറ്റ്‌മെന്റ് മാത്രമല്ല അവർ പിന്തുടരുന്ന ദാർശനിക ചിന്തകളുടെ ഒരു തുറന്നു കാട്ടൽ കൂടിയാണ്.