ADVERTISEMENT

ബിക്കിനി ധരിച്ച് സൗന്ദര്യമത്സരത്തിന്റെ റാംപിൽ ചുവടുവച്ചതിനെ തുടർന്ന് ഒരുരാത്രി മുഴുവൻ സമൂഹമാധ്യമങ്ങളിൽ രൂക്ഷമായ ആക്രമണം നേരിടേണ്ടിവന്നു പാക്കിസ്ഥാൻ മോഡൽ റോമ മൈക്കിളിന്. മിസ് ഗ്രാന്റ് ഇന്റർനാഷനൽ 2024ന്റെ വേദിയിലായിരുന്നു റോമ മൈക്കിൾ ബിക്കിനിയിൽ എത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ റോമ തന്നെ തന്റെ സമൂഹമാധ്യമ പ്ലാറ്റ്ഫോമിൽ പങ്കുവച്ചതോടെ വിഡിയോ വലിയ ചർച്ചയ്ക്ക് വഴിതെളിച്ചു. സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയുമുള്ള വിമർശനങ്ങൾ രൂക്ഷമായപ്പോൾ റോമ തന്നെ വിഡിയോ  ഡിലീറ്റ് ചെയ്തു. മാത്രമല്ല, ഹിജാബ് ധരിക്കാതെ റാംപിലെത്തിയതിന് ഭീഷണിയും നേരിടേണ്ടി വന്നു. 

ധരിച്ച വസ്ത്രത്തിന്റെ പേരിൽ ആക്രമണം നേരിട്ടപ്പോൾ വിഡിയോ സമൂഹമാധ്യമത്തിൽ നിന്ന് ഒഴിവാക്കാൻ റോമ നിർബന്ധിതയാവുകയായിരുന്നു. പാക്കിസ്ഥാനിലെ ചില യാഥാസ്ഥിതിക നിലപാടുകളുടെ ഫലമായാണ് റോമ സദാചാര ആക്രമണങ്ങൾക്ക് ഇരയായത്. ഇത്തരം യാഥാസ്ഥിതിക ചിന്താഗതികൾ പൊതുയിടങ്ങളിൽ സ്ത്രീകളുടെ വസ്ത്രധാരണത്തിലും വലിയ രീതിയിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുണ്ട്. ഇതാണ് റോമയ്ക്കെതിരെ സമൂഹമാധ്യമങ്ങളിലുണ്ടായ വിമർശനങ്ങളുടെ പ്രധാന കാരണം.  

roma-sp2
Image Credit: romamichael78/ Instagram
roma-sp2
Image Credit: romamichael78/ Instagram

ബിക്കിനി റൗണ്ടിൽ ‘ഗോൾഡൻ മെറ്റാലിക് ബിക്കിനി’യിലാണ് റോമ മൈക്കിൾ എത്തിയത്. ബിക്കിനിയില്‍ റാംപിലെത്താൻ റോമ കാണിച്ച ധൈര്യത്തെ പ്രശംസിച്ചു കൊണ്ട് നിരവധിപേർ രംഗത്തെത്തി.  എന്നാല്‍ ബിക്കിനിയിൽ റോമ റാംപിലെത്തിയതാണ് രാജ്യത്തെ യാഥാസ്ഥിതികവാദികളെ ചൊടിപ്പിച്ചു. ഇവരുടെ മോശം കമന്റുകള്‍ റോമയുടെ ആത്മവിശ്വാസം തകർക്കുന്നതായിരുന്നു. തുടർന്നാണ് അവർ സമൂഹമാധ്യമത്തിൽ നിന്ന് ബിക്കിനിയുള്ള ചിത്രങ്ങളും വിഡിയോയും ഒഴിവാക്കിയത്. 

ആരാണ് റോമ മൈക്കിൾ?

യൂണിവേഴ്സിറ്റി ഓഫ് സൗത്ത് ഏഷ്യയിൽ ബിടെക്കിൽ ബിരുദം നേടിയ റോമ പാക്കിസ്ഥാനിലെ ലാഹോർ സ്വദേശിയാണ്. 2013ലെ ഫെയ്സസ് ഓഫ് പാക്കിസ്ഥാനിലെ ഇന്റേൺഷിപ്പിലൂടെയാണ് മോഡലിങ് രംഗത്തേക്ക് ചുവടുവയ്ക്കുന്നത്. തന്റെ ഒരു സുഹൃത്തിന്റെ പ്രചോദനമാണ് മോഡലിങ്ങിലേക്ക് നയിച്ചതെന്ന് പാക്കിസ്ഥാൻ മാധ്യമമായ ദ് ട്രൈബ്യുണിനു നൽകിയ അഭിമുഖത്തിൽ റോമ പറയുന്നുണ്ട്.  മികച്ച കണ്ടന്റ് ക്രിയേറ്ററായ റോമ സമൂഹമാധ്യമത്തിൽ വളരെ എളുപ്പത്തിൽ തന്നെ ശ്രദ്ധനേടി. ഇൻസ്റ്റഗ്രാമിൽ 76,000ല്‍ അധികം ഫോളവേഴ്സ് ഉണ്ട് റോമയ്ക്ക്. ആഗോളതലത്തിൽ പ്രശസ്തരായ ഡിസൈനർമാർക്കൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചു. തായ്‌ലന്റിൽ നടന്ന മിസ് ഗ്രാന്റ് രാജ്യാന്തര സൗന്ദര്യമത്സരത്തിലും റോമ പങ്കെടുത്തു. ഹിജാബ് ധരിക്കാതെ ഈ സൗന്ദര്യമത്സത്തിൽ റോമ പങ്കെടുത്തതാണ് വിവാദമായത്. പാക്കിസ്ഥാൻ ഫാഷൻ ഡിസൈൻ കൗൺസിൽ, ഫാഷൻ പാക്കിസ്ഥാൻ വീക്ക് തുടങ്ങിയ സൗന്ദര്യമത്സരങ്ങളിലും റോമ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കൂടാതെ സിനിമകളിലും ടെലിവിഷൻ ഷോകളിലും അഭിനയിച്ചു. കാൻ ഫാഷൻ വീക്ക്, ദുബായ് ഫാഷൻ ഷോ എന്നീ പ്രശസ്തമായ ഫാഷഷൻ ഷോകളിൽ റോമ പാക്കിസ്ഥാനെ പ്രതിനിധീകരിച്ചു. 

English Summary:

Pakistani Model Roma Michael Sparks Outrage After Bikini Appearance at Miss Grand International

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com