ADVERTISEMENT

പ്രിയതമ ശർമയുടെ ബാല്യകാലം പിന്നീടുള്ള അവളുടെ ജീവിതം മുഴുവൻ വേട്ടയാടുന്ന ഇരുണ്ട രഹസ്യമായിരുന്നു. അഞ്ചാം വയസ്സിൽ തുടങ്ങിയ പീഡനകാലങ്ങൾ അവളെ പഠിപ്പിച്ചത് ജീവിതത്തിലെ വളരെ വലിയ പാഠങ്ങളായിരുന്നു. ഭോപ്പാൽ സ്വദേശി പ്രിയതമ ശർമ വളർന്നത് പെൺകുട്ടികളെ ഭാരമായി കാണുന്ന ഒരു സമൂഹത്തിലാണ്. 5 വയസ്സു മുതൽ 15 വയസ്സുവരെ അവൾ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു. കുടുംബത്തെ ഉപേക്ഷിച്ച് സ്വയം ജോലി കണ്ടെത്തി ജീവിക്കാൻ തുടങ്ങിയ പ്രിയതമ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കി ബിരുദാനന്തര ബിരുദം നേടി. പീഡനങ്ങൾ സഹിച്ചവരെ സഹായിക്കാൻ ഇന്ന് അവർ അഭിഭാഷകയായി സേവനമനുഷ്ഠിക്കുന്നു. 

ചെറുപ്രായത്തിൽ തുടങ്ങിയതാണ് പ്രിയതമയുടെ ജീവിതത്തിലെ ദുരിതങ്ങൾ. നാലു മക്കളിൽ ഒരാളെന്ന നിലയിൽ, ഒരു മൂത്ത സഹോദരിയും രണ്ട് ഇളയ സഹോദരന്മാരും ഉള്ളപ്പോൾ, പ്രിയതമ അവളുടെ വീട്ടിൽ വ്യക്തമായ ലിംഗഭേദം അനുഭവിച്ചു. പെൺകുട്ടികളേക്കാൾ പ്രായം കുറഞ്ഞ ആൺകുട്ടികൾക്ക് അവർ ആഗ്രഹിക്കുന്നതെന്തും പഠിക്കാൻ അനുവാദമുണ്ടായിരുന്നു. അതേസമയം പെൺകുട്ടികൾക്ക് ചെലവ് കുറഞ്ഞ ആർട്‌സ് കോഴ്‌സിന് ചേരേണ്ടി വന്നു. ബിരുദപഠനം പൂർത്തിയാക്കിയ ഉടൻ തന്നെ വിവാഹം. നടത്തിക്കൊടുക്കുന്നതിലായിരുന്നു വീട്ടുകാരുടെ ശ്രദ്ധ.  

ഗുഡ് ടച്ച് ,ബാഡ് ടച്ച് ആശയങ്ങൾ പഠിപ്പിക്കാത്ത ഈ ചുറ്റുപാടിൽ വളർന്ന പെൺകുട്ടി പീഡനം തുടങ്ങിയപ്പോൾ കുറ്റകൃത്യത്തിന്റെ വ്യാപ്തി പോലും തിരിച്ചറിഞ്ഞില്ല. ആദ്യം അയൽവാസിയുടെ വീട്ടിൽ, പിന്നെ സ്വന്തം വീട്ടിൽ, ബന്ധുക്കൾ. അങ്ങനെ സ്ഥലങ്ങൾ മാത്രം മാറി വന്നു. മാറ്റങ്ങളൊന്നും ഉണ്ടാവാതിരുന്നത് അവളുടെ ജീവിതത്തിനു മാത്രമായിരുന്നു. 

പതിനേഴാമത്തെ വയസ്സിൽ, സാമൂഹിക സമ്മർദ്ദവും വീട്ടിനുള്ളിൽ നിന്നുപോലും നേരിടേണ്ടിവരുന്ന ലൈംഗിക പീഡനങ്ങളെയടക്കം മറി കടക്കാൻ പ്രിയതമ വീട് വിടാനുള്ള ധീരമായ തീരുമാനമെടുത്തു. കുടുംബവും സമൂഹവും അടിച്ചേൽപ്പിക്കുന്ന നിയന്ത്രണങ്ങളിൽ നിന്നു സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വേണ്ടിയായിരുന്നു അത്. 20-ാം വയസ്സിൽ വിവാഹിതയായി. അയാളും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനല്ലായിരുന്നു. അക്രമവും പീഡനവും അവിടെയും തുടർന്നു.

''ഞാൻ ഒരു കൂട്ടിൽ കഴിയുകയായിരുന്നു. ആഗ്രഹിക്കുന്നതെന്തും അയാൾ എനിക്ക് തരും, പക്ഷേ ഞാൻ പുറത്ത് പോകുന്നതോ മറ്റുള്ളവരെ കാണുന്നതോ അയാൾ സമ്മതിച്ചിരുന്നില്ല. ഞാൻ ജീൻസ് ധരിക്കുന്നത് അയാൾക്ക് ഇഷ്ടമല്ല. ഒരിക്കൽ ഞാൻ അത് ധരിച്ചപ്പോൾ എന്നെ അടിച്ചു. ഞാൻ ജോലിയ്ക്ക് പോകുന്നതോ പഠിക്കുന്നതോ ഒന്നും അയാൾ അനുവദിച്ചിരുന്നില്ല. " തന്റെ ഭൂതകാലത്തെ കുറിച്ച് പ്രിയതമ ഓർത്തെടുക്കുന്നത് ഇങ്ങനെയാണ്. ഭർത്താവ് മറ്റൊരിടത്ത് ജോലി ചെയ്തിരുന്നതുകൊണ്ട് പ്രിയതമ സ്വന്തം വീട്ടിലാണ് ഈ കാലത്ത് ജീവിച്ചിരുന്നത്. ഇരുവരും കണ്ടുമുട്ടുന്നത് വളരെ കുറച്ച് സമയത്ത് ആയതുകൊണ്ടും ജോലിക്ക് പോകണമെന്ന് പ്രിയതമയ്ക്ക് ഉണ്ടായിരുന്നതുകൊണ്ടും അവർ മറ്റൊരു തീരുമാനമെടുത്തു. പ്രിയതമയുടെ വാക്കുകളിൽ പറഞ്ഞാൽ, ഇരട്ട ജീവിതം നയിക്കാൻ തുടങ്ങി. ഭർത്താവ് അറിയാതെ ഹിജാബ് ധരിച്ച് വീട്ടിൽ നിന്ന് ഇറങ്ങും. 2013 ൽ ആൾ ഇന്ത്യ റേഡിയോയിൽ പാർട്ട് ടൈം ജോലി ഉൾപ്പെടെ വിവിധ ജോലികളിൽ പ്രിയതമ ഭാഗ്യ പരീക്ഷണങ്ങൾ നടത്തി.

ഇരുപത്തിയഞ്ച് വർഷങ്ങൾക്കു ശേഷം, താൻ അനുഭവിച്ച പീഡനം മറ്റൊരു പെൺകുട്ടിക്കും നേരിടേണ്ടി വരില്ലെന്ന് ഉറപ്പാക്കാൻ പ്രിയതമ ശർമ ശബ്ദമുയർത്താൻ തീരുമാനിച്ചു. തികഞ്ഞ നിശ്ചയദാർഢ്യത്തിലൂടെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും പിന്തുണയിലൂടെയും പ്രിയതമ പതുക്കെ അവളുടെ ജീവിതം പുനർനിർമിക്കാൻ ആരംഭിച്ചു. മുഴുവൻ സമയവും ജോലി ചെയ്യുന്നതിനിടയിൽ പാർട്ട് ടൈം പഠനം തുടർന്നു. താമസിയാതെ പ്രിയതമ ഒറ്റയ്ക്ക് യാത്ര ചെയ്യാൻ തുടങ്ങി, അത് തികച്ചും വ്യത്യസ്തമായ ഒരു ലോകത്തേക്കുള്ള ജാലകം അവൾക്ക് തുറന്നു കൊടുത്തു. തുടർവിദ്യാഭ്യാസത്തിനായി ലക്നൗ സർവകലാശാലയിൽ ലൈബ്രറി സയൻസ് കോഴ്‌സിൽ ബിരുദാനന്തര ബിരുദം നേടി. ഈ സമയത്ത് ഭർത്താവിൽ നിന്നുള്ള പീഡനം സഹിക്കവയ്യാതെ പോലീസിൽ പരാതിപ്പെടുകയും വിവാഹമോചനം നേടുകയും ചെയ്തു. 

വീണ്ടും വിവാഹിതയായി ഭർത്താവിനൊപ്പം തന്റെ ഏറ്റവും മികച്ച ജീവിതം നയിക്കുന്ന പ്രിയതമ ഇന്ന് നിലകൊള്ളുന്നത് തന്നെപ്പോലെ കഷ്ടതകൾ അനുഭവിച്ച പെൺകുട്ടികൾക്ക് വേണ്ടിയാണ്. സ്ത്രീകൾക്ക് മെച്ചപ്പെട്ട ഇന്ത്യ സൃഷ്ടിക്കുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോൾ, ഇതെല്ലാം വീട്ടിൽ നിന്നാണ് ആരംഭിക്കേണ്ടതെന്നും നമ്മുടെ കുട്ടികളെ, പ്രത്യേകിച്ച് ആൺകുട്ടികളെ എങ്ങനെ വളർത്തണമെന്നും പ്രിയതമ ഊന്നിപ്പറയുന്നു. ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുപോലെ വളർത്തണം. അവർ കരയുമ്പോൾ 'നീ എന്തിനാ പെണ്ണിനെപ്പോലെ കരയുന്നത്' എന്ന് പറഞ്ഞ് അവരെ ശകാരിക്കരുത്. നിങ്ങളുടെ കുട്ടികളെ സംരക്ഷിക്കുകയും അവരെ മാനസികമായി ശക്തരാക്കുകയും ചെയ്യുക. ആൺകുട്ടികൾ സംവേദനക്ഷമതയുള്ളവരും അവരുടെ വികാരങ്ങളുമായി സമ്പർക്കം പുലർത്തുന്നവരുമാകുമ്പോൾ, അവർ പെൺകുട്ടികളെ ഉപദ്രവിക്കില്ല.”– പ്രിയതമ പറയുന്നു. 

English Summary:

From Survivor to Advocate: Priyathama Sharma's Fight for Justice

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com