മുഖസൗന്ദര്യത്തിനുള്ള ചികിത്സ പിഴച്ചു; തീവ്രമായ പൊള്ളലേറ്റ് യുവതി
Mail This Article
സൗന്ദര്യ സംരക്ഷണത്തിനായി വ്യത്യസ്തമായ മാർഗങ്ങൾ നമ്മൾ സ്വീകരിക്കാറണ്ട്. മാർക്കറ്റിൽ നിന്നും ലഭിക്കുന്ന സൗന്ദര്യ വർധകവസ്തുക്കളുടെ ഉപയോഗം മുതൽ കോസ്മറ്റിക് ചികിത്സയ്ക്കുവരെ പലരും വിധേയരാകാറുണ്ട്. അത്തരത്തിൽ സൗന്ദര്യ ചികിത്സനടത്തി അപകടം വരുത്തി വച്ചിരിക്കുകയാണ് യുകെ സ്വദേശിയായ മെലിയ നെൽസൺ എന്ന യുവതി. കൊളാജന്‍ ഉത്പാദനത്തിനായി നടത്തിയ ചികിത്സയിലാണ് യുവതിയുടെ മുഖത്ത് സാരമായി പരുക്കേറ്റത്.
മുഖത്ത് പൊള്ളലേറ്റ ചിത്രങ്ങൾ യുവതി തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. ‘മേക്കപ്പില്ലെങ്കിലും ആത്മവിശ്വാസമുണ്ട്’ എന്ന കുറിപ്പോടെയാണ് യുവതി ചിത്രം പങ്കുവച്ചത്. യുവതിയുടെ മുഖത്തിന്റെ ഭൂരിഭാഗവും പൊള്ളലേറ്റ പാടുകളുണ്ട്. മുഖത്തിനു കൂടുതൽ തിളക്കം നൽകുന്നതിനു വേണ്ടി യുകെയിലെ ഒരു പ്രമുഖ ബ്യൂട്ടി പാർലറിൽ നിന്നാണ് യുവതി സൗന്ദര്യ ചികിത്സ നടത്തിയത്. ഏകദേശം 8,400 രൂപയോളം ചെലവായി.
ഈ പ്രക്രിയ ചെയ്യുമ്പോൾ തന്നെ രക്തസ്രാവമുണ്ടായതായി മെലിയ വ്യക്തമാക്കി. അപ്പോൾ തന്നെ അവരെ വിവരം അറിയിച്ചെങ്കിലും അത് അവർ കേട്ടതായി ഭാവിച്ചില്ല. കുറച്ചു ദിവസങ്ങൾക്കുശേഷം തനിക്ക് കുറച്ചധികം രക്തസ്രാവമുണ്ടായെന്ന് സമ്മതിച്ചു കൊണ്ട് ട്രീറ്റ്മെന്റ് നടത്തിയ വ്യക്തി മെസേജ് അയച്ചെന്നും യുവതി വെളിപ്പെടുത്തി. ടോണറിന്റെ അമിതമായ ഉപയോഗം പൊള്ളലിനു കാരണമായെന്നും മെലിയ വ്യക്തമാക്കുന്നു.ചികിത്സയുടെ രണ്ടാമത്തെ സിറ്റിങ്ങിനെത്തിയപ്പോഴായിരുന്നു പൊള്ളലേറ്റതെന്നും യുവതി വ്യക്തമാക്കി.
‘‘രക്തസ്രാവമുണ്ടായപ്പോഴെല്ലാം അവർ അത് തുടച്ചുമാറ്റി. ഇടയ്ക്കിടെ ഞാൻ ഓകെയല്ലേ എന്നവർ ചോദിച്ചുകൊണ്ടിരുന്നു. ഇപ്പോഴാണ് എന്തുകൊണ്ടാണ് അവർ അങ്ങനെ ചോദിച്ചുകൊണ്ടിരുന്നതെന്ന് എനിക്ക് മനസ്സിലായത്. അത്രയും ഭാഗം പൊള്ളിയിരിക്കുകയാണെന്ന് എനിക്ക് മനസ്സിലായി. ഇത് സാധാരണപോലെയല്ലെന്നും തോന്നി. ആ രാത്രി പേടി കാരണം എനിക്ക് ഉറങ്ങാൻ സാധിച്ചില്ല. ഞാൻ പലതവണ മുഖം കഴുകി. പൊള്ളലേറ്റ സ്ഥലത്ത് ഒന്നും പുരട്ടിയില്ല.’’– മെലിയ പറയുന്നു. പിറ്റേന്ന് രാവിലെ തന്നെ ആശുപത്രിയില്‍ ചികിത്സ തേടി. കെമിക്കൽ ബേണിങ് ആണെന്ന് ഡോക്ടർ വ്യക്തമാക്കി. ബ്യൂട്ടി പാർലറിനെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണ് യുവതി.