ADVERTISEMENT

ചുവന്ന ബ്ലൗസും ഗ്രേ കളർ കോട്ടൺ സാരിയും ഉടുത്ത് മലയാളികളുടെ മനസ്സിലേക്ക് മലർ മിസ്സായി കടന്നു വന്ന സായി പല്ലവിയെ ഓർമയില്ലേ? സിനിമ ഇറങ്ങി പത്തുവർഷത്തോളമായെങ്കിലും സായിപല്ലവിയോടുള്ള മലയാളികളുടെ ഇഷ്ടം ഇന്നും മായാതെയുണ്ട്. മലയാളത്തിൽ മാത്രമല്ല ലോകമെമ്പാടും അവർക്ക് നിരവധി ആരാധകരുണ്ട്. അതിന് പ്രധാനകാരണം സായിപല്ലവിയുടെ നിലപാടുകളും അവരുടെ വസ്ത്രധാരണവും തന്നെയാണ് 

മേക്കപ്പിനോടോ, അമിതമായ രീതിയിയുള്ള ആടയാഭരണങ്ങളോടോ അവർക്കു താത്പര്യമില്ല. തന്റെ നിറത്തിലും, ലുക്കിലും, എന്തിന് മുഖക്കുരു നിറഞ്ഞ ചർമത്തിൽ പോലും അവർക്ക് ആത്മവിശ്വാസമുണ്ട്. യുവതലമുറയ്ക്ക് താരത്തോട് ആരാധന കൂടുന്നതിനുള്ള കാരണവും അവരുടെ ലളിതമായ ലുക്കും സ്റ്റൈലും തന്നെയാണ്. തന്റെ ശരീരം കാണിച്ചു കിട്ടുന്ന റോളുകളും ആളുകളുടെ സ്നേഹവുംആവശ്യമില്ല എന്ന് തുറന്നു പറഞ്ഞ നടി കൂടിയാണ് സായിപല്ലവി. അവിടെയാണ് സായിപല്ലവിയുടെ സാരിയോടുള്ള പ്രണയവും പ്രസക്തമാകുന്നത്. 

മിക്കചടങ്ങുകളിലും താരം ഏറ്റവും മനോഹരമായ സാരികളിലാണ് എത്തുന്നത്. സാരിയിലാണ് താൻ ഏറ്റവും കംഫർട്ടബിൾ ആയിരിക്കുന്നതെന്ന് മുൻപ് ഒരു അഭിമുഖത്തിൽ സായിപല്ലവി വ്യക്തമാക്കിയിരുന്നു. 2015ൽ ‘പ്രേമം’ ഇറങ്ങിയതിനുശേഷം ആദ്യമായി ഓണം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ പല്ലവി പങ്കുവച്ചിരുന്നു. അന്ന് മലയാളി പെൺകുട്ടിയായി സെറ്റ് സാരി ഉടുത്തിരിക്കുന്ന ചിത്രമായിരുന്നു പങ്കുവച്ചത്. ശേഷം 2019ലെ വിഷുവിനും അതിമനോഹരമായ  സെറ്റ് സാരി ഉടുത്ത ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. വലിയ സ്വർണ കസവുകളുള്ള സാരിക്ക് ഹാഫ് സ്ലീവ് ബ്ലൗസായിരുന്നു താരം ധരിച്ചത്. ഒത്തിരിപേരുടെ ഇഷ്ടവും പ്രശംസയും പിടിച്ചു പറ്റിയ ലുക്കായിരുന്നു അത്.

sai-pallavi-sp4
Image Credit: saipallavi.senthamarai/ instagram
sai-pallavi-sp4
Image Credit: saipallavi.senthamarai/ instagram

കോട്ടൺ, കാഞ്ചീവരം, ബനാറസ് സാരികൾ‌ മുതൽ സിംപിൾ–ഷിഫോൺ സാരികൾ വരെ സായിപല്ലവിയുടെ കളക്ഷനിൽ ഉണ്ട്. ‘സിംപിൾ ആന്റ് എലഗന്റ്’ അതാണ് താരത്തിന്റെ സ്റ്റൈൽ. വളരെ ചുരുക്കം വേദികളിൽ മാത്രമേ ഹെവി ആഭരണങ്ങളും മേക്കപ്പും പല്ലവി ഉപയോഗിച്ചു കണ്ടിട്ടുള്ളു. സ്ലീവ്‌ലെസ് അല്ലെങ്കിൽ ഹാഫ് സ്ലീവ് ബ്ലൗസുകളാണ് കൂടുതൽ ഉപയോഗിക്കാറുള്ളത്. ഇളം നിറങ്ങളാണ് കൂടുതൽ ധരിക്കുന്നതെങ്കിലും വൈബ്രന്റ് നിറങ്ങളും താരത്തിന്റെ കളക്ഷനിൽ ഉണ്ട്. മുൻപ് ധരിച്ച ചുവപ്പ് കാഞ്ചീവരം സാരിയൊക്കെ ആരാധകരുടെ മനംകീഴടക്കുന്നതായിരുന്നു.

English Summary:

Sai Pallavi: Redefining Elegance with Simplicity and Sarees

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com