ക്ലീവേജ് കാണുന്ന വസ്ത്രത്തിൽ ഡയാനയുടെ വജ്രമാലയണിഞ്ഞ് കിം കർദാഷിയാൻ; മാലയെ അപമാനിക്കുന്നെന്ന് വിമർശനം
Mail This Article
റെഡ്കാർപ്പറ്റുകളിൽ വ്യത്യസ്ത വസ്ത്രങ്ങളിലും ലുക്കിലും എത്തി ആരാധകരെ അമ്പരപ്പിക്കുന്ന താരമാണ് കിം കർദാഷിയാൻ. ഇക്കാരണം കൊണ്ടു തന്നെ ഫാഷൻ ലോകത്ത് വളരെ പെട്ടെന്നു തന്നെ തന്റേതായ ഇടം കണ്ടെത്താൻ കിമ്മിനു സാധിച്ചു. അതോടൊപ്പം വലിയ രീതിയിലുള്ള വിമർശനങ്ങളും കിമ്മിനെ തേടിയെത്തി. 2022ൽ മെറ്റ്ഗാലയുടെ വേദിയിൽ മെർലിൻ മൺറോയുടെ വസ്ത്രം ധരിച്ചെത്തിയത് വിവാദമായിരുന്നു. ഇപ്പോഴിതാ ഡയാന രാജകുമാരിയുടെ വജ്രമാലയണിഞ്ഞെത്തി പുതിയ വിവാദത്തിനു തിരികൊളുത്തിയിരിക്കുകയാണ് കിം കർദാഷിയാൻ.
ഡയാന രാജകുമാരിയുടെ കോടികൾ വിലമതിക്കുന്ന വജ്രം പതിച്ച കുരിശുമാലയാണ് കിംകർദാഷിയാൻ അണിഞ്ഞിരിക്കുന്നത്. ലാക്മാ ആർട്ട് ആന്റ് ഫിലിം ഗാലയിലാണ് കർദാഷിയാൻ ഈ മാലയണിഞ്ഞെത്തിയത്. കഴിഞ്ഞ വർഷം ന്യൂയോർക്കിൽ നടന്ന ലേലത്തിലാണ് ഡയാന രാജകുമാരിയുടെ ‘അറ്റെലോ ക്രോസ്’ എന്ന വജ്രങ്ങൾ പതിച്ച കുരിശുമാല കിം സ്വന്തമാക്കിയത്. 1.66 കോടി വിലമതിക്കുന്നതാണ് ഈ വൈരകുരിശുമാല. ബ്രിട്ടിഷ് രാജകുടുംബത്തിലെ പ്രശസ്തമായ ആഭരണമാണിത്.
ക്ലീവേജ് കാണുന്ന രീതിയിലുള്ള ഡീപ്പ് നെക്ക് ഗുച്ചി ഗൗണിനൊപ്പമാണ് കർദാഷിയാൻ ഈ മാല അണിഞ്ഞത്. ഇതേതുടർന്നാണ് വിവാദം. കർദാഷിയാൻ സ്വന്തം സ്റ്റൈലിൽ മാലയണിഞ്ഞത് പലരെയും ചൊടിപ്പിച്ചു. കിമ്മിന്റേത് മാന്യമായ വസ്ത്രധാരണമല്ലെന്നും ഇത് മാലയെ അപമാനിക്കുന്നതിനു തുല്യമാണെന്നുമായിരുന്നു ഉയർന്ന പ്രധാന വിമർശനം. ആദ്യമായാണ് ഈ മാലയണിഞ്ഞ് കിം പൊതുയിടത്തില്‍ എത്തുന്നത്. മാലയ്ക്കൊപ്പം മുത്തുകൾ പതിച്ച ചോക്കറും കിം സ്റ്റൈൽ ചെയ്തിട്ടുണ്ട്.
പർപ്പിള്‍ നിറത്തിലുള്ള രത്നങ്ങൾക്കു ചുറ്റിലും വജ്രം പതിപ്പിച്ചതാണ് കുരിശാകൃതിയിലുള്ള ലോക്കറ്റ്. ബ്രിട്ടിഷ് ആഭരണ നിർമാതാക്കളായ ജെറാൾഡ് എന്ന ഡിസൈനിങ് കമ്പനി 1920ലാണ് ഈ മാല നിർമിച്ചത്. ഡയാന ഈ മാലയണിഞ്ഞ് പൊതുപരിപാടികളിൽ എത്തിയിരുന്നു. 1987ൽ പർപ്പിൾ നിറത്തിലുള്ള കാതറിൻ വാക്കർ ഗൗണിനൊപ്പം ഡയാന രാജകുമാരി ഈ മാലയണിഞ്ഞത് ശ്രദ്ധനേടിയിരുന്നു.