ശുചിത്വം വേണം; സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി ഐശ്വര്യാ റായ്
Mail This Article
സൗന്ദര്യത്തിന്റെ മറ്റൊരു പേര്, വെള്ളാരംകണ്ണുള്ള ലോകസുന്ദരി! വയസ് 51 ആയിട്ടും ഐശ്വര്യാ റായിയുടെ സൗന്ദര്യത്തിനു കുറവില്ല. രണ്ടു വർഷം മുൻപിറങ്ങിയ മണിരത്നത്തിന്റെ ‘പൊന്നിയൻ സെൽവനി’ൽ പോലും അതിസുന്ദരി ആയിട്ടായിരുന്നു ഐശ്വര്യ എത്തിയത്. സ്‌ക്രീനിൽ കാണുമ്പോൾ നമ്മൾ തന്നെ ചിന്തിച്ചു പോകും. ഈ പ്രായത്തിലും അവർ തന്റെ സൗന്ദര്യം ഇത്രഭംഗിയായി നിലനിർത്തുന്നത് എങ്ങനെയായിരിക്കും? ഇപ്പോൾ സൗന്ദര്യ പരിപാലന രഹസ്യം ആരാധകരുമായി പങ്കുവയ്ക്കുകയാണ് ഐശ്വര്യ.
യുകെ ആസ്ഥാനാമായി പ്രവർത്തിക്കുന്ന ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഐശ്വര്യാ റായ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജലാംശം നിലനിർത്തുന്നതും ശുചിത്വം പാലിക്കുന്നതുമാണ് ഐശ്വര്യയുടെ പ്രധാനപ്പെട്ട സൗന്ദര്യസംരക്ഷണ ദിനചര്യ. ഇത് വളരെ ഫലപ്രദമാണെന്നാണ് ഐശ്വര്യ തന്നെ പറയുന്നത്. ഐശ്വര്യയുടെ ദിനചര്യയിൽ ഒഴിച്ചുകൂടാത്ത ഒന്നാണ് രാവിലെയും രാത്രിയും ചർമം മോയ്സ്ചറൈസ് ചെയ്യുന്നത്. സിനിമ അഭിനയം തുടങ്ങുന്ന കാലത്ത് തൊട്ടുള്ള ശീലമാണിത്. അത് പിന്നീട് ഒരു ജീവിതരീതിയായി മാറി. കൂടാതെ ദിവസവും ധാരാളം വെള്ളം കുടിക്കും. അത് ചർമത്തിന് മികച്ചതാണെന്നാണ് ഐശ്വര്യ പറയുന്നത്.
ജലാംശവും ചർമാരോഗ്യവും
ജലാംശം നിലനിർത്തുക എന്നത് ചർമ സംരക്ഷണത്തിന്റെ അടിസ്ഥാനപരമായ കാരണം. ഇത് ചർമത്തിന്റെ ഘടനയെയും പ്രവർത്തനത്തെയും നേരിട്ടു സ്വാധീനിക്കുന്നു. ചർമസംരക്ഷണ പാളിയായി നിൽക്കുന്ന സ്ട്രാറ്റം കോർണിയയെ നിലനിർത്തുന്നതിന് ജലാംശം പ്രധാനമാണ്. കൂടാതെ ജലാംശം നിലനിർത്തിയാൽ ചർമത്തിനു മെച്ചപ്പെട്ട ഇലാസ്തികത ലഭിക്കുകയും ചുളിവുകൾ ഇല്ലാതാകുകയും ചെയ്യും. അതായത് ഇതൊരു ആന്റി ഏജിഭ് ഫലംനൽകും. കൂടാതെ ചർമത്തിന് ആവശ്യമായ ജലാംശം ലഭിച്ചില്ലെങ്കിൽ ചർമം മങ്ങിയത് പോലെ തോന്നിക്കും. മാത്രമല്ല അന്തരീക്ഷ മലിനീകരണം ചർമത്തെ നേരിട്ട് ബാധിക്കും.
ശുചിത്വം
നല്ല ശുചിത്വം പാലിക്കുന്നതിലൂടെ, വ്യക്തികൾക്ക് ചർമത്തിൽ അഴുക്ക്, എണ്ണകൾ, മലിനീകരണം എന്നിവ അടിഞ്ഞുകൂടുന്നത് തടയാൻ കഴിയും. അല്ലെങ്കിൽ ഇത് സുഷിരങ്ങൾ അടയുകയും മുഖക്കുരു അല്ലെങ്കിൽ ഡെർമറ്റൈറ്റിസ് പോലുള്ള കോശജ്വലന അവസ്ഥകളിലേക്ക് നയിക്കുകയും ചെയ്യും. അതുകൊണ്ട് ദിവസേന രണ്ട് തവണയെങ്കിലും മുഖം വൃത്തിയായി കഴുകണം. ചർമത്തിന് അനുയോജ്യമായ ഫേസ്‌വാഷുകൾ ഉപയോഗിച്ചോ അല്ലാതെയോ മുഖം കഴുകാവുന്നതാണ്.
മോയ്സ്ചറൈസ് ചെയ്യുന്നതിന്റെ ഗുണങ്ങൾ
പതിവായി മോയ്സ്ചറൈസ് ചെയ്യുന്നതിലൂടെ കാലക്രമേണ ചർമത്തിലെ 35 ശതമാനം ജലാംശം വർധിപ്പിക്കാൻ സഹായിക്കും എന്ന് പഠനങ്ങളിൽ വരെ സൂചിപ്പിക്കുന്നുണ്ട്. രാവിലെയും വൈകിട്ടും ദിവസേന ചർമം മോയ്സ്ചറൈസ് ചെയ്യുന്നത് ഈർപ്പം നിലനിർത്താനും ചർമത്തിന് തിളക്കം ലഭിക്കാനും സഹായിക്കും. 30 കഴിഞ്ഞവർക്ക് ഹൈലൂറോണിക് ആസിഡ് പോലുള്ള ചേരുവകൾ ഉള്ള മോയ്സ്ചറൈസർ ഉപയോഗിക്കുന്നത് കൂടുതൽ ഗുണം ചെയ്യും.