പേരിനൊപ്പം ‘ബച്ചൻ’ എന്നു ചേർത്തില്ല; സ്റ്റൈൽ മാറ്റി ഐശ്വര്യാ റായ്: പുതിയ ലുക്കിൽ അതിസുന്ദരി
Mail This Article
ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വിവാഹബന്ധം വേർപിരിയുന്നു എന്ന തരത്തിലുള്ള വാർത്തകൾ ദിനംപ്രതി വാർത്താ പ്രാധാന്യം നേടുന്നുണ്ട്. ഈ ഗോസിപ്പുകളോട് ഇതുവരെ ഐശ്വര്യാ റായ് പ്രതികരിച്ചിട്ടില്ല. എന്നാൽ വിവാഹമോചന വാർത്തകൾ ചൂടുപിടിച്ച ചർച്ചയാകുന്നതിനിടെ ഇപ്പോൾ പുതിയ ഹെയർ സ്റ്റൈലിൽ അതീവ സുന്ദരിയായി എത്തിയ ഐശ്വര്യാ റായിയുടെ ചിത്രങ്ങളാണ് മാധ്യമശ്രദ്ധ നേടുന്നത്. ദുബായിൽ നടന്ന ഗ്ലോബൽ വിമൻസ് ഫോറം 2024ലാണ് പുതിയ ലുക്കിലും സ്റ്റൈലിലും ഐശ്വര്യ എത്തിയത്.
സ്ത്രീ ജീവിതങ്ങൾ ആഘോഷമാക്കുന്നതിനും ശാക്തീകരിക്കുന്നതിനും വേണ്ടി പല മേഖലകളിൽ നിന്നുള്ള സ്ത്രീകളെയാണ് പരിപാടിയുടെ ഭാഗമാക്കിയത്. മനോഹരമായ നീല നിറത്തിലുള്ള വസ്ത്രവും നീലയിൽ വെളുത്ത എംബ്രോയിഡറികൾ ചെയ്ത ജാക്കറ്റും ധരിച്ചാണ് ഐശ്വര്യ പരിപാടിയിൽ പങ്കെടുത്തത്. എന്നാൽ ഏറ്റവും ശ്രദ്ധ നേടിയത് താരത്തിന്റെ പുതിയ ഹെയർ സ്റ്റൈൽ തന്നെയായിരുന്നു. അംബാനി കല്യാണത്തിനടക്കം അടുത്തകാലങ്ങളിലായി ഐശ്വര്യ എത്തുന്ന പൊതുവേദികളിലെല്ലാം മുടി നടുവിൽ നിന്നും രണ്ടായി പകുത്തിട്ട ലുക്കിൽ ആയിരുന്നു താരം എത്തിയിരുന്നത്.
ഇപ്പോൾ ഒരു വശത്തു നിന്നും പകുത്തിട്ട മുടിയിൽ ഐശ്വര്യ കൂടുതൽ സുന്ദരിയായി കാണപ്പെടുന്നു. പ്രായം ഏറുന്നതനുസരിച്ച് ഐശ്വര്യയുടെ ഭംഗി കുറയുന്നുവെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ കമന്റുകൾ നിറയുന്നതിനിടെയാണ് ഇപ്പോൾ അതിനെയെല്ലാം മറികടന്ന് തന്റെ സൗന്ദര്യത്തിന് തെല്ലും മങ്ങലേറ്റിട്ടില്ല എന്ന പ്രസ്താവന പോലെ പുതിയ ലുക്കിൽ ഐശ്വര്യ പ്രശംസ നേടുന്നത്. ഭംഗി മാത്രമല്ല പരിപാടിയിൽ ഐശ്വര്യയുടെ വാക്കുകളും ഏറെ ശ്രദ്ധ നേടി. ആഗോളതലത്തിലുള്ള മാറ്റങ്ങളിലും സ്ത്രീ ശാക്തീകരണത്തിലും ഐക്യത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടികൊണ്ടായിരുന്നു ഐശ്വര്യയുടെ വാക്കുകൾ.
എന്നാൽ ഇതിനോടൊപ്പം തന്നെ പുതിയ വിവാദങ്ങൾക്കും പരിപാടി വഴിയൊരുക്കിയിട്ടുണ്ട്. വേദിയിൽ ഐശ്വര്യയുടെ പേരിനൊപ്പം ബച്ചൻ എന്ന് ചേർക്കാതിരുന്നതാണ് സമൂഹമാധ്യമങ്ങളുടെ കണ്ണിൽപെട്ടത്. അഭിഷേക് ബച്ചനുമായുള്ള ബന്ധത്തിൽ ഉലച്ചിൽ ഉണ്ടെന്നതിന്റെ സൂചനയാണിതെന്ന തരത്തിൽ വീണ്ടും ചർച്ചകൾ സജീവമായി. എന്നാൽ ഇപ്പോഴും സമൂഹമാധ്യമ പേജുകളിൽ ഐശ്വര്യയുടെ പേരിനൊപ്പം ബച്ചൻ കുടുംബത്തിന്റെ പേരുണ്ടെന്നും അതിനാൽ ഗോസിപ്പുകളിൽ കഴമ്പില്ലെന്നും വാദിക്കുന്നവരും കുറവല്ല.