ADVERTISEMENT

ഏതൊരു ആഘോഷവേളയിലും ഏറ്റവും പ്രൗഢിയിൽതിളങ്ങാൻ ബോളിവുഡിലെ ഒന്നാംനിര താരസുന്ദരിമാരും രാജ്യാന്തര തലത്തിലുള്ള സെലിബ്രിറ്റികളും തേടിയെത്തുന്ന ബ്രാൻഡ്!  വേറിട്ടു നിൽക്കുന്ന ഏതൊരു വേഷവിധാനത്തെക്കുറിച്ച് ചോദിച്ചാലും താരങ്ങളുടെ മറുപടി ഇങ്ങനെയാവും 'ഇത് സബ്യസാചിയിൽ നിന്നുള്ളതാണ്'. ഇന്ത്യൻ ഫാഷൻ ലോകത്തിന്റെ പ്രതീകമായി സാധാരണക്കാരും സമ്പന്നരും സെലിബ്രിറ്റുകളുമെല്ലാം ഒരുപോലെ ആഴത്തിൽ മനസ്സിൽ പതിപ്പിച്ച പേരാണ് സബ്യസാചി. സബ്യസാചി മുഖർജി എന്ന അൻപതുകാരന്റെ ആത്മവിശ്വാസത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും സമാനതകളില്ലാത്ത കാഴ്ചപ്പാടിന്റെയും കയ്യൊപ്പ് പതിഞ്ഞതാണ് ഇവിടെനിന്നുള്ള ഓരോ വസ്ത്രവും.

ഒരു വസ്ത്രം അത് ധരിക്കുന്നയാൾക്ക് അനുയോജ്യമായ രീതിയിൽ ഒരുക്കുക എന്നതിലുപരി, നിറങ്ങളും വ്യത്യസ്തമായ തുണിത്തരങ്ങളും കൊണ്ട് മാസ്റ്റർ പീസുകൾ നിർമിച്ചെടുക്കുകയാണ് സബ്യസാചി. അസാധാരണത്വവും ആധികാരികതയും തന്നെയാണ് സബ്യസാചി എന്ന ലോകോത്തര ബ്രാൻഡിനെ വേറിട്ട് നിർത്തുന്നത്. ഇന്ത്യൻ ഫാഷൻ ലോകത്ത് ഒന്നാം സ്ഥാനത്തേയ്ക്കുള്ള സബ്യസാചിയുടെ യാത്ര അദ്ദേഹം തയാറാക്കുന്ന വസ്ത്രങ്ങൾ പോലെ തന്നെ ആകർഷകവുമായിരുന്നു.

sabyasachi-sp2
ദീപാവലി വസ്ത്രത്തിൽ സബ്യസാചി മുഖർജി∙ ചിത്രം: (Photo by Craig Barritt / GETTY IMAGES NORTH AMERICA / Getty Images via AFP)
sabyasachi-sp2
ദീപാവലി വസ്ത്രത്തിൽ സബ്യസാചി മുഖർജി∙ ചിത്രം: (Photo by Craig Barritt / GETTY IMAGES NORTH AMERICA / Getty Images via AFP)

കൊൽക്കത്തയിലെ ഒരു ഇടത്തരം കുടുംബത്തിലാണ് സബ്യസാചി മുഖർജി ജനിച്ചുവളർന്നത്. വസ്ത്രനിർമാണം കരകൗശലം തുടങ്ങിയ മേഖലകൾ ചെറുപ്പം മുതൽ തന്നെ സബ്യസാചിയെ ആകർഷിച്ചു. പതിനഞ്ചാം വയസ്സിലാണ് ഈ മേഖലയിലേയ്ക്ക് തിരിയാനുള്ള ആഗ്രഹം അദ്ദേഹം മാതാപിതാക്കളോട് പ്രകടിപ്പിച്ചത്. എന്നാൽ ഏതാണ്ട് അതേസമയത്ത് അദ്ദേഹത്തിന്റെ അച്ഛന്റെ ജോലി നഷ്ടപ്പെട്ടിരുന്നു. ഇഷ്ടപ്പെട്ട മേഖലയിൽ പഠനം നടത്താൻ പണം കണ്ടെത്താനാവില്ല എന്ന അവസ്ഥയിലായിരുന്നു അവർ. എന്നാൽ മനസ്സിൽ വേരൂന്നിയ ആഗ്രഹത്തിൽ നിന്നും പിന്തിരിയാൻ സബ്യസാചി തയാറായിരുന്നില്ല. എൻഐഎഫ്ടിയിൽ പഠിക്കണമെന്ന ആഗ്രഹത്തിന് ഏതാണ്ട് തിരശീല വീഴുമെന്ന് മനസ്സിലായതോടെ വീടുവിട്ട് പോവുകയായിരുന്നു സബ്യസാചി കണ്ടെത്തിയ മാർഗം.

ഗോവയിലേക്കായിരുന്നു ആ യാത്ര. അവിടെ വെയ്റ്ററായി ജോലിചെയ്ത് ഉപജീവനമാർഗം കണ്ടെത്തി. ആഗ്രഹിച്ചതുപോലെ എൻഐഎഫ്ടിയിൽ അഡ്മിഷൻ നേടി. തന്റെ പുസ്തകങ്ങൾ വിറ്റും കഠിനാധ്വാനം ചെയ്തുമാണ് പഠനത്തിനുള്ള തുക സബ്യസാചി കണ്ടെത്തിയത്. 1999ൽ ഫാഷൻ ടെക്നോളജി ബിരുദത്തോടെ പഠിച്ചിറങ്ങി. എന്നാൽ ഏതെങ്കിലും സ്ഥാപനത്തിൽ ജോലിചെയ്ത് മറ്റുവിദ്യാർഥികളെ പോലെ വെറുമൊരു ഫാഷൻ ഡിസൈനറായി ഒതുങ്ങി കൂടുക എന്നതായിരുന്നില്ല അദ്ദേഹത്തിന്റെ ലക്ഷ്യം. പഠിച്ചിറങ്ങുമ്പോൾ തന്നെ സ്വന്തം കാലിൽ നിന്നുകൊണ്ട് സ്വന്തം ലേബലിൽ വസ്ത്രങ്ങൾ തയാറാക്കാനുള്ള ആത്മവിശ്വാസവും അദ്ദേഹം നേടിയിരുന്നു.

adhithi-sidharth-sabyasachisp
സബ്യസാചി ഡിസൈൻ ചെയ്ത വിവാഹ വസ്ത്രത്തിൽ അദിതി റാവു ഹൈദരിയും സിദ്ധാർഥും. ചിത്രം: sabyasachiofficial/ Instagram
adhithi-sidharth-sabyasachisp
സബ്യസാചി ഡിസൈൻ ചെയ്ത വിവാഹ വസ്ത്രത്തിൽ അദിതി റാവു ഹൈദരിയും സിദ്ധാർഥും. ചിത്രം: sabyasachiofficial/ Instagram

സഹോദരിയിൽ നിന്നും 20,000 രൂപ കടം വാങ്ങിക്കൊണ്ടായിരുന്നു സബ്യസാചി എന്ന ബ്രാൻഡിലേയ്ക്കുള്ള ആദ്യ ചുവടുവയ്പ്പ്. മൂന്ന് ജോലിക്കാരുമായി ചെറിയ രീതിയിൽ ഒരു സ്റ്റോർ ആരംഭിച്ചു. വർക്ക്ഷോപ്പിൽ കിടക്കകൾ നന്നാക്കിയും രാത്രികളെ പകലാക്കിയും അദ്ദേഹം വെല്ലുവിളികളോടു പൊരുതിക്കൊണ്ടിരുന്നു. മനസ്സിൽ കണ്ട ഡിസൈനുകളിൽ പലതിനും ജീവൻ നൽകാൻ സ്വന്തം ശരീരം പോലും മറന്നു കൊണ്ടായിരുന്നു ഈ യാത്ര. ഏതാണ്ട് അഞ്ചു വർഷക്കാലം നീണ്ട കഠിനപ്രയത്നം തന്നെയായിരുന്നു ഇത്. എന്നാൽ ഇതിനിടെ 2002ൽ ഇന്ത്യൻ ഫാഷൻ വീക്കിൽ സബ്യസാചി സാന്നിധ്യം അറിയിച്ചു.

അദ്ദേഹത്തിന്റെ ഫാഷൻ സങ്കൽപങ്ങൾക്ക് ചിറകുമുളച്ച അവസരമായിരുന്നു അത്. വേറിട്ട ഡിസൈനുകളും കോംപിനേഷനുകളും മാധ്യമ ശ്രദ്ധനേടി. വെല്ലുവിളികൾക്കു മുന്നിൽ സ്വപ്നങ്ങൾ അടിയറവു വയ്ക്കാതെ മുന്നോട്ട് നീങ്ങാനുള്ള ഊർജമായിരുന്നു അദ്ദേഹത്തിന് ഈ പ്രശംസകൾ നേടിക്കൊടുത്തത്. 2003ൽ രാജ്യാന്തരതലത്തിൽ നടന്ന മെഴ്സിഡസ് ബെൻസ് ന്യൂ ഏഷ്യ ഫാഷൻ വീക്കിൽ ഗ്രാൻഡ് വിന്നർ പുരസ്കാരം സബ്യസാചി കരസ്ഥമാക്കി. സ്വപ്നം കണ്ട ലോകത്തേയ്ക്കു പറന്നു തുടങ്ങുകയായിരുന്നു സബ്യസാചി. 2005ൽ സഞ്ജയ് ലീലാ ബൻസാലിയുടെ ‘ബ്ലാക്ക്’ എന്ന ചിത്രത്തിനു വസ്ത്രങ്ങൾ ഒരുക്കിയതിലൂടെ മികച്ച കോസ്റ്റ്യൂം ഡിസൈനറിനുള്ള ദേശീയ പുരസ്കാരവും സബ്യസാചി കരസ്ഥമാക്കി.

alia-sabyasachi-sp
സബ്യസാചി ഡിസൈനർ സാരിയിൽ ആലിയ ഭട്ട് മെറ്റ് ഗാലയിൽ∙ ചിത്രം: sabyasachiofficial/ Instagram
alia-sabyasachi-sp
സബ്യസാചി ഡിസൈനർ സാരിയിൽ ആലിയ ഭട്ട് മെറ്റ് ഗാലയിൽ∙ ചിത്രം: sabyasachiofficial/ Instagram

ഫാഷൻ മേഖലകളിൽ പലയിടങ്ങളിലും അദ്ദേഹം തന്റെ ബ്രാൻഡിന്റെ സാന്നിധ്യം നിരന്തരം അറിയിച്ചുകൊണ്ടേയിരുന്നു. 2006 ആണ് സബ്യസാചിയുടെ കരിയറിൽ വഴിത്തിരിവുകൾ സൃഷ്ടിച്ച വർഷം. ഓക്സ്ഫഡ് സർവകലാശാലയുടെ ബ്ലാക്ക് ടൈ ചാരിറ്റി ഫാഷൻ ഡിന്നർ ഷോയിൽ തന്റെ വസ്ത്ര ശേഖരം സബ്യസാചി പ്രദർശിപ്പിച്ചു. സർവകലാശാലയിലെ ഉന്നത ശ്രേണിയിലുള്ളവരെ മാത്രമല്ല ലോകമെമ്പാടുമുള്ള ഫാഷൻ ആരാധകരെ അമ്പരപ്പിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ഡിസൈനുകൾ പ്രദർശിപ്പിക്കപ്പെട്ടത്. ഇതോടെ സബ്യസാചി എന്ന പേര് ലോകത്തിന്റെ എല്ലാ കോണിലേയ്ക്കും എത്തി. ആഗോള ഫാഷൻ സെൻസേഷൻ എന്ന തലക്കെട്ടിലേയ്ക്കുള്ള യാത്ര അവിടംകൊണ്ടും സബ്യസാചി അവസാനിപ്പിച്ചില്ല. ന്യൂയോർക്ക് ഫാഷൻ വീക്ക്, ലണ്ടൻ ഫാഷൻ വീക്ക്, ബ്രൈഡൽ ഏഷ്യ, കോലാലമ്പൂർ ഫാഷൻ വീക്ക്, മിയാമി ഫാഷൻ വീക്ക് എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത ഫാഷൻ മേളകളിൽ സബ്യസാചി മുഖ്യ ആകർഷണമായി.

സാധാരണ ഫാഷൻ ഡിസൈനർമാരെ പോലെ ഒരുക്കുന്ന വസ്ത്രങ്ങളുടെ ഭംഗിയിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല സബ്യസാചിയുടെ ഡിസൈനിങ് ശൈലി. ഓരോ സൃഷ്ടിയ്ക്കും വൈകാരിക ആഖ്യാനങ്ങൾ നൽകി സമാനതകൾ ഇല്ലാതാക്കി മാറ്റുന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകത. ഇന്ത്യയുടെ സമ്പന്നമായ പൈതൃകം, ചരിത്രം, സംസ്കാരം എന്നിവയെല്ലാം അദ്ദേഹത്തിന്റെ സൃഷ്ടികളിൽ ഓരോന്നിലും ശക്തമായി പ്രതിഫലിക്കുന്നു. പരമ്പരാഗത കരകൗശലം സമകാലിക കാഴ്ചപ്പാടുകൾക്ക് ചേർന്നു പോകുന്ന വിധത്തിൽ അതിമനോഹരമായി അവതരിപ്പിക്കുകയാണ് അദ്ദേഹം. തുന്നിയെടുക്കുന്ന ഓരോ നൂലിഴയിലും പാരമ്പര്യത്തിന്റെയും വൈകാരികതയുടെയും ശാക്തീകരണത്തിന്റെയുമൊക്കെ കഥകൾ സബ്യസാചി ഒളിപ്പിച്ചു വയ്ക്കുന്നുണ്ട്. താൻ ഒരുക്കുന്ന വസ്ത്രങ്ങൾ ധരിക്കുന്നവരുടെ ആഗ്രഹങ്ങൾക്കു ജീവൻ നൽകുകയാണ് അദ്ദേഹം ചെയ്യുന്നത്.

sharukh-sabyasachi-sp
സബ്യസാചി ജുവലറിയിൽ ഷാറുഖ് ഖാൻ∙ ചിത്രം:sabyasachiofficial/ Instagram
sharukh-sabyasachi-sp
സബ്യസാചി ജുവലറിയിൽ ഷാറുഖ് ഖാൻ∙ ചിത്രം:sabyasachiofficial/ Instagram

ദീപിക പദുക്കോൺ, ഐശ്വര്യ റായ് ബച്ചൻ തുടങ്ങിയ ബോളിവുഡ് ഐക്കണുകൾ മുതൽ ഓപ്ര വിൻഫ്രിയെപ്പോലുള്ള ആഗോള വ്യക്തിത്വങ്ങൾ വരെ റെഡ് കാർപെറ്റിലും രാജ്യാന്തര മാഗസിൻ കവറുകളിലും സബ്യസാചി വസ്ത്രങ്ങളിൽ എത്തുന്നു. സെലിബ്രിറ്റി ഗ്ലാമർ മേഖലയ്ക്ക് അപ്പുറത്തേയ്ക്ക് സ്വാധീനം ചെലുത്തുന്നു എന്നതാണ് ബ്രാൻഡിന്റെ പ്രത്യേകത. തങ്ങളുടെ ജീവിതത്തിലെ വിശേഷദിനങ്ങളിൽ ഏറ്റവും പ്രത്യേകതയുള്ളവരായി കാണപ്പെടാൻ ആഗ്രഹിക്കുന്ന സാധാരണക്കാർക്കും സ്വന്തമാക്കാവുന്ന ഡിസൈനുകളാണ് സബ്യസാചിയിൽ ഒരുങ്ങുന്നത്.

ഇന്ത്യൻ കൈത്തറിക്ക് അദ്ദേഹം നൽകുന്ന പ്രാധാന്യമാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. കഴിഞ്ഞ 15 വർഷമായി ഇന്ത്യൻ കൈത്തറി മേഖലയ്ക്ക് സബ്യസാചി മുഖർജി പുതുജീവൻ നൽകുന്നുണ്ട്. ഖാദി, കോട്ടൺ, സിൽക്ക് എന്നിവയിൽ ഒരുങ്ങുന്ന കൈത്തറി വസ്ത്രങ്ങൾ ലോകമെമ്പാടുമുള്ള ഫാഷൻ പ്രേമികളുടെ ഹൃദയം കീഴടക്കുന്നു.

sabyasachi-sp1
സബ്യസാചി ഡിസൈനർ ഷർട്ട്∙ ചിത്രം: sabyasachiofficial/ Instagram
sabyasachi-sp1
സബ്യസാചി ഡിസൈനർ ഷർട്ട്∙ ചിത്രം: sabyasachiofficial/ Instagram

വീടുവിട്ട് പഠനത്തിനായി വെയ്റ്റർ ജോലി ചെയ്ത സബ്യസാചി ഒരു ഘട്ടത്തിലും പതറാതെ ചുവടുവച്ചു നടന്നു കയറിയത് കോടികളുടെ ആസ്തിയിലേയ്ക്കാണ്. 2022ലെ കണക്കുകൾ പ്രകാരം 114 കോടിയാണ് അദ്ദേഹത്തിന്റെ ആസ്തി.

വിവാഹ വസ്ത്രങ്ങൾ, ആഡംബര ഫാഷൻ എന്നിവയ്ക്കു പുറമേ ജ്വല്ലറി ഡിസൈൻ, ഹോം ഡെക്കർ തുടങ്ങിയ മേഖലകളിലും സബ്യസാചി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തന്റെ ബ്രാൻഡിൽ നിന്നും പുറത്തുവരുന്ന ഓരോന്നിലും കാലാതീതമായ ചാരുതയുടെ പ്രൗഢി നിറച്ച് ലോകോത്തരമാക്കി മാറ്റുന്ന മാന്ത്രികത ഒളിപ്പിച്ചുവച്ചാണ് സബ്യസാചി സൃഷ്ടികൾ ലോകത്തിനു മുന്നിൽ എത്തിക്കുന്നത്.

English Summary:

Sabyasachi: The Inspiring Journey of a Global Fashion Icon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com