മാറിടം മറയ്ക്കാതെ സ്ത്രീകൾ തെരുവിൽ; ‘ടോപ്ലെസ്’ പ്രതിഷേധത്തിൽ അമ്പരന്ന് ഫ്രാൻസ്
Mail This Article
ഫ്രാൻസിൽ വർധിച്ചുവരുന്ന ലിംഗാധിഷ്ഠിത അതിക്രമങ്ങൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് സ്ത്രീകൾ അർധ നഗ്നരായി പാരിസിലെ തെരുവിലിറങ്ങി. പ്രസിദ്ധമായ ലൂവ്രെ പിരമിഡിനു മുന്നിൽ നടന്ന പ്രതിഷേധത്തിൽ ലൈംഗികാതിക്രമത്തിനും അസമത്വത്തിനും എതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് സ്ത്രീകൾ മാറിടം മറയ്ക്കാതെ പ്രതിഷേധിച്ചത്. സ്‌റ്റോപ്പ് വാർ ഓൺ വുമൺ, ജിൻ, ജിയാൻ, ആസാദി തുടങ്ങിയ ഫെമിനിസ്റ്റ് മുദ്രാവാക്യങ്ങൾ ഫ്രഞ്ച്, ഇംഗ്ലിഷ്, കുർദിഷ് ഭാഷകളിൽ മാറിടങ്ങളിൽ എഴുതിയാണ് സമൂഹത്തിന്റെ നാനാതുറകളിൽ നിന്നും പ്രായഭേദമന്യേ 100 കണക്കിനു സ്ത്രീകൾ ടോപ്‌ലെസായി അണിനിരന്നത്.
പുരുഷാധിപത്യ അതിക്രമങ്ങൾ, സ്ത്രീകൾക്കെതിരായ അടിച്ചമർത്തൽ എന്നിവ അവസാനിപ്പിക്കണമെന്നായിരുന്നു പ്രധാന ആവശ്യം. അഫ്ഗാനിസ്ഥാൻ, ഇറാൻ, ഇറാഖ് എന്നിവിടങ്ങളിൽ അടിച്ചമർത്തപ്പെട്ടവരും അക്രമിക്കപ്പെട്ടവരുമായ പെൺകുട്ടികളോടും സ്ത്രീകളോടും തങ്ങൾ ഐക്യദാർഢ്യത്തോടെ നിലകൊള്ളുന്നുവെന്നും കുർദിസ്ഥാൻ, യുക്രെയ്ൻ, പലസ്തീൻ, ഇസ്രയേൽ, സുഡാൻ, ലിബിയ തുടങ്ങി ലോകത്തെ നിരവധി സ്ഥലങ്ങളിൽ കഷ്ടത അനുഭവിക്കുന്ന സ്ത്രീകൾക്കൊപ്പമാണ് തങ്ങളെന്നും പ്രതിഷേധത്തിനു നേതൃത്വം നൽകിയ ഫെമൻ എന്ന ആക്ടിവിസ്റ്റ് സംഘടന തങ്ങളുടെ ഇൻസ്റ്റാപേജിൽ കുറിച്ചു.
‘നമ്മുടെ ശരീരങ്ങൾ മുദ്രാവാക്യങ്ങളും പ്രതിരോധത്തിന്റെ സന്ദേശങ്ങളും കൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്നു. നമ്മുടെ പ്രതിഷേധത്തിന്റെ പ്രകടനപത്രികയാണിത്. വസ്ത്രം നീക്കം ചെയ്യുന്നതു കേവലം പ്രതീകാത്മകമല്ല. അത് തിരിച്ചെടുക്കാനുള്ള ബോധപൂർവമായ പ്രവൃത്തിയാണ്. ഇത് ഒരു പ്രഖ്യാപനമാണ്. നിശബ്ദരാകാൻ ഞങ്ങൾ വിസമ്മതിക്കുന്ന കാലമത്രയും ഞങ്ങൾ മായ്‌ക്കപ്പെടില്ല. ഞങ്ങളുടെയും സഹോദരിമാരുടെയും സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടം ഞങ്ങൾ ഒരിക്കലും അവസാനിപ്പിക്കില്ല. ഫെമൻ്റെ ഇൻസ്റ്റഗ്രാം പേജിലെ പ്രതിഷേധ പ്രഖ്യാപനം ഇങ്ങനെ വ്യക്തമാക്കി.പുരുഷാധിപത്യത്തിനെതിരായ സമ്പൂർണ വിജയം’ എന്നതാണ് ഫെമന്റെ ലക്ഷ്യം.
ഗിസെലെ പെലിക്കോട്ട് എന്ന സ്ത്രീയെ മുൻഭർത്താവ് ഡൊമിനിക് പെലിക്കോട്ടും ഒരു കൂട്ടം പുരുഷന്മാരും ചേർന്ന് മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്ത സംഭവമാണ് ഈ ബഹുജന പ്രക്ഷോഭത്തിനു പിന്നിലെന്നാണ് വിദേശ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്യുന്നത്. ഞെട്ടിപ്പിക്കുന്ന ഈ സംഭവം ഫ്രാൻസിലുടനീളം വ്യാപകമായ പ്രതിഷേധത്തിന് കാരണമായി.