എന്റെ ചുണ്ടുകളുടെ വലുപ്പം ‘3XL’ ആയി വർധിച്ചു; നടന്നുപോകുന്ന അന്യഗ്രഹ ജീവിയെ പോലെ രൂപം: ഷെർളിൻ ചോപ്ര
Mail This Article
മേക്കപ്പിന്റെയും വസ്ത്രധാരണത്തിന്റെയും പേരിൽ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്ന താരമാണ് നടിയും മോഡലുമായ ഷെർളിൻ ചോപ്ര. ഇപ്പോൾ തന്റെ മേക്ക് ഓവറിനെ കുറിച്ച് തുറന്നു പറയുകയാണ് ഷേർളിൻ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് താരം മേക്ക് ഓവറിനെ കുറിച്ചു വിശദീകരിച്ചത്. താടിയിൽ നടത്തിയ സൗന്ദര്യ ചികിത്സ എക്കാലത്തും തനിക്കു പേടി സ്വപ്നമാണെന്നും ഷെർളിൻ വിശദീകരിച്ചു.
ഷെർളിന്റെ മുഖത്തെ ഫില്ലറുകൾ ഏതാനു നാളുകൾക്കു മുൻപ് ചർച്ചയായിരുന്നു. ‘കോയി മിൽ ഗയ’ എന്ന സിനിമയിലെ അന്യഗ്രഹ ജീവിയോട് ഉപമിച്ച് അക്കാലത്ത് ഷെർളിൻ പരിഹാസങ്ങൾക്കും വിമർശനങ്ങൾക്കും ഇരയാകുകയും ചെയ്തു. കോസ്മെറ്റോളജിസ്റ്റ് കുത്തിവച്ച ഫില്ലറുകള്‍ ഷെർളിന്റെ താടിയുടെയും ചുണ്ടുകളുടെയും വലുപ്പം വർധിപ്പിച്ച് വികൃതമാക്കി. തന്റെ ചുണ്ടുകളുടെ വലുപ്പം ‘3XL’ ആയി വർധിപ്പിച്ചെന്നും ഷെർളിൻ വ്യക്തമാക്കുന്നുണ്ട്.
‘അയാൾ എന്റെ താടിയുടെ വലുപ്പം ഒരു കിലോമീറ്ററോളം വർധിപ്പിച്ചു. വലിയ മാറിടങ്ങളുമായി നടന്നു പോകുന്ന ഒരു ‘ജാദു’ (കോയി മിൽഗയയിലെ അന്യഗ്രഹ ജീവി) ആയിരുന്നു ഞാൻ. ഇപ്പോഴും എന്റെ പേടിസ്വപ്നമാണ് ആ കാലം. ഒരു സംശയവുമില്ല.’– ഷെർളിൻ പറഞ്ഞു. സൗന്ദര്യം വർധിപ്പിക്കുന്നതിനായി നടത്തുന്ന ശസ്ത്രക്രിയകളും മറ്റും ചിലപ്പോൾ വിപരീതഫലം നൽകിയേക്കാം. അതുകൊണ്ടു തന്നെ ഇതിനായി എന്തെങ്കിലും ചെയ്യുമ്പോൾ രണ്ടുതവണ ആലോചിക്കണമെന്നും ഷെർളിൻ കൂട്ടിച്ചേർത്തു.
പ്രശ്നപരിഹാരത്തിനായി പിന്നീട് മറ്റൊരു ഡോക്ടറെ കണ്ടെന്നും ഷെർളിൻ പറയുന്നു. ‘ഭാഗ്യവശാല്‍ ഈ ഫിൽറ്ററുകൾ നീക്കം ചെയ്യാൻ സാധിക്കുന്നവയായിരുന്നു. പഴയ രൂപത്തിലേക്കു മാറാൻ പുതിയ ഡോക്ടർ എന്നെ സഹായിച്ചു.’–ഷെർളിൻ ചോപ്ര പറഞ്ഞു.