‘ജെൻ–സി’യുടെ പോലും ട്രെൻഡ് സെറ്റർ; യുവത്വം കൈവിടാതെ മഞ്ജു; ഇതാണ് രഹസ്യം
Mail This Article
ഒരുകാലത്ത് ഓർത്തിരിക്കാൻ ഒത്തിരി നല്ല കഥാപാത്രങ്ങൾ നൽകിയ ശേഷം അഭിനയജീവിതത്തിൽ നിന്ന് ഇടവേളയെടുത്ത മഞ്ജു വാരിയർ പിന്നീട് മലയാള സിനിമയിലേക്ക് മടങ്ങിയെത്തിയപ്പോൾ കാണാൻ സാധിച്ചത് സൗന്ദര്യത്തിനും ഫാഷനും ഒട്ടും കോട്ടം തട്ടാത്ത അതേ വിൻഡേജ് മഞ്ജുവിനെ തന്നെയാണ്. വയസ് 46 ആയിട്ടും ഇപ്പോഴും ഇരുപതുകളുടെ ലുക്കും സൗന്ദര്യവുമാണ് മഞ്ജുവിന്. സമ്മർ ഇൻ ബത്‌ലഹേം പോലുള്ള സിനിമകളിൽ മഞ്ജു ധരിച്ചിരുന്ന വസ്ത്രങ്ങൾ അന്നത്തെ പെൺകുട്ടികൾക്ക് പ്രചോദനവും ട്രെൻഡ് സെറ്ററും ഒക്കെ ആയിരുന്നെങ്കിൽ ഇന്നും അക്കാര്യത്തിൽ മാറ്റമൊന്നും ഇല്ല.
ഇപ്പഴത്തെ ജെൻ-സി കുട്ടികൾ വരെ മഞ്ജുവിനെ തങ്ങളുടെ മാതൃകയാക്കാറുണ്ട്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് വെള്ള ടക്ക്- ഇൻ ചെയ്ത ഷർട്ടും, കറുത്ത മിനി ഫ്രോക്കും, ഫ്രിൻജസ് ചെയ്ത മുടിയുമൊക്കെ ആരാധകർ ഏറ്റെടുത്തത്. ആ സമയത്ത് അതൊരു ട്രെൻഡ് ആയി മാറുകയായിരുന്നു. ഇപ്പോഴും സ്റ്റൈലിന്റെ കാര്യത്തിൽ മഞ്ജു വേറെ ലെവലാണ്. ചുരിദാർ ആയാലും സാരി ആയാലും ടീഷർട്ട് ആയാലും ഒക്കെ മഞ്ജു തന്റേതായ ഒരു ടച്ച് കൊണ്ട് വരാൻ ശ്രമിക്കാറുണ്ട്.
ശരീരത്തിന് ചേരുന്ന വസ്ത്രങ്ങളാണ് അവർ എപ്പോഴും തിരഞ്ഞെടുക്കുന്നത്. അടുത്തിടെ റോസ് നിറത്തിലുള്ള ചുരിദാർ ധരിച്ച മഞ്ജുവിന്റെ ചിത്രങ്ങൾ ഏറെ ശ്രദ്ധനേടിയിരുന്നു. വളരെ സിംപിൾ ആയ ഡിസൈൻ ആണെങ്കിലും മഞ്ജു അത് ധരിക്കുമ്പോൾ വളരെ എലഗന്റ് ആയി തോന്നും. അടുത്തിടെ ധരിച്ച മഞ്ഞ ചുരിദാറും ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. വസ്ത്രങ്ങൾക്കൊപ്പം മഞ്ജു ധരിക്കുന്ന ആഭരണങ്ങളും ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. ചിലപ്പോൾ വളരെ സിംപിൾ ആയിട്ടുള്ള കമ്മലും മാലയും ആണെങ്കിൽ മറ്റുചിലപ്പോൾ അൽപം ഹെവി ആയിട്ടുള്ള കമ്മലുകളാണ് താരം അണിയാറുള്ളത്.
യാത്രകൾ ചെയ്യുകയാണെങ്കിൽ വളരെ സിംപിൾ ആയാണ് മഞ്ജു വസ്ത്രങ്ങൾ ധരിക്കാറുള്ളത്. അത് ചിലപ്പോൾ ടി ഷർട്ടോ അല്ലെങ്കിൽ ഷർട്ടോ ആയിരിക്കും. എന്നാൽ ഇത്തരം വസ്ത്രങ്ങളിലും വളരെ ചെറുപ്പമാണ് മഞ്ജുവിന്റെ ലുക്ക്. നൃത്തവും യോഗയുമൊക്കെയാണ് മഞ്ജുവിന്റെ ഈ സൗന്ദര്യത്തിന്റെയും യുവത്വത്തിന്റെയും രഹസ്യം എന്നാണ് ആരാധകർ പറയുന്നത്. വയസ് റിവേഴ്സ് ഗിയറിൽ എന്ന് മമ്മൂട്ടിയെ പറയുന്നത് പോലെ മഞ്ജുവിനെയും കണക്കാക്കണം എന്നാണ് ചിലരുടെപക്ഷം.