ADVERTISEMENT

അധികം പണം കയ്യിൽ ഉണ്ടെങ്കിൽ നിസാര കാര്യത്തിനു പോലും ലക്ഷങ്ങളോ കോടികളോ ചെലവാക്കാൻ മടിക്കാത്തവരുണ്ട്. അക്കൂട്ടത്തിൽപെട്ട മുംബൈ സ്വദേശിനിയായ ഒരു അമ്മയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങൾ നേരിടുന്നത്. 27 ലക്ഷം രൂപയുടെ ആഡംബര ബാഗ് കണ്ണുംപൂട്ടി വാങ്ങുകയാണ് ഈ അമ്മ. സമ്പന്നർക്ക് ഇത് അത്ര വലിയ കാര്യമല്ലെങ്കിലും മകൾക്ക് ലിപ്സ്റ്റിക് സൂക്ഷിക്കാൻ വേണ്ടി മാത്രമാണ് ബാഗ് വാങ്ങുന്നത് എന്നതാണ് വിമർശനങ്ങൾക്കു വഴിവയ്ക്കുന്നത്.

മകൾക്കൊപ്പമാണ് ഈ അമ്മ ആഡംബര ബ്രാൻഡ് സ്റ്റോറിൽ എത്തിയിരിക്കുന്നത്. മകളുടെ വിവാഹത്തിനു മുന്നോടിയായി ഹണിമൂൺ യാത്രയ്ക്ക് ഉപകരിക്കുന്ന വിധത്തിൽ ഒരു ബാഗ് വാങ്ങുകയാണ് ലക്ഷ്യം. ആഡംബര ലെതർ ഹാൻഡ് ബാഗ് ബ്രാൻഡായ ഹെർമസ് കെല്ലിയിൽ നിന്നുമുള്ള ബാഗ് ആവശ്യപ്പെട്ടാണ് ഇവർ സ്റ്റോറിൽ എത്തിയത്. സാമാന്യം വലിപ്പമുള്ള ഒരു ബാഗ് തന്നെ വേണമെന്ന് അമ്മ ആവശ്യപ്പെടുന്നുണ്ടെങ്കിലും തനിക്ക് ചെറിയ ബാഗാണ് വേണ്ടതെന്ന് മകൾ വ്യക്തമാക്കുന്നുണ്ട്. യാത്രാവേളയിൽ തന്റെ ലിപ്സ്റ്റിക് കളക്ഷൻ കൊണ്ടുപോകാൻ പാകത്തിലുള്ള ഒന്നാണ് മകൾക്ക് വേണ്ടത്.

ഒട്ടും വൈകിയില്ല, ആഡംബര ബാഗുകളുടെ വലിയൊരു ശേഖരം തന്നെ ഇവർക്ക് മുന്നിൽ കടയുടമ പ്രദർശിപ്പിച്ചു. ഇടത്തരം വലിപ്പത്തിൽ വെള്ള, നീല, കറുപ്പ്, തവിട്ട് തുടങ്ങി പലനിറങ്ങളുള്ള ബാഗുകൾ വിഡിയോയിൽ കാണാം. ഓരോ ബാഗും ഇരുവരും സസൂക്ഷ്മം പരിശോധിക്കുകയും ചെയ്തു. ഒടുവിൽ അതിമനോഹരമായ വെളുത്ത നിറത്തിലുള്ള ഒരു ബാഗാണ് മകൾ തിരഞ്ഞെടുത്തത്. തൊട്ടുപിന്നാലെ 26000 പൗണ്ടാണ് (27.97 ലക്ഷം രൂപ) ബാഗിന്റെ വില എന്ന് ഉടമ വെളിപ്പെടുത്തുകയും ചെയ്തു.

എന്നാൽ ഈ വില കേട്ടിട്ടും യാതൊരു ആശങ്കയുമില്ലാതെ ബാഗ് വാങ്ങാൻ ഇവർ തീരുമാനിക്കുകയായിരുന്നു. ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഏതാനും ലിപ്സ്റ്റിക്കുകൾ സൂക്ഷിക്കാൻ 27 ലക്ഷത്തിന്റെ ബാഗ് വാങ്ങുന്നത് ആഡംബരമാണെന്നാണ് ആളുകൾ പ്രതികരിക്കുന്നത്. ലിപ്സ്റ്റിക് സൂക്ഷിക്കാനുള്ള ബാഗിന് ഇത്രയും വിലയാണെങ്കിൽ അതിനുള്ളിൽ വയ്ക്കുന്ന ലിപ്സ്റ്റിക്കുകൾ എത്രത്തോളം വിലയുള്ളതാവും എന്ന് അത്ഭുതപ്പെടുന്നവരുമുണ്ട്. ഇന്ത്യയിൽ ഒരു സാധാരണക്കാരന്റെ വിവാഹം നടത്തുന്നതിന് ഇതിന്റെ നേർപകുതി പണംപോലും ചെലവാകില്ല എന്ന് മറ്റുചിലർ ചൂണ്ടിക്കാട്ടുന്നു.

ആ പണം കിട്ടിയിരുന്നെങ്കിൽ ഒരു വീട് വാങ്ങാമായിരുന്നു എന്നാണ് മറ്റുചില കമന്റുകൾ. ചുരുക്കം ചിലരാവട്ടെ വില അധികമാണെന്ന് തോന്നുമെങ്കിലും അത്രത്തോളം മനോഹരമായാണ് ബാഗ് നിർമിച്ചിരിക്കുന്നത് എന്ന് അഭിപ്രായപ്പെടുന്നുമുണ്ട്. സമ്പത്തിന്റെ അടിസ്ഥാനത്തിൽ ഓരോരുത്തരുടെയും താത്പര്യങ്ങളും ഇഷ്ടങ്ങളും മാറുമെന്നും ആരുടെയും ജീവിതങ്ങൾ താരതമ്യപ്പെടുത്തേണ്ടതില്ലെന്ന് അഭിപ്രായപ്പെടുന്നവരും കുറവല്ല.

English Summary:

₹27 Lakh Handbag for Lipstick: Mumbai Mother's Luxury Purchase Sparks Outrage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com