ക്രിക്കറ്റല്ല പ്രിയം, യുകെയ്ക്കും യുഎസിനും മുൻഗണന; നഴ്സുമാർക്ക് ഡിമാൻഡ്, 2023ൽ വിവാഹത്തിനായി തിരഞ്ഞത് ഇവ!
Mail This Article
വിവാഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും ട്രെൻഡുകളും അടിക്കടി മാറിമറിയുന്നുണ്ട്. വീട്ടുകാരുടെ താൽപര്യം മാത്രം നോക്കി വിവാഹബന്ധങ്ങൾ തിരഞ്ഞെടുക്കുന്ന യുവതീ യുവാക്കൾ ഇന്നില്ലെന്നു തന്നെ പറയാം. തന്റെ ജീവിതപങ്കാളിയുടെ വിദ്യാഭ്യാസവും തൊഴിലും സ്വഭാവവും താത്പര്യങ്ങളും എങ്ങനെയാവണം എന്നതിനെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകളുള്ളവരാണ് പുതിയ തലമുറ. സങ്കൽപ്പത്തിന് ഏറ്റവും യോജിച്ച പങ്കാളിയെ കണ്ടെത്തുന്നതുവരെ കാത്തിരിക്കാനും ഇവർ തയാറാണ്. മാട്രിമോണിയൽ സൈറ്റുകളിൽ ഈ വ്യക്തിഗത താൽപര്യങ്ങൾ കൃത്യമായി പ്രകടമാകുന്നുണ്ട്.
കഴിഞ്ഞവർഷം ജീവിതപങ്കാളിയെ കണ്ടെത്താനുള്ള തിരച്ചിലിൽ ഏതൊക്കെ കാര്യങ്ങൾക്കാണ് പ്രഥമ പരിഗണന നൽകിയത് എന്ന് നിങ്ങൾക്ക് അറിയാമോ? എന്നാൽ ഇക്കാര്യം കണ്ടെത്തിയിരിക്കുകയാണ് കേരളത്തിലെ മുൻനിര മാട്രിമോണിയൽ സൈറ്റായ എം ഫോർ മാരി. വിദ്യാഭ്യാസ യോഗ്യത, തൊഴിൽ, സ്ഥലം എന്നിവയ്ക്കാണ് എംഫോർമാരിയുടെ വെബ്സൈറ്റിൽ ആളുകൾ കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത്.
2023ൽ മാട്രിമോണിയൽ സൈറ്റുകളിൽ പങ്കാളിയുടെ വിദ്യാഭ്യാസ യോഗ്യതയിൽ ഏറ്റവും അധികം പ്രാധാന്യം നേടിയത് എൻജിനീയറിങ് ബിരുദമാണ്. അതേസമയം അംഗങ്ങൾ ഏറ്റവും കൂടുതൽ തിരയുന്ന പ്രൊഫഷന്റെ കാര്യമെടുത്താൽ ഒരു പടികൂടി മുന്നിൽ നിൽക്കുന്നത് നഴ്സിങ് തന്നെയാണ്. സോഫ്റ്റ്‌വെയർ പ്രോഗ്രാമിങ്ങും ബാങ്കിംഗ് രംഗവുമാണ് തിരച്ചിലിൽ മുൻപന്തിയിലുള്ള മറ്റു രണ്ടു തൊഴിൽ മേഖലകൾ. ഡോക്ടർമാരും തിരച്ചിലിൽ ആദ്യ അഞ്ചിൽ തന്നെ ഇടം പിടിച്ചിട്ടുണ്ട്.
ഇന്ത്യയ്ക്ക് പുറത്തു നിന്നുള്ള പങ്കാളികളെ തേടുന്നവർ മുൻപ് അധികവും പ്രാധാന്യം നൽകിയിരുന്നത് യുഎഇയിൽ നിന്നുള്ള വധൂവരന്മാർക്കായിരുന്നു. എന്നാൽ, ഇപ്പോൾ ഏറ്റവും അധികം ആളുകൾ തിരയുന്ന സ്ഥലങ്ങൾ അമേരിക്കയും യുകെയുമാണ്. യുഎഇക്ക് തൊട്ടു പിന്നിലായി കാനഡയും തിരച്ചിലുകളിൽ ഇടം പിടിച്ചിട്ടുണ്ട്. കേരളത്തിനു പുറത്തെ കാര്യമെടുത്താൽ ബെംഗളൂരുവിൽ നിന്നുള്ള പങ്കാളിയെ കണ്ടെത്താനാണ് ഏറ്റവും അധികം പേർ ശ്രമിച്ചത്.
വിദ്യാഭ്യാസത്തിനും തൊഴിൽമേഖലയ്ക്കും ജീവിക്കുന്ന സ്ഥലത്തിനും പുറമേ മനസ്സിനൊത്ത വ്യക്തിയെ തന്നെ കണ്ടെത്തണമെന്ന വ്യക്തമായ താൽപര്യത്തോടെയാണ് സൈറ്റിൽ പങ്കാളികൾക്കായി തിരച്ചിലുകൾ നടന്നത്. സംഗീത മേഖലയിൽ നിന്നുള്ള പങ്കാളിയെ കണ്ടെത്താൻ ആഗ്രഹിച്ചവർ ചലച്ചിത്ര രംഗത്തുള്ളവർക്കും ഭക്തിഗാനരംഗത്തുള്ളവർക്കുമാണ് പ്രാധാന്യം നൽകിയത്. കാണുന്ന ചലച്ചിത്രങ്ങളുടെ കാര്യത്തിൽ പോലും വ്യക്തമായ താൽപര്യങ്ങൾ പ്രകടമായിരുന്നു. മലയാളം സിനിമകൾ ആസ്വദിക്കുന്നവരെക്കാൾ കൂടുതൽ ആരാധകരുള്ളത് ഇംഗ്ലീഷ് സിനിമാ പ്രേമികൾക്കാണ്.
എന്നാൽ, ഇഷ്ടപ്പെട്ട ആഹാരത്തിന്റെ കാര്യത്തിൽ കേരള വിഭവങ്ങളെ മാറ്റി നിർത്തിയവർ നന്നേ കുറവാണ്. ഇഷ്ടപ്പെട്ട കായിക ഇനങ്ങളുടെ കാര്യത്തിലാവട്ടെ ട്രെൻഡാകെ മാറി മറിഞ്ഞു. ബാഡ്മിന്റൻ കളിക്കുന്നവരോടാണ് കൂടുതൽ ആളുകളും താൽപര്യം. ക്രിക്കറ്റിനെ പിന്തള്ളി രണ്ടാം സ്ഥാനത്ത് ഫുട്ബോൾ ഇടം പിടിച്ചു.