ആയിരത്തിലധികം അതിഥികൾ, അത്യാഡംബര സൽക്കാരം; മൂന്നു ദിവസത്തെ ആഘോഷത്തിന് 1250 കോടി രൂപ!
Mail This Article
മൂന്നു ദിവസം നീണ്ടു നിൽക്കുന്ന അനന്ത് അംബാനിയുടെ പ്രീവെഡ്ഡിങ് ആഘോഷത്തിന് ചെലവാകുക കോടികൾ. ഇന്ത്യയിലെ കോടീശ്വരനായ അംബാനിയുടെ മകന്റെ വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകള്‍ ജാംനഗറിൽ തുടങ്ങിയപ്പോൾ പലരും പറഞ്ഞത് ഒരൊറ്റ കാര്യമാണ്. ഇത് വിവാഹമല്ലല്ലോ, വിവാഹത്തിനു മുമ്പുള്ള പാർട്ടിയല്ലേ എന്നാണ്. ഇപ്പോൾ തന്നെ ഗംഭീരമായാണ് ആഘോഷമെങ്കിൽ വിവാഹത്തിന് എന്താവും അവസ്ഥ.
ഗുജറാത്തിലെ ജാംനഗറിൽ മൂന്നുദിവസം നീണ്ടുനിൽക്കുന്ന ആഘോഷത്തിന് ഏകദേശം 1250 കോടി രൂപ ചെലവാകുമെന്നാണ് റിപ്പോർട്ടുകൾ. അതിഥികൾക്കായുള്ള ഭക്ഷണവും താമസവുമടക്കമുള്ള കണക്കാണിത്. പ്രീവെഡ്ഡിങ്ങ് ആഘോഷങ്ങൾക്ക് മുന്നോടിയായി പല ചടങ്ങുകളും അംബാനി കുടുംബം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം ജാംനഗറിൽ 14 ക്ഷേത്രങ്ങളാണ് കുടുംബം നിർമിച്ചത്.
ദീർഘകാല പാരമ്പര്യത്തിന് അനുസൃതമായി ഗ്രാമവാസികളിൽ നിന്ന് അനുഗ്രഹം തേടി അന്നസേവ നടത്തിയാണ് ചടങ്ങുകൾ ആരംഭിച്ചത്. റിലയൻസിന്റെ ജാംനഗർ ടൗൺഷിപ്പിന് ചുറ്റുമുള്ള ഗ്രാമങ്ങളിൽ നിന്നുള്ളവർക്ക് വേണ്ടിയാണ് അന്നസേവ സംഘടിപ്പിച്ചത്. ജാംനഗറിലും പരിസരത്തുമുള്ള ഗ്രാമങ്ങളിൽ അടുത്ത കുറച്ച് ദിവസത്തേക്ക് ഇത് തുടരുകയും ചെയ്യും.
മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ്, മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്, ബ്ലാക്ക്റോക്ക് സിഇഒ ലാരി ഫിങ്ക്, ബ്ലാക്സ്റ്റോണ്‍ ചെയര്‍മാന്‍ സ്റ്റീഫന്‍ ഷെവര്‍സ്മന്‍, ഡിസ്നി സിഇഒ ബോബ് ഇഗര്‍, ഇവാങ്ക ട്രംപ്, മോര്‍ഗന്‍ സ്റ്റാന്‍ലി സിഇഒ ടെഡ് പിക്, ബാങ്ക് ഓഫ് അമേരിക്ക ചെയര്‍മാന്‍ ബ്രിയാന്‍ തോമസ് മോയ്നിഹാന്‍ തുടങ്ങി സിനിമാ കായിക രംഗത്തെ പ്രമുഖരും പരിപാടിക്കെത്തി. ചടങ്ങിനെത്തുന്നവർക്കായി പ്രത്യേക സ്റ്റൈലിസ്റ്റ്, മേക്കപ്പ് ആർട്ടിസ്റ്റ്, അങ്ങനെ അത്യാഡംബരങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മനീഷ് മൽഹോത്ര ഡിസൈൻ ചെയ്യുന്ന വ്യത്യസ്തമായ ഔട്ട്ഫിറ്റിലാണ് കുടുംബാംഗങ്ങൾ എത്തുക.
വ്യത്യസ്ത തീമുകളിൽ മൂന്നുദിവസം നീളുന്ന ആഘോഷത്തിൽ പോപ്പ് ഗായിക റിയാനയുടെ സംഗീത വിരുന്നാണ് ഹൈലൈറ്റ്. ഇതിനായി 66–74 കോടി രൂപ ചെലവാകുമെന്നാണ് റിപ്പോർട്ട്. അംബാനിയുടെ മകൾ ഇഷയുടെ സംഗീത് ചടങ്ങിന് 33 കോടി രൂപയ്ക്കാണ് ബിയോൺസ് സംഗീത വിരുന്ന് ഒരുക്കിയത്.
ഭക്ഷണത്തിലും വ്യത്യസ്തത കൊണ്ടുവരാൻ അംബാനി കുടുംബം ശ്രമിച്ചിട്ടുണ്ട്. വ്യത്യസ്ത തരത്തിലുള്ള 2500 വിഭവങ്ങൾ നൽകും. ചടങ്ങിനെത്തുന്ന അതിഥികളെയെല്ലാം മധുരപലഹാരങ്ങളും പാനീയവും നൽകിയാണ് സ്വീകരിക്കുന്നത്. അതിഥികൾക്ക് അനന്തിന്റെയും രാധികയുടെയും പേരിന്റെ ആദ്യാക്ഷരമെഴുതിയെ ഒരു സ്വീറ്റ് ബോക്സും നൽകുന്നുണ്ട്. ഭക്ഷണമൊരുക്കാനായി ഇൻഡോറിൽ നിന്ന് 65 ഷെഫുമാരെയാണ് എത്തിച്ചിരിക്കുന്നത്.
ഇഷ അംബാനിയുടെ വിവാഹത്തിന് 400 കോടി രൂപയാണ് കുടുംബം ചെലവിട്ടത്.