ഇന്ത്യയിൽ നിന്ന് ഭർത്താവിനെ വേണം; ക്യൂ ആർ കോഡ് സ്കാനറുമായി റഷ്യൻ യുവതി
Mail This Article
ഇന്ത്യൻ വരനെ അന്വേഷിച്ച് റഷ്യൻ യുവതി പങ്കുവച്ച പോസ്റ്റ് സമൂഹമാധ്യമത്തിൽ ഏറെ ചർച്ചയാകുകയാണ്. ഇന്ത്യയിലെ ഒരു ഷോപ്പിങ് മാളിന് മുന്നിൽ കൈയിൽ ക്യു ആർ കോഡുമായി നിൽക്കുന്ന റീൽ യുവതി തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. ‘ഇന്ത്യൻ വരനെ കണ്ടെത്താൻ എന്നെ സഹായിക്കൂ’ എന്ന കുറിപ്പോടെയാണ് യുവതി പോസ്റ്റ് പങ്കുവച്ചത്.
മോസ്കോ സ്വദേശിയായ ദിനാര എന്ന യുവതിയാണ് വ്യത്യസ്തമായ രീതിയിൽ വരനെ അന്വേഷിക്കുന്ന വിഡിയോ പങ്കുവച്ചത്. ഇന്ത്യൻ സംഗീതത്തെയും ഭക്ഷണത്തെയും ഏറെ ഇഷ്ടപ്പെടുന്ന ദിനാര രാജ്യത്ത് സന്ദർശനം നടത്തിയ വേളയിലാണ് ഇത്തരമൊരു വിഡിയോ എടുത്തിരിക്കുന്നത്. രണ്ട് മാനെക്വിനുകൾക്ക് അരികിൽ ക്യു ആർ കോഡും കൈയിൽ പിടിച്ച് നിൽക്കുന്ന ദിനാരയുടെ വിഡിയോയിൽ ഒരു ഇന്ത്യൻ ഭർത്താവിനെ തിരയുന്നു (അവിവാഹിതൻ) എന്ന് എഴുതി കാണിക്കുന്നുണ്ട്. അവരുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിലേക്ക് നേരിട്ട് ലിങ്ക് ചെയ്യുന്ന ക്യുആർ കോഡാണിത്. താൽപര്യമുള്ള വ്യക്തികൾക്ക് അവരുമായി നേരിട്ട് കണക്ട് ചെയ്യാൻ ഇത് സഹായിക്കും.
റീൽ പെട്ടെന്ന് തന്നെ വൈറലായി, ഒപ്പം ദിനാരയുടെ ഇൻസ്റ്റഗ്രാം ഫോളോവഴ്സിന്റെ എണ്ണവും വർധിച്ചു. മുൻപും ഇന്ത്യൻ വരനെ ആവശ്യമുണ്ടെന്ന രീതിയിലുള്ള പോസ്റ്റുകൾ ഇവർ പങ്കുവച്ചിട്ടുണ്ട്. യുവതിയുടെ മറ്റൊരു റീലിൽ വരനു വേണ്ട സവിശേഷതകൾ എടുത്തു പറയുന്നു. ആറടി പൊക്കവും യാത്രകളും സംഗീതവും ഇഷ്ടമുള്ള ആളമായിരിക്കണം താൻ അന്വേഷിക്കുന്ന വരനെന്ന് അവർ വ്യക്തമാക്കുന്നുണ്ട്.
പഞ്ചാബി സംഗീതം ഏറെ ഇഷ്ടപ്പെടുന്ന ആളാണ് ദിനാര. ഒരിക്കൽ മോസ്കോയിൽ വെച്ച് ഒരു ഇന്ത്യൻ ജ്യോത്സ്യനെ പരിചയപ്പെടുകയും അദ്ദേഹം തന്റെ അടുത്ത പിറന്നാളിന് മുൻപ് ഇഷ്ടപ്പെട്ട ആളെ കണ്ടെത്തും എന്ന് പ്രവചിക്കുകയും ചെയ്തെന്ന് ഒരു റീലിൽ ദിനാര പറയുന്നുണ്ട്. അതിനുശേഷമാണ് താൻ ഏറെ സ്നേഹിക്കുന്ന ഇന്ത്യയിലേക്ക് ദിനാര യാത്ര നടത്തുന്നത്. പഞ്ചാബി സംഗീതത്തിനു പുറമേ ഇന്ത്യൻ സ്ട്രീറ്റ് ഫുഡും ചായയും എല്ലാം ദിനാരയ്ക്ക് പ്രിയപ്പെട്ടതാണ്. റഷ്യയിലും യൂറോപ്പിലും എല്ലാം സാരിയുടുത്ത് നടക്കുന്ന ദിനാരയുടെ റീലുകളും ഏറെ ശ്രദ്ധയാകർഷിച്ചവയാണ്.
തന്റെ സങ്കൽപത്തിലുള്ളതുപോലെയുള്ള ഒരു വരനെ യുവതി കണ്ടെത്തുമോ എന്ന് കണ്ണും നട്ടിരിക്കുകയാണ് സോഷ്യൽ ലോകം. പലരും ദിനാരയുടെ പോസ്റ്റിന് ആശംസകൾ അറിയിച്ചും മറ്റും കമന്റുകൾ ചെയ്തു. കൂടുതലും അവരെ കളിയാക്കുന്ന രീതിയിലുള്ള കമന്റുകളാണ്. പക്ഷേ, അതൊക്കെ ദിനാരയുടെ ഇൻസ്റ്റഗ്രാം പേജിന്റെ റീച്ച് കൂട്ടി എന്ന് മാത്രമേയുള്ളൂ. അവർ ഇപ്പോഴും തന്റെ വരനെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് എന്നെങ്കിലും കണ്ടെത്തുമെന്ന പ്രതീക്ഷയിൽ.