കോടികൾ പൊടിച്ച 6 വിവാഹങ്ങൾ; ഒന്നാമൻ അംബാനി തന്നെ, രാജകുടുംബത്തെ വരെ പിന്നിലാക്കി
Mail This Article
ഇന്ത്യൻ ജനതയുടെ മുഴുവൻ ശ്രദ്ധയും മുംബൈയിലേക്ക് തിരിക്കതക്കവിധത്തിലാണ് മുകേഷ് അംബാനി ഇളയ മകൻ അനന്തിന്റെയും രാധിക മെർച്ചന്റിന്റെയും വിവാഹം അത്യാഡംബരപൂർവം നടത്തിയത്. മാർച്ചിൽ ജാംനഗറിൽ ആരംഭിച്ച വിവാഹ പൂർവ ആഘോഷങ്ങൾ ഓരോന്നും സമാനതകളില്ലാത്ത വിധം പ്രൗഢമായിരുന്നു. ബിൽ ഗേറ്റ്സും സുക്കർബർഗമടക്കമുള്ള പ്രമുഖർ പങ്കെടുത്ത പ്രീ–വെഡിങ് ആഘോഷം മുതൽഓരോ ആഘോഷങ്ങളുടെയും മാറ്റുകൂട്ടുന്നതിന് നൂറുകണക്കിന് കോടികൾ അംബാനി ഒഴുക്കി. വിവാഹ ചെലവ് ആകെ 5000 കോടി ആണെന്നാണ് റിപ്പോർട്ടുകൾ. ഇതിനോടകം ഇന്ത്യയിലെ ഏറ്റവും വലിയ വിവാഹ ആഘോഷങ്ങളിൽ ഒന്നായി അനന്ത് -രാധിക വിവാഹം മാറിക്കഴിഞ്ഞു. 2018ൽ മൂത്തമകൾ ഇഷ അംബാനിയുടെ വിവാഹവും സമാനമായ രീതിയിൽ അംബാനി ആഘോഷമാക്കിയിരുന്നു. ലോകത്താകമാനം വിരലിൽ എണ്ണാവുന്ന വിവാഹങ്ങൾ മാത്രമാണ് ഇത്രയും അധികം ആഡംബരത്തോടെ നടന്നത്
ചാൾസ് - ഡയാന വിവാഹം
1981ലാണ് ചാൾസ് രാജകുമാരന്റെയും ഡയാന രാജകുമാരിയുടെയും വിവാഹം നടന്നത്. രാജകീയ വിവാഹാഘോഷങ്ങൾ നൂറ്റാണ്ടിന്റെ വിവാഹം എന്നുവരെ അറിയപ്പെട്ടു. 3000 ആളുകളാണ് വിവാഹ ചടങ്ങിൽ നേരിട്ടു പങ്കെടുത്തത്. ഇതിനുപുറമേ ടിവിയിലൂടെ പ്രക്ഷേപണം ചെയ്യപ്പെട്ട ചടങ്ങുകൾക്ക് 74 രാജ്യങ്ങളിൽ നിന്നായി 750 ദശലക്ഷം ജനങ്ങളും സാക്ഷികളായി. 10,000 മുത്തുകൾ പതിച്ച ഡയാനയുടെ വിവാഹ ഗൗൺ അടക്കമുള്ളവ ഇന്നും ചർച്ച ചെയ്യപ്പെടുന്നുമുണ്ട്. 27 വെഡ്ഡിങ് കേക്കുകളാണ് തയാറാക്കിയിരുന്നത്. അന്നത്തെ 48 മില്യൻ അമേരിക്കൻ ഡോളറാണ് വിവാഹത്തിനായി രാജകുടുംബം ചെലവഴിച്ചത്. ഇന്നത്തെ കണക്ക് അനുസരിച്ച് ഏതാണ്ട് 163 മില്യൺ ഡോളറിന് (1300 കോടി രൂപ) സമാനമാണ് ഈ തുക.
ഷെയ്ഖ് മുഹമ്മദ് - ഷെയ്ഖ ഹിന്ദ് ബിന്ദ് വിവാഹം
യുഎഇ പ്രധാനമന്ത്രിയും ദുബായ് എമിറേറ്റിന്റെ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെയും ആദ്യ ഭാര്യ ഷെയ്ഖ ഹിന്ദ് ബിന്ദ് മക്തൂം ബിൻ ജുമാ അൽ മക്തൂമിന്റെയും വിവാഹവും ആഡംബരത്തിന്റെ മറുവാക്കായിരുന്നു. 1979 ലായിരുന്നു ഇവരുടെ വിവാഹം. അന്നത്തെ 45 മില്യ അമേരിക്കൻ ഡോളറാണ് ( ഇന്നത്തെ 137 മില്യൺ - 1100 കോടി രൂപ) ആഘോഷങ്ങൾക്കായി ചിലവായത്. ഒരാഴ്ച നീണ്ടുനിന്ന വിവാഹത്തോടനുബന്ധിച്ച് എമിറേറ്റിൽ അഞ്ചുദിവസത്തെ ദേശീയ അവധിയും പ്രഖ്യാപിച്ചിരുന്നു. ആഭരണങ്ങൾ അണിയിച്ച 20 ഒട്ടകങ്ങളാണ് വധുവിനുള്ള സമ്മാനവുമായി എത്തിയത്. ഇരുപതിനായിരം അതിഥികളെ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റേഡിയവും വിവാഹത്തിനായി ഒരുക്കിയിരുന്നു.
ഇഷ അംബാനി - ആനന്ദ് പിരമൽ വിവാഹം
2018 ൽ 100 മില്യൺ അമേരിക്കൻ ഡോളർ ( ഇന്നത്തെ 124 മില്യൻ -1000 കോടി രൂപ ) ചെലവഴിച്ചാണ് മുകേഷ് അംബാനി മൂത്തമകൾ ഇഷയുടെ വിവാഹം ഉത്സവമാക്കിയത്. ഇറ്റലി, ഉദയ്പൂർ, മുംബൈ എന്നിങ്ങനെ മൂന്നിടങ്ങളിലായി ആയിരുന്നു വിവാഹാഘോഷങ്ങൾ. ഹിലരി ക്ലിന്റൺ അടക്കമുള്ള പ്രമുഖർ ചടങ്ങുകളിൽ പങ്കെടുത്തു. നൂറിൽപരം ചാർട്ടേർഡ് വിമാനങ്ങളാണ് അതിഥികൾക്കായി ഒരുക്കിയത്. ഉദയ്പൂരിൽ 5100 ആളുകൾക്ക് നാലുദിവസം ഭക്ഷണവും ഒരുക്കി.
സീമന്തോ -ചാന്ദ്നി , സുശാന്തോ- റിച്ച വിവാഹം
സഹാറ ഗ്രൂപ്പിന്റെ സ്ഥാപകൻ സുബ്രതാ റോയ് 2004 തന്റെ ആൺമക്കളായ സീമന്തോ റോയുടെയും സുശാന്തോ റോയുടെയും വിവാഹം ഒരുമിച്ച് നടത്തിയിരുന്നു. ആറുദിവസം നീണ്ടുനിന്ന ആഘോഷത്തിൽ ഇന്ത്യയിലെ പ്രമുഖരടക്കം 11,000 അതിഥികൾ പങ്കെടുത്തു. 27 ചാർട്ടേർഡ് വിമാനങ്ങളും 200 മേഴ്സിഡസ് കാറുകളുമാണ് അതിഥികളുടെ ഗതാഗത സൗകര്യത്തിനായി ഒരുക്കിയത്. 1,40,000 ജനങ്ങൾക്ക് ഭക്ഷണവും 101 പേർക്ക് വിവാഹം നടത്താനായി 2560 അമേരിക്കൻ ഡോളർ വീതവും നൽകിയിരുന്നു. അന്നത്തെ 74 മില്യൻ അമേരിക്കൻ ഡോളറാണ് (ഇന്നത്തെ 124 മില്യൻ -1000 കോടി രൂപ )വിവാഹ ആഘോഷങ്ങൾക്കായി നീക്കിവച്ചത്.
ബ്രഹ്മണി റെഡ്ഡി - രാജീവ് റെഡ്ഡി
ഖനി വ്യവസായിയായ ഗാലി ജനാർദ്ദന റെഡ്ഡിയുടെ മകൾ ബ്രഹ്മണി റെഡ്ഡിയുടെ വിവാഹം 2016 ലാണ് നടന്നത്. അന്നത്തെ 74 മില്യൻ ഡോളർ ( ഇന്നത്തെ 96 മില്യൻ ഡോളർ - 800 കോടി രൂപ) മുടക്കിയായിരുന്നു വിവാഹം. അഞ്ചു ദിവസം നീണ്ടുനിന്ന ആഘോഷങ്ങളിൽ പങ്കെടുക്കാൻ അതിഥികൾക്ക് എൽസിഡി സ്ക്രീനുകളിലൂടെയുള്ള വ്യക്തിഗത ക്ഷണം ലഭിച്ചിരുന്നു. സ്വർണത്തിലും വെള്ളിയിലും നിർമിച്ച പാത്രങ്ങളിലാണു ഭക്ഷണം വിളമ്പിയത്.
വാനിഷാ മിത്തൽ - അമിത് ഭാട്ടിയ വിവാഹം
ഗിന്നസ് റെക്കോർഡ് രേഖകൾ പ്രകാരം ഇന്ത്യൻ സ്റ്റീൽ വ്യവസായിയായ ലക്ഷ്മി മിത്തലിന്റെ മകൾ വാനിഷയുടെ 2004 ൽ നടന്ന വിവാഹത്തിൻ്റെ ചെലവ് അന്നത്തെ 55 മില്യൺ അമേരിക്കൻ ഡോളർ ( ഇന്നത്തെ 90 മില്യൺ - 750 കോടി രൂപ) ആയിരുന്നു. ആറു ദിവസം നീണ്ട വിവാഹമാഘോഷങ്ങളാണ് ഒരുക്കിയിരുന്നത്. ഫ്രാൻസിലെ ഒരു കൊട്ടാരത്തിലാണ് വിവാഹ ആഘോഷങ്ങൾ സംഘടിപ്പിച്ചത്.