ഇനി ഉണ്ടാകുമോ ഇങ്ങനെയൊരു കല്യാണം: അംബാനിയുടെ ബ്രഹ്മാണ്ഡ വിവാഹ മാമാങ്കം സമാനതകളില്ലാത്തത്
Mail This Article
അഞ്ചുമാസക്കാലമായി മാധ്യമങ്ങളിൽ എവിടെയും നിറയുന്നത് അനന്ത് അംബാനിയുടെയും രാധികാ മെർച്ചന്റിന്റെയും കല്യാണ വിശേഷങ്ങളാണ്. ജാംനഗറിലെ വിവാഹ പൂർവ ആഘോഷം മുതല്‍ ഓരോ ചടങ്ങുകളും അത്രയേറെ മാധ്യമശ്രദ്ധ നേടി. ഒരുപക്ഷേ ഇന്ത്യയിലേക്ക് ലോകത്തിന്റെ ശ്രദ്ധ മുഴുവൻ തിരിച്ചുവിടാൻ പോലും ഈ കല്യാണ ആഘോഷങ്ങൾക്ക് സാധിച്ചു എന്നത് അതിശയോക്തിയല്ല. ഇന്നോളം ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ചെലവേറിയ വിവാഹങ്ങളുടെ പട്ടികയിൽ മുൻനിരയിൽ ഇടം നേടി അനന്തും രാധികയും ചരിത്രത്തിന്റെ കൂടി ഭാഗമായെന്ന് പറയാം.
ക്ഷണിച്ചുവരുത്തിയ അതിഥികൾക്ക് പുറമേ ഒരു രാജ്യമെങ്ങും ആഘോഷിച്ച വിവാഹം. സാധാരണക്കാർക്ക് സങ്കൽപങ്ങളിലോ സ്വപ്നത്തിലോ പോലും കാണാൻ സാധിക്കാത്തതു പോലെ ആയിരക്കണക്കിന് കോടികൾ വിവാഹ ആഘോഷങ്ങൾക്കായി ഒഴുക്കിയതിന് മുകേഷ് അംബാനിയെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളിൽ ചർച്ചകളും സജീവമായിരുന്നു. എന്തുതന്നെയായാലും ഈ അംബാനി കല്യാണം പോലെ ഒന്നിന് ഇന്നോളം ഇന്ത്യ സാക്ഷ്യം വഹിച്ചിട്ടില്ല. ഇനി ഇങ്ങനെയൊന്ന് ഉണ്ടാകുമോ എന്നതും സംശയം തന്നെ. സംസ്കാരത്തിനും ആഡംബരത്തിനും ആചാരങ്ങൾക്കും ചാരിറ്റിക്കും എല്ലാം ഒരേപോലെ പ്രാധാന്യം നൽകിയ വിവാഹാഘോഷങ്ങൾ എത്തരത്തിൽ വേറിട്ട് നിന്നുവെന്നു നോക്കാം.
പ്രധാനമന്ത്രിയുടെ സാന്നിധ്യം
രാജ്യത്തിന്റെ പ്രധാനമന്ത്രി ക്ഷണിക്കപ്പെട്ട അതിഥിയായി പങ്കെടുക്കുന്ന വിവാഹ ചടങ്ങുകൾ അത്യപൂർവമായിരിക്കും. അത്രത്തോളം പ്രാധാന്യമാണ് ഇന്ത്യയുടെ രാഷ്ട്രീയ മേഖലയിൽ പോലും അംബാനി വിവാഹത്തിന് ഉണ്ടായിരുന്നത്. അനന്ത് - രാധിക വിവാഹത്തിന്റെ പ്രൗഢിയും പകിട്ടും വർധിപ്പിച്ചുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വധൂവരന്മാരെ അനുഗ്രഹിക്കാനായി ചടങ്ങുകളിൽ പങ്കെടുത്തത്.
ആത്മീയതയുടെയും മതവിശ്വാസത്തിന്റെയും പ്രതിഫലനം
ആഡംബരങ്ങളുടെ അവസാന വാക്കായാണ് വിവാഹാഘോഷം സംഘടിപ്പിച്ചതെങ്കിലും ഓരോ ചടങ്ങുകളിലും പരമ്പരാഗത രീതികൾ തന്നെ പിന്തുടർന്നു എന്നതാണ് അനന്ത് - രാധിക വിവാഹത്തെ വേറിട്ടുനിർത്തുന്നത്. സംഗീത്, ശിവശക്തി പൂജ, മെഹന്ദി, ഹൽദി, മാമേരു തുടങ്ങി കാലങ്ങളായി അനുവർത്തിച്ചു പോരുന്ന എല്ലാ ചടങ്ങുകളും സംഘടിപ്പിച്ചിരുന്നു. ഇന്ത്യൻ ആചാരങ്ങളോടുള്ള അംബാനി കുടുംബത്തിന്റെ ബഹുമാന സൂചകമായാണ് തനിമ നഷ്ടപ്പെടാതെ ഓരോ ചടങ്ങും നടത്തിയത്. വിവാഹദിനത്തിൽ ആത്മീയ ആചാര്യന്മാരുടെ സാന്നിധ്യവും അംബാനി ഉറപ്പുവരുത്തി.
ജഗദ്ഗുരു രാംഭദ്രാചാര്യ, സ്വാമി സദാനന്ദ സരസ്വതി, സ്വാമി അവിമുക്തേശ്വരാനന്ദ്, ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി എന്നിവരെല്ലാം പ്രധാന വിവാഹ ചടങ്ങുകളുടെ ഭാഗമായി. ഹൈന്ദവ വിശ്വാസപ്രമാണങ്ങൾക്ക് ആധാരമായ സനാതന ധർമത്തിന് അങ്ങേയറ്റം പ്രാമുഖ്യം നൽകികൊണ്ടാണ് വിവാഹം നടന്നത്. വിവാഹത്തിനു മുന്നോടിയായി അതിഥികളെ സ്വാഗതം ചെയ്തുകൊണ്ടുള്ള അഭിസംബോധനയിൽ ഇക്കാര്യം അംബാനി തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു.
അവിശ്വസനീയമായ ആഡംബരങ്ങൾ
ഓരോ ചടങ്ങിലും വധൂവരന്മാരും കുടുംബാംഗങ്ങളും ധരിച്ച വസ്ത്രത്തിലും ആഭരണങ്ങളിലും തുടങ്ങി വിവാഹ വേദിയിലെ അലങ്കാരങ്ങളിൽ പോലും ആഡംബരം നിറച്ചു കൊണ്ടായിരുന്നു വിവാഹമാമാങ്കം. ജാം നഗറിലെ ആഘോഷ പരിപാടികളും ആഡംബര കപ്പൽ യാത്രയും വിവാഹത്തിന് തൊട്ടടുത്ത ദിവസങ്ങളിൽ നടന്ന ഓരോ ചടങ്ങുകളും സങ്കൽപ്പിക്കാനാവാത്തത്ര പ്രൗഢിയിലാണ് അണിയിച്ചൊരുക്കിയത്. ഇന്ത്യൻ സംസ്കാരം അതിന്റെ എല്ലാ പകിട്ടോടെയും ലോകത്തിനു മുന്നിൽ പ്രദർശിപ്പിക്കപ്പെടുന്ന ഒരു വേദിയായി അനന്ത് - രാധിക വിവാഹം മാറി എന്നതും എടുത്തു പറയണം. ലോകമെമ്പാടും ഇത് ചർച്ചയാവുകയും ചെയ്തു.
സമ്പദ് വ്യവസ്ഥയിലും മാറ്റങ്ങൾ
കോടികൾ മുടക്കി ഒരുക്കിയ വിവാഹ ആഘോഷങ്ങൾ പല മേഖലകളിലും സാമ്പത്തിക മുന്നേറ്റം ഉണ്ടാകുന്നതിനും വഴിവച്ചിരുന്നു. വിവാഹ വേദിയുടെ അലങ്കാരങ്ങൾ, വിരുന്ന്, അതിഥികൾക്കുള്ള താമസസൗകര്യം, ഗതാഗത സംവിധാനങ്ങൾ അങ്ങനെ ഓരോ ഘടകങ്ങളും വ്യത്യസ്ത മേഖലകൾക്ക് ഗുണകരമായി. ആയിരക്കണക്കിന് ആളുകൾക്ക് തൊഴിലവസരവും ഇത് തുറന്നിട്ടിരുന്നു. വലിയ സംരംഭങ്ങൾക്ക് മാത്രമല്ല ചെറുകിട വ്യവസായങ്ങൾക്ക് കൂടി ആഘോഷ പരിപാടികൾ വലിയ രീതിയിൽ പിന്തുണയായിരുന്നു.
പ്രാദേശിക വിപണിയിലുണ്ടായ സ്വാധീനം
മേക്ക് ഇൻ ഇന്ത്യ എന്ന ആശയവുമായി ഏറെ ചേർന്നു നിന്നുകൊണ്ടാണ് വിവാഹ ആഘോഷങ്ങൾ ഒരുക്കിയത്. വിവാഹ ആഘോഷങ്ങൾക്കായി സാധാരണക്കാർ പോലും വിദേശരാജ്യങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ഇന്ത്യയിൽ തന്നെ വിവാഹ ആഘോഷങ്ങൾ സംഘടിപ്പിച്ചതും ഇതിന്റെ ഉദാഹരണമായി എടുത്തുകാട്ടാം. പ്രാദേശിക വ്യവസായ സംരംഭങ്ങളായിരുന്നു ഈ തീരുമാനത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ.
പ്രീ വെഡിങ് ആഘോഷങ്ങൾ
ജാംനഗറിൽ നടന്ന പ്രീ വെഡിങ് ആഘോഷങ്ങൾ പ്രാദേശിക സമ്പദ് വ്യവസ്ഥയെ വലിയ രീതിയിൽ തന്നെ സ്വാധീനിച്ചിരുന്നു. ഹോട്ടലുകൾ, റസ്റ്ററന്റുകൾ, റീട്ടെയിൽ ശൃംഖലകൾ, ഗതാഗത സംവിധാനങ്ങൾ എന്നിവയിൽ നിന്നെല്ലാമുള്ള വരുമാനത്തിൽ വലിയ വർധനവാണ് ഈ കാലയളവിൽ രേഖപ്പെടുത്തിയത്. ഇതിനുപുറമേ ഈ മേഖലകളിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ ഒരുക്കാനും പ്രീ വെഡിങ് ആഘോഷങ്ങളിലൂടെ സാധിച്ചു.
നിരാലംബരായവർക്ക് കൈത്താങ്ങ്
അനന്ത് - രാധിക വിവാഹത്തിന് മുന്നോടിയായി നിരാലംബരായ ധാരാളം വ്യക്തികൾക്ക് വിവാഹ ജീവിതത്തിലേയ്ക്ക് കടക്കാനുള്ള അവസരവും അംബാനി കുടുംബം ഒരുക്കി. സമൂഹവിവാഹം നടത്തിയതിനു പുറമേ വസ്ത്രങ്ങളും സ്വർണാഭരണങ്ങളും എല്ലാം സമ്മാനമായി നൽകിയാണ് ഇവർക്ക് പുതുജീവിതത്തിലേക്കുള്ള വഴി തുറന്നിട്ടത്. 40 ദിവസം തുടർച്ചയായി ആയിരക്കണക്കിന് ആളുകൾക്ക് ഭക്ഷണം നൽകിയതും ഇതുമായി ചേർത്ത് വായിക്കാം. സാമൂഹിക സേവനത്തിനും സാമൂഹിക പ്രതിബദ്ധതയ്ക്കും അംബാനി കുടുംബം എത്രത്തോളം പ്രാധാന്യം കൽപ്പിക്കുന്നു എന്നതിന്റെ ഉദാഹരണമായാണ് ഈ പ്രവർത്തനങ്ങൾ എടുത്തു കാണിക്കപ്പെടുന്നത്.
താര നിബിഡമായ വിവാഹവേദി
ഒരുപക്ഷേ വലിയ അവാർഡ് നിശകളിൽ പോലും കാണാൻ സാധിക്കാത്തത്ര താര സമ്പന്നമായിരുന്നു അനന്തിന്റേയും രാധികയുടെയും വിവാഹവേദി. ഹോളിവുഡും ബോളിവുഡും ടോളിവുഡും മോളിവുഡുമെല്ലാം വിവാഹത്തിന്റെ ഭാഗമായി. മുഴുവൻ മാധ്യമശ്രദ്ധയും ജിയോ വേൾഡ് സെന്ററിലേക്ക് മാത്രം തിരിഞ്ഞതിൽ അത്ഭുതത്തിന് വകയില്ലാത്ത വിധമായിരുന്നു ചടങ്ങുകൾ.