ADVERTISEMENT

ഇന്ത്യയിലെ പ്രശസ്തരായവരുടെ കുടുംബങ്ങളിലെ ചടങ്ങുകളെല്ലാം എക്കാലവും ലോകത്തിന്റെയാകെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. അനന്ത് - രാധിക വിവാഹമാണ് അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം. ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും വിവാഹത്തിന്റെ കാര്യവും  വ്യത്യസ്തമായിരുന്നില്ല. എന്നാൽ രാജ്യം മുഴുവൻ കൊണ്ടാടേണ്ട അവസരമായിരുന്നിട്ടും ഇന്ത്യൻ ചലച്ചിത്ര ലോകത്തിന്റെ ബിഗ് ബിയുടെ വിവാഹം സാധാരണക്കാരുടെ വിവാഹങ്ങളെക്കാൾ ലളിതമായി, മറ്റൊരു തരത്തിൽ പറഞ്ഞാൽ രഹസ്യമായി നടന്ന ഒന്നാണ്. അമിതാഭ് ബച്ചന്റെ പിതാവും കവിയുമായ ഹരിവംശറായി ബച്ചന്റെ ആത്മകഥയിലാണ് അമിതാഭ് - ജയ വിവാഹം എങ്ങനെയാണ് നടന്നതെന്ന് വിശദീകരിക്കുന്നത്

ഇന്റിമേറ്റ് വിവാഹങ്ങൾ കേട്ടുകേൾവി ഇല്ലാതിരുന്ന കാലത്ത് തന്നെ അത്തരം ഒരു ചടങ്ങിലൂടെയാണ് അമിതാഭും ജയയും ഭാര്യാ–ഭർത്താക്കന്മാരായത്. 1973 ജൂൺ 3 നായിരുന്നു വിവാഹം. മാധ്യമങ്ങളുടെ ശ്രദ്ധയിൽ പെടാതിരിക്കാൻ ഒരു സുഹൃത്തിന്റെ അപ്പാർട്ട്മെന്റിലാണ് ചടങ്ങുകൾ നടത്തിയത്. ഏറ്റവുമടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും വിരലിലെണ്ണാവുന്ന പ്രശസ്തരും മാത്രമായിരുന്നു അതിഥികൾ.  വലിയ ജനക്കൂട്ടത്തെ ഉൾപ്പെടുത്താതെ വിവാഹം നടത്തണമെന്ന തീരുമാനത്തെ തുടർന്നായിരുന്നു ലളിതമായി ചടങ്ങ് സംഘടിപ്പിച്ചത്.

‘ഇൻ ദ ആഫ്റ്റർനൂൺ ഓഫ് ടൈം’ എന്ന ആത്മകഥയിൽ വിവാഹത്തിന്റെ ഓരോ ഘട്ടത്തെയും കുറിച്ച് ഹരിവംശ് റായി ബച്ചൻ വിശദമായി പറയുന്നുണ്ട്. മലബാർ ഹിൽസിലെ സ്കൈ ലാർക്ക് ബിൽഡിങ്ങിലുള്ള ഒരു അപ്പാർട്ട്മെന്റായിരുന്നു വിവാഹവേദി. അടുത്ത ബന്ധുക്കളിൽ പലർക്കും അത്യാവശ്യമായി കുടുംബവുമൊത്ത് എത്തണമെന്ന് അറിയിച്ചുകൊണ്ട് ടെലഗ്രാം ചെയ്യുകയാണ് ചെയ്തത്. രഹസ്യം പുറത്താകാതിരിക്കാൻ കാരണം പോലും വ്യക്തമാക്കിയിരുന്നില്ല. 

പരമ്പരാഗത ബംഗാളി ശൈലിയിൽ വിവാഹം നടത്തണമെന്നായിരുന്നു ജയയുടെ കുടുംബത്തിന്റെ ആഗ്രഹം. ബച്ചൻ കുടുംബം അത് അംഗീകരിക്കുകയും ചെയ്തു. ഇതനുസരിച്ച് ആദ്യഘട്ടമായി വര പൂജ നടന്നു. ജയയുടെ പിതാവ് സമ്മാനങ്ങളുമായി ബച്ചന്റെ വീട്ടിലേക്ക് എത്തുന്നതായിരുന്നു ഈ ചടങ്ങ്. ഇതിനുശേഷം ജയയുടെ വീട്ടിലേക്ക് അമിതാഭ് ബച്ചന്റെ കുടുംബവും സന്ദർശനം നടത്തി. എന്നാൽ ഈ ചടങ്ങിൽ ജയ ഒഴികെ അവരുടെ കുടുംബത്തിലെ മറ്റ് അംഗങ്ങൾ ആരും സന്തോഷത്തിലായിരുന്നില്ല എന്നും ആത്മകഥയിൽ അദ്ദേഹം പറയുന്നുണ്ട്.

ഹൽദി ചടങ്ങുകൾക്കായി വീട് ഒരുക്കിയ ശേഷം അയൽക്കാരോട് സിനിമ ഷൂട്ടിങ്ങിനുള്ള ഒരുക്കമാണെന്നാണ് അറിയിച്ചത്. വിവാഹ ചടങ്ങുകൾ കഴിഞ്ഞ ശേഷമുള്ള നിമിഷങ്ങൾ എങ്ങനെയായിരുന്നെന്നും ഹരിവംശ് റായി വിശദീകരിക്കുന്നുണ്ട്. വിവാഹശേഷം അതിഥികൾ പോയിക്കഴിഞ്ഞ് അമിതാഭിനെ മരുമകനായി ലഭിച്ചതിൽ ജയയുടെ പിതാവിനെ ഹരിവംശ് റായി അഭിനന്ദിച്ചിരുന്നു. തിരിച്ച് അതേ രീതിയിൽ മര്യാദാ പൂർണമായ ഒരു മറുപടിയാണ് പ്രതീക്ഷിച്ചത്. എന്നാൽ അതിനുപകരം തന്റെ കുടുംബം അങ്ങേയറ്റം തകർന്നു എന്നായിരുന്നു ജയയുടെ പിതാവിന്റെ മറുപടി. ഇത് എക്കാലവും വേദനയായി ഉള്ളിൽ തുടരുന്നുണ്ടെന്നും ആത്മകഥയിൽ ഹരിവംശ് റായി എടുത്തു പറയുന്നുണ്ട്.

അമിതാഭ് - ജയ വിവാഹം കഴിഞ്ഞ് അഞ്ചു പതിറ്റാണ്ടുകൾ പിന്നിട്ടു. ബച്ചൻ കുടുംബത്തിനെ കുറിച്ച് ഗോസിപ്പുകൾക്ക് പഞ്ഞമില്ലെങ്കിലും ഇപ്പോഴും ബോളിവുഡിലെ മാതൃക ദമ്പതികളാണ് ഇരുവരും

English Summary:

Amitabh and Jaya Bachchan's Secret Wedding: A Timeless Love

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com