പ്രത്യേക ‘റൊമാന്റിക് കണക്‌ഷൻ’: 102കാരിയെ ജീവിതസഖിയാക്കി 100 വയസ്സുകാരൻ
Mail This Article
പ്രണയത്തിനു മുന്നിൽ പ്രായത്തിന് എന്ത് പ്രസക്തി? ജീവിതത്തിൽ അവശേഷിക്കുന്ന ഓരോ നിമിഷവും കൂടുതൽ മനോഹരമാക്കാൻ മനസ്സിന് ഇഷ്ടപ്പെട്ട വ്യക്തിയുടെ സാന്നിധ്യം കൂടിയേ തീരൂ എന്ന് തോന്നിയാൽ എൺപതോ തൊണ്ണൂറോ അല്ല നൂറു വയസ്സായാലും ഒപ്പം കൂട്ടാം. ജീവിതത്തിലൂടെ ഇത് തെളിയിച്ചു തന്നിരിക്കുകയാണ് ബെർണി ലിറ്റ്മാൻ എന്ന നൂറു വയസ്സുകാരൻ. പ്രായമായ കാലത്ത് താങ്ങാവാൻ തന്നെക്കാൾ അധികം പ്രായം ചെന്ന വധുവിനെയാണ് ഇദ്ദേഹം തിരഞ്ഞെടുത്തത്. മർജോരി ഫിറ്റർമാൻ എന്ന 102 കാരിയാണ് ബെർണിയുടെ വധു.
ഫിലഡൽഫിയ സ്വദേശികളായ ഇവരുടെ അപൂർവ പ്രണയവും വിവാഹവും ഗിന്നസ് ലോക റെക്കോർഡ് ബുക്കിലും ഇടം നേടിക്കഴിഞ്ഞു. ലോകത്തിലെ ഏറ്റവും പ്രായം ചെന്ന നവദമ്പതികൾ എന്ന റെക്കോർഡാണ് ബെർണിയും മർജോരിയും സ്വന്തമാക്കിയത്. അടുത്തിടെ ഇവരുടെ റെക്കോർഡ് നേട്ടം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഗിന്നസ് ബുക്ക് നടത്തിയിരുന്നു. ഫിലഡൽഫിയയിലെ മുതിർന്ന പൗരന്മാർക്ക് വേണ്ടി ഒരുക്കിയിരിക്കുന്ന ഒരു താമസ സ്ഥലത്ത് വച്ചാണ് ബെർണിയും മർജോരിയും പരിചയപ്പെട്ടത്. ഒൻപത് വർഷങ്ങൾക്കു മുൻപ് ഒരു കോസ്റ്റ്യൂം പാർട്ടിക്കിടെയായിരുന്നു ആ കണ്ടുമുട്ടൽ.
അധികം വൈകാതെ ഇരുവർക്കും ഒരു പ്രത്യേക റൊമാന്റിക് കണക്‌ഷൻ അനുഭവപ്പെട്ടു. പിന്നീടിങ്ങോട്ട് വർഷങ്ങൾ നീണ്ട പ്രണയകാലമായിരുന്നു. ഈ വർഷം മെയ് 19ന് അതേ ലിവിങ് ഫെസിലിറ്റിയിൽ വച്ച് മർജോരി ബെർണിയുടെ ജീവിതസഖിയായി. എന്നാൽ സീനിയർ ലിവിങ് ഫെസിലിറ്റിയിൽ എത്തുന്നതിനു മുൻപ് വളരെ സന്തോഷകരമായ ഒരു ജീവിതം ഇരുവർക്കും ഉണ്ടായിരുന്നു. ചെറുപ്പകാലത്ത് തന്നെ വിവാഹിതരായി ആറുപതിറ്റാണ്ടോളം പങ്കാളികൾക്കൊപ്പം സന്തോഷകരമായി ജീവിച്ച് വാർധക്യത്തിലേക്ക് എത്തിയവരാണ് ഇരുവരും. ബെർണിയുടെ ഭാര്യയും മർജോരിയുടെ ഭർത്താവും മരണപ്പെട്ടതോടെ ജീവിത വഴിയിൽ ഇവർ തനിച്ചായി.
പെൻസിൽവാനിയ സർവകലാശാലയിൽ ഏതാണ്ട് ഒരേകാലത്ത് പഠിച്ചവരാണ് ഇരുവരും എന്നതും പ്രത്യേകതയാണ്. എന്നാൽ അക്കാലത്ത് ഒരിക്കലും ഇവർ കണ്ടുമുട്ടിയതേയില്ല. അതിനുശേഷം ബെർണി എൻജിനീയറിങ്ങും മർജോരി അധ്യാപനവും പ്രൊഫഷനായി തിരഞ്ഞെടുത്തു. നൂറു വയസ്സു പിന്നിട്ട ശേഷം ദാമ്പത്യത്തിലേക്കു കടക്കാൻ ഇരുവരും തീരുമാനമെടുത്ത വാർത്ത ലോകത്തെ അറിയിച്ചത് ബെർണിയുടെ ചെറുമകൾ സാറയാണ്. നൂറാം വയസ്സിൽ വീണ്ടും സ്നേഹത്തിന്റെ പ്രതീക്ഷ കണ്ടെത്തി ഇരുവരും തങ്ങളുടെ ജീവിതത്തിലൂടെ മറ്റുള്ളവർക്ക് കൂടി സന്തോഷം പകരുന്നു എന്നായിരുന്നു സാറയുടെ പ്രതികരണം.
ഇരുവരുടെയും ഏറ്റവുമടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു വിവാഹം. ബെർണിയുടെ കുടുംബത്തിലെ നാലു തലമുറയിൽ പെട്ടവർ വിവാഹത്തിന് സാക്ഷികളായി. ഇരുവരും വീൽചെയറിലാണ് വിവാഹ വേദിയിലേയ്ക്ക് എത്തിയത്. ഇത്രയും നീണ്ടകാലം ജീവിച്ചതിന് പിന്നിലെ രഹസ്യം വെളിപ്പെടുത്താൻ ബെർണിക്കും മർജോരിക്കും മടിയില്ല. വായനയും എല്ലാ കാര്യത്തെക്കുറിച്ചും അറിവ് നേടുന്നതുമാണ് തന്റെ സന്തോഷത്തിന്റെയും ആയുസ്സിന്റെയും രഹസ്യം എന്ന് ബെർണി പറയുന്നു. അതേസമയം മർജോരിയാകട്ടെ തന്റെ ദീർഘായുസ്സിന്റെ ക്രെഡിറ്റ് ബട്ടർ മിൽക്കിനാണ് നൽകുന്നത്.