ഡെസ്റ്റിനേഷൻ വെഡ്ഡിങ് ഗോശാലയിൽ; പശുക്കൾക്ക് പുല്ല് നൽകിയ ശേഷം അതിഥികൾക്കു ഭക്ഷണം
Mail This Article
ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങുകളാണ് പുതിയ കാലത്തിന്റെ ട്രെൻഡ്. ഇതിനായി മനോഹരമായ ഇടങ്ങൾ വധൂവരന്മാർ തിരഞ്ഞെടുക്കാറുണ്ട്. എന്നാൽ പശുത്തൊഴുത്ത് വെഡ്ഡിങ്ങൾ ഡെസ്റ്റിനേഷനായി ആരെങ്കിലും തിരഞ്ഞെടുക്കുമോ? എന്നാൽ ജനുവരി 22ന് മധ്യപ്രദേശിലെ ഗ്വാളിയോറിൽ ഒരു ഡെസ്റ്റിനേഷൻ വെഡ്ഡിങ് നടക്കുന്നത് ഗോശാലയിലാണ്.
പരിസ്ഥിതി സൗഹൃദപരമായാണ് വധൂവരന്മാര്‍ വിവാഹത്തിനു ഗോശാല തിരഞ്ഞെടുത്തതെന്നാണ് വിവരം. ലാൽ തിപാര ആദർശ് ഗോശാലയിലാണ് വിവാഹം നടക്കുന്നത്. 20ലക്ഷം രൂപ മുതൽമുടക്കിലാണ് ഈ ഗോശാല കൾച്ചറൽ പവലിയനായി വികസിപ്പിച്ചത്. ഇവിടെ നടക്കുന്ന ആദ്യത്തെ ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങാണ്.
അതിഥികൾക്കു ഭക്ഷണം നൽകുന്നതിനു മുൻപ് പശുക്കൾക്കു പുല്ല് നൽകണമെന്നത് സംസ്കാരത്തിന്റെ ഭാഗമാണ്. സാംസ്കാരിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനായാണ് ഡെസ്റ്റിനേഷൻ വെഡ്ഡിങ് വേദിയായി ഗോശാല തിരഞ്ഞെടുത്തത്. പാരമ്പര്യമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചായിരിക്കും പശുത്തൊഴുത്തിലെ വിവാഹം നടക്കുക.
കാളവണ്ടിയിലാണ് വിവാഹ ഘോഷയാത്ര നടക്കുന്നത്. ഇലകൊണ്ട് നിർമിച്ച പാത്രങ്ങളിലാണ് ഭക്ഷണം വിളമ്പുക. നിലത്തിരുന്ന് ഭക്ഷണം കഴിക്കണം. വൈദ്യുതി ചെലവു കുറയ്ക്കുന്നതിനായി പകൽ സമയത്താണ് വിവാഹം നടക്കുന്നത്. അതിഥികൾക്കായി പുല്ലുകൊണ്ടുള്ള ഇരുപ്പിടമാണ് ഒരുക്കിയിരിക്കുന്നത്. ഗോശാലയ്ക്ക് സമീപത്തായി അതിഥികൾക്കു താമസിക്കുന്നതിനായി നാൽപതോളം കുടിലുകളും ഒരുക്കി. പൂർണമായും പരിസ്ഥിതി സൗഹാർദപരമായാണ് വിവാഹം നടക്കുന്നത്.