മലയാള മനോരമ ചീഫ് എഡിറ്റേഴ്സ് ട്രോഫി കോഴിക്കോട് മെഡിക്കൽ കോളജിന്
Mail This Article
കേരളത്തിലെ ഏറ്റവും മികച്ച കോളജ് മാഗസിനുള്ള മലയാള മനോരമ ചീഫ് എഡിറ്റേഴ്സ് ട്രോഫി (സ്റ്റുഡന്റ് എഡിറ്റർക്ക് 50,001 രൂപയും ശിൽപവും) കോഴിക്കോട് മെഡിക്കൽ കോളജിന്റെ ‘ഒരു ദുരാത്മാവിന്റെ പറ്റ് പുസ്തക’ത്തിന്. കോട്ടക്കൽ പരപ്പൂർ നബീലുൽ ഹിദായ ഇസ്‍ലാമിക് കോളജിന്റെ ‘ഒരു കരയും മറ്റനേകം കരകളും തമ്മിൽ’ രണ്ടാം സ്ഥാനം (30,001 രൂപ) നേടി. തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയുടെ ‘05/08/ 2019’ എന്ന മാഗസിനാണ് മൂന്നാം സ്ഥാനം (20,001 രൂപ). മികച്ച ലേ ഔട്ടിനുള്ള പുരസ്കാരം (10,001 രൂപ) തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജിന്റെ ‘ഒച്ച്’ നേടി.
എഴുത്തുകാരൻ ഫ്രാൻസിസ് നൊറോണ, തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ, മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ മാത്യൂസ് വർഗീസ് എന്നിവരാണ് ജേതാക്കളെ തിരഞ്ഞെടുത്തുത്. പുരസ്കാര സമർപ്പണം പിന്നീടു നടക്കും.
ജീവിച്ചിരിക്കുന്നവരുടെ പറ്റുപുസ്തകം
കേരളത്തിലെ മികച്ച കലാലയ മാഗസിനുള്ള മലയാള മനോരമ ചീഫ് എഡിറ്റേഴ്സ് ട്രോഫി നേടിയ കോഴിക്കോട് മെഡിക്കൽ കോളജിന്റെ ‘ഒരു ദുരാത്മാവിന്റെ പറ്റ് പുസ്തകം’ എന്ന മാഗസിന്റെ സ്റ്റുഡന്റ് എഡിറ്റർ രാഹുൽ രാജീവ് എഴുതുന്നു
പ്രേതകഥകൾ നിറഞ്ഞൊരു ഡൽഹി യാത്രയിലാണ് തികച്ചും അവിചരിതമായിട്ടെവിടെയോ ആവാഹിക്കപ്പെട്ടു കിടന്ന 'പ്രേതങ്ങൾ' മണിച്ചിത്രത്താഴു തകർത്തു തലയിൽ ഉദിച്ചത്. സത്യത്തിൽ ആത്മാവ് എന്നൊന്നുണ്ടോ എന്ന ചോദ്യം ഏതൊരു പ്രായക്കാരനായ മനുഷ്യരിലും (വിശ്വാസികൾക്കും യുക്തിവാദികൾക്കും പ്രേതത്തെ പേടിയാണ്) ജിജ്ഞാസ ഉളവാക്കുന്ന കാര്യമാണ്. അത് നാലാളു കൂടുന്നിടത്തെ സ്ഥിരം ചർച്ചകളിൽ എക്കാലത്തും നിറസാന്നിധ്യമായൊരു വിഷയം ആയിരിക്കെ, 'പ്രേതങ്ങൾ'ക്ക് സ്വന്തം നിലയ്ക്ക് ഞങ്ങൾ കുറച്ച് നിർവചനങ്ങൾ കൊടുത്തപ്പോൾ ഉണ്ടായതാണ് 'ഒരു ദുരാത്മാവിന്റെ പറ്റ് പുസ്തകം'.
മരിച്ചു മൺമറയുന്നൊരാൾ ഭൂമിയിൽ ബാക്കിവെക്കുന്ന അയാളുടെ ഓർമകളാണ് പ്രേതങ്ങൾ. പക്ഷെ, ചെയ്തു തീർക്കാൻ ബാക്കി വച്ചതും വെട്ടിപ്പിടിക്കാൻ കൊതിച്ചതും, പറ്റ് കണക്കുകളായ് കുറിച്ച് വച്ച് 'പ്രതികാര ദാഹിയായി, തലയിൽ തളച്ച ആണിയും പിഴുത് നീലി പാലയിൽനിന്ന് ഇറങ്ങിവന്നപ്പോൾ', അവൾ കണ്ടത് ജീവിച്ചിരിക്കുന്ന ഒരു കൂട്ടം പ്രേതങ്ങളെ ആയിരുന്നു ! യക്ഷികളെയും ഭൂതങ്ങളെയും തേടിയുള്ള യാത്രയിൽ കൂടെ വന്ന ഓരോ 'ദുരാത്മാക്കൾക്കും' ഒരിക്കൽക്കൂടെ ഒരായിരം നന്ദി, സ്നേഹം.
തുരുത്തിനപ്പുറത്തെ കാലം
മലയാള മനോരമ ചീഫ് എഡിറ്റേഴ്സ് ട്രോഫി കലാലായ മാഗസിൻ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ മലപ്പുറം പരപ്പൂർ, കോട്ടയ്ക്കൽ സബീലുൽ ഹിദായ ഇസ്‍ലാമിക് കോളജിന്റെ ഒരു കരയും മറ്റനേകം കരകളും തമ്മിൽ എന്ന മാഗസിന്റെ എഡിറ്റർ മുഹമ്മദ് സഹീർ എഴുതുന്നു
പൊതു ഇടങ്ങളിൽ തനിച്ച് നിൽക്കുകയും അതോടൊപ്പം അവരിലൊരാളായി ഇഴചേർന്ന് നിൽക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഞങ്ങൾ, അറബിക് കോളേജ് വിദ്യാർഥികളുടെ കണ്ണുകളിലൂടെ സമൂഹ പരിസരത്തെ വിലയിരുത്താനാണ് ശ്രമിച്ചത്. ചെറു തുരുത്തുകൾ പോലെ നാടൊട്ടുക്കും പരന്ന് കിടക്കുന്ന ചില ജീവിതങ്ങൾ. എന്നാൽ ഒരേ സമയം തന്നെ അദൃശ്യതയും ദൃശ്യതയും നേരിടുന്ന തുരുത്തിനപ്പുറത്ത് അകലങ്ങളിലെ കരകളെ കാണുമ്പോഴുള്ള തുരുത്തിന്റെ പ്രതിഷേധങ്ങളും നെടുവീർപ്പുകളും പരക്കെ ചിതറിയ മൗലൂദ്.
വാക്കിന്റെ പ്രതിരോധം
മലയാള മനോരമ ചീഫ് എഡിറ്റേഴ്സ് ട്രോഫി കലാലായ മാഗസിൻ മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയുടെ മാഗസിൻ 05/08/ 2019 ന്റെ എഡിറ്റർ സിജിൻ ശാമുവേൽ എഴുതുന്നു
ഭരണഘടനയുടെ മൗലികാവകാശങ്ങളെ ഉയർത്തിപ്പിടിച്ചുകൊണ്ട് കലയിലൂടെയുള്ള പ്രതിരോധമായാണ് മാഗസിൻ രൂപം കൊള്ളുന്നത്. നിറങ്ങളല്ല , കറുപ്പും വെളുപ്പും കലഹിക്കുന്ന ഗ്രാഫിക് ചിത്രങ്ങൾക്കും അക്ഷരങ്ങൾക്കും ഇടയിൽ ഒരൊറ്റ തുള്ളി ചോരചുവപ്പു മാത്രമാണ് അച്ചടിച്ചത്. ആറ് ഭാഗങ്ങളായി പൗരാവകാശത്തിന്റെ വിവിധ വശങ്ങളെ സർവകലാശാലയുടെ അക്ഷരങ്ങളിലൂടെയും വരകളിലൂടെയും പ്രദർശിപ്പിക്കുകയെന്ന കാലത്തിന്റെ ധാർമികതയുടെ ധർമമാണ് മാഗസിൻ നിർവഹിക്കുന്നത്.
നിശ്ശബ്ദതയുടെ ഒച്ച
മലയാള മനോരമ ചീഫ് എഡിറ്റേഴ്സ് ട്രോഫി കലാലായ മാഗസിൻ മത്സരത്തിൽ മികച്ച ലേ ഔട്ടിനുള്ള പുരസ്കരാം നേടിയ തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജിന്റെ ‘ഒച്ച്’ മാഗസിന്റെ എഡിറ്റർ ലിഷ യോഹന്നാൻ എഴുതുന്നു:
'ഒച്ച'യിൽ നിന്ന് 'അ'കാരമെടുത്താൽ അത് 'ഒച്ചാ'യി മാറുന്നു. ഒച്ചപ്പാടുകളുടെ കാലത്ത് ഒച്ചിന്റെ തത്ത്വശാസ്ത്രം നിശ്ശബ്ദതയുടേതാണ്. ശബ്ദമുയർത്തിയ വിപ്ലവങ്ങൾ പലതും ലക്ഷ്യത്തിലെത്താതെ പോകുമ്പോൾ, മുദ്രാവാക്യങ്ങൾക്കും അക്രമങ്ങൾക്കും പകരം, തോക്കുചൂണ്ടുന്നവനു നേരേ പൂവു നീട്ടുന്ന വിപ്ലവകാരികളെയാണ് 'ഒച്ച്' വിഭാവനം ചെയ്യുന്നത്. അറിവിന്റെ മരങ്ങൾ വേരുകളാഴ്ത്തേണ്ടത് മനുഷ്യത്വമുറങ്ങുന്ന ഒരൊച്ചു ഹൃദയത്തിലാണെന്നാണ് മുഖചിത്രം തന്നെ നമ്മോടു സംവദിക്കുന്നത്! എപ്പോഴും വീടു ചുമന്ന്, തടസ്സങ്ങളിൽ വഴിമാറി നടന്ന്, ആണിനെയും പെണ്ണിനെയും ഒന്നായുൾക്കൊണ്ട്, ഒരു നുള്ളുപ്പിൽ ഒടുങ്ങിപ്പോകുന്ന ഒച്ചുജീവിതങ്ങൾ ചായക്കൂട്ടുകളിലൂടെ ഈ പുസ്തകമാകെ പടർന്നിട്ടുണ്ട്. വേഗതയിൽ തോറ്റ്, മനുഷ്യത്വത്തിൽ ജയിച്ച്, വന്ന വഴിയിലെല്ലാം വെള്ളിവരകളിട്ട്, ഒരു പുൽത്തുമ്പിനെപ്പോലും വേദനിപ്പിക്കാതെ, പതുക്കെ, വളരെ പതുക്കെ ലക്ഷ്യത്തിലേക്കിഴയാം...
English Summary : Kozhikode Medical College bags Malayala Manorama's Chief Editor's Trophy for best college magazine