ഇ–വേസ്റ്റ് കൊണ്ട് ബൈക്ക്, ചിരട്ടയിൽ നിന്ന് ലോക്കറ്റ്; റിൻസിന്റെ കരവിരുതിന് ലോക്ഡൗണില്ല
Mail This Article
ഇ-വേസ്റ്റ് കൊണ്ടൊരു ബൈക്ക്. ചിരട്ട കൊണ്ടുള്ള ലോക്കറ്റ്, ടയറും കയറും കൊണ്ട് കസേര, ബൾബും കുപ്പിയും കൊണ്ട് ഇൻഡോർ പ്ലാന്റ് ഡെക്കർ. മലയാള മനോരമ ഏജന്റ് ആലപ്രക്കാട് തോട്ടുകടവിൽ ടി.സി ചാക്കോയുടെ (റോയി) മകൻ റിൻസ് ചാക്കോയുടെ കരവിരുതിന്റെ കാഴ്ചയാണ്. ബിഎ അനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈനിങ് പൂർത്തിയാക്കിയ ഇയാൾ തിരുവനന്തപുരം ക്രൈസ്റ്റ് നഗർ സ്കൂളിൽ ഗ്രാഫിക് ഡിസൈനറാണ്.
ലോക്ക് ഡൗണിൽ വീട്ടിലിരുന്നു മടുത്തപ്പോൾ എന്തെങ്കിലും ആർട്ട് വർക്സ് ചെയ്യാൻ തീരുമാനിക്കുന്നത്. ആർട്ട് മെറ്റീരിയലുകൾ വാങ്ങാൻ കടകൾ ഒന്നുമില്ലാത്തതിനാൽ സാധാരണയായി ലഭ്യമായ ഉൽപന്നങ്ങൾ സംഭരിച്ചു എന്തെങ്കിലും ചെയ്യാൻ തീരുമാനിച്ചു.
വീട് മുഴുവൻ അരിച്ചുപെറുക്കി കിട്ടിയതാകട്ടെ പണ്ട് കുത്തിപ്പൊളിച്ചു കണ്ടംചെയ്ത് കോണിൽ തള്ളിയ ലാപ്ടോപ്പും വല്യപ്പച്ചന്റെ ഒരു റേഡിയോയും പിന്നെ കുറെ അനുസാരികളും. എന്നാൽ പിന്നെ ഇതുകൊണ്ട് എന്തെങ്കിലും ഉണ്ടാക്കിയേക്കാം എന്ന് കരുതി. അങ്ങനെയാണ് ഇ-വേസ്റ്റ് കൊണ്ടൊരു ബൈക്ക് എന്ന ആശയം തലയിലുദിച്ചത്.
പിന്നെ ഓരോരോ പാർട്സ് പണിയാൻ തുടങ്ങി. ലാപ്പിന്റെ ഫാൻ അലോയ്. ടി.വി. കേബിൾ കൊണ്ട് ടയർ. ടോർച്ചിന്റെ ലെൻസും ഹെഡ്സെറ്റിന്റെ സ്പീക്കറും ചേർത്ത് ഹെഡ്‍ലൈറ്റ്. റേഡിയോയുടെ ഏരിയൽ കൊണ്ട് ഫോർക്കും സൈലൻസറും. പിന്നീട് നേരിട്ട പ്രധാനപ്രശ്നം പെട്രോൾ ടാങ്ക് നിർമിക്കുക എന്നതായിരുന്നു. ആയിരുന്നു. 100% ഇ-വേസ്റ്റ് വേണമെന്ന് നിർബന്ധം ഉള്ളതുകൊണ്ട് വേറെ ഉൽപന്നങ്ങൾ ഒന്നും ഉപയോഗിക്കാനും പറ്റില്ല നിശ്ചയദാർഢ്യം ഉണ്ടായിരുന്നു.
പിന്നീട് വീട് ഒന്നുകൂടി മുക്കും മൂലയും അരിച്ചുപെറുക്കി അപ്പോൾ പഴയ ഒരു മൊബൈൽ ചാർജർ രക്ഷകനായെത്തി. പിന്നെ റേഡിയോയുടെ ഗ്രിൽ റേഡിയേറ്ററായി .ഹീറ്റ് സിങ്ക് എൻജിൻ ആയി. വൈദ്യുത തൂണിൽ ഉപയോഗിക്കുന്ന അലുമിനിയം കമ്പിയും വയാറുകളും ചെയിസ് പിന്നെ കയ്യിൽ കിട്ടിയ എല്ലാം വണ്ടിയുടെ ഓരോ പാർട്സായി രൂപപ്പെടുത്തുകയായിരുന്നു. 5 ദിവസമെന്നതാണു വണ്ടി പണി തീർത്തത്.
ജോലി സ്ഥലത്തേക്കു മടങ്ങുന്നതിനു മുൻപ് ബന്ധുവീടുകളിലും സുഹൃദ് സംഘങ്ങളിലും ഇ– വേസ്റ്റും മറ്റ് ഇതര ഉൽപന്നങ്ങളും പുതിയ സംരംഭങ്ങളുടെ നിർമാണത്തിനായി കണ്ടെത്തുന്ന തിരക്കിലാണ് റിൻസ്.