ADVERTISEMENT

ജോലി കഴിഞ്ഞ് 10 കിലോമീറ്റർ ഓടി വീട്ടിലേക്ക് പോകുന്ന പ്രദീപ് മെഹ്റയെന്ന 19കാരന്റെ ജീവിതം സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ജീവിത പ്രതിസന്ധികളോട് തളരാതെ പോരാടുന്ന പ്രദീപിന്റെ സൈന്യത്തിൽ ചേരുക എന്ന ആഗ്രഹത്തിന് അഭിനന്ദനങ്ങളും സഹായ വാഗ്ദാനങ്ങളുമായി പ്രമുഖരുൾപ്പടെ നിരവധിപ്പേർ രംഗത്തെത്തി. ഇപ്പോഴിതാ പ്രദീപിന്റെ അമ്മയുടെ ചികിത്സയ്ക്കായി 2.5 ലക്ഷം രൂപ കൈമാറിയിരിക്കുകയാണ് ഡിപ്പാർട്ട്മെന്റ് സ്റ്റോർ ശൃംഖല ഷോപ്പേഴ്സ് സ്റ്റോപ്പ്. 

പ്രദീപിന്റെ ജീവിതം സമൂഹമാധ്യമത്തിൽ പങ്കുവച്ച സംവിധായകൻ വിനോദ് കാപ്രിയാണ് ഇക്കാര്യം അറിയിച്ചത്. ‘‘തനിക്കു ലഭിച്ച പിന്തുണയും സ്നേഹവും പ്രദീപ് മെഹ്റയുടെ ഹൃദയം നിറച്ചിരിക്കുന്നു. പ്രദീപിന്റെ അമ്മയുടെ ചികിത്സയ്ക്കും സ്വപ്നങ്ങൾ സഫലമാക്കുന്നതിനുമായി 2.5 ലക്ഷം രൂപയുടെ ചെക്ക് ഷോപ്പേഴ്സ് സ്റ്റോപ് ഇന്നലെ കൈമാറി. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ’’– കാപ്രി ട്വീറ്റ് ചെയ്തു. 

നോയിഡയിലെ തെരുവിലൂടെ രാത്രി ഓടുന്ന പ്രദീപിന്റെ വിഡിയോ മാർച്ച് 11ന് ആണ് വിനോദ് കാപ്രി ട്വീറ്റ് ചെയ്തത്. 10 കിലോമീറ്റർ ദൂരെയുള്ള ബരോലയിലെ വീട്ടിലേക്കാണ് പ്രദീപ് ഓടുന്നതെന്നു മനസ്സിലാക്കിയ കാപ്രി, വീട്ടിലേക്ക് തന്റെ വാഹനത്തിൽ എത്തിക്കാമെന്ന് അറിയിച്ചു. എന്നാൽ പ്രദീപ് നിരസിച്ചു. സൈന്യത്തിൽ ചേരണമെന്നാണ് ആഗ്രഹമെന്നും അതിനുവേണ്ടിയുള്ള പരിശീലനമാണ് ഈ ഓട്ടമെന്നുമായിരുന്നു മറുപടി. രാവിലെ ഭക്ഷണം ഉണ്ടാക്കേണ്ടതിനാൽ വ്യായാമത്തിനുള്ള സമയം ലഭിക്കാറില്ലെന്നും അതുകൊണ്ടാണ് ഇപ്പോൾ ഓടുന്നതെന്നും പ്രദീപ് വ്യക്തമാക്കി. കാപ്രി അത്താഴം വാഗ്ദാനം ചെയ്തെങ്കിലും അതും നിരസിച്ചു. സഹോദരന് രാത്രിയിലാണ് ജോലിയാണെന്നും താൻ പോയി ഭക്ഷണമുണ്ടാക്കിയില്ലെങ്കിൽ അദ്ദേഹം പട്ടിണിയാകുമെന്നും അമ്മ രോഗബാധിതയായി ആശുപത്രിയിലാണെന്നു പ്രദീപ് കാപ്രിയോട് പറഞ്ഞു.  

പ്രാരാബ്ധങ്ങൾക്കിടയിൽ നിശ്ചയാദർഢ്യത്തോടെ തന്റെ സ്വപ്നത്തിനു വേണ്ടി പോരാടുന്ന പ്രദീപിന്റെ കഥ സമൂഹമാധ്യമങ്ങളിൽ തരംഗം തീർത്തു. ദേശീയ–പ്രാദേശിക മാധ്യമങ്ങളില്‍ വാർത്തയായി. ഇതിനു പിന്നാലെ യുവാവിന് തേടി അഭിനന്ദനങ്ങളും സഹായവാഗ്ദാനങ്ങളും എത്തി.

വിരമിച്ച സൈനിക ഉദ്യോഗ്സഥൻ ലെഫ്റ്റനന്റ് ജനറൽ ദുവ പ്രദീപിന് പരിശീലനം നൽകാനുള്ള സന്നദ്ധത അറിയിച്ചു. സിനിമാ നിർമാതാവും ഫൊട്ടോഗ്രഫറുമായ അതുൽ കാസ്ബേക്കർ സ്പോർട്സ് കിറ്റ് സമ്മാനിച്ചു. കേന്ദ്രമന്ത്രി സ്മൃതി ഇറാനി, മുന്‍ ക്രിക്കറ്റ് താരങ്ങളായ ഹർഭജൻ സിങ്, കെവിൻ പീറ്റേഴ്സൻ, വ്യവസായി ആനന്ദ് മഹീന്ദ്ര എന്നിവരുൾപ്പടെ നിരവധി പ്രമുഖർ പ്രദീപിനെ അഭിനന്ദിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com