ഉൾക്കാഴ്ച കരുത്താക്കി ഉയരങ്ങൾ താണ്ടാൻ ഹന്ന ആലിസ് സൈമൺ
Mail This Article
കാഴ്ചയില്ലാതെയാണ് ഹന്ന ജനിച്ചത്. എന്നാൽ സ്വപ്നങ്ങൾ കാണാനോ അവ യാഥാർഥ്യമാക്കുന്നതിൽ നിന്നോ ഹന്നയെ തടയാൻ അതിനായില്ല. നിരന്തരമായ പരിശ്രമത്തിലൂടെ തന്റെ സ്വപ്നങ്ങളിലേക്ക് കുതിക്കുക മാത്രമല്ല, മറ്റുള്ളവരെ സ്വപ്നം കാണാൻ പ്രേരിപ്പിക്കുകയും ചെയ്യുകയാണ് അവൾ. ഉന്നത പഠനത്തിനായി സ്കോളർഷിപ്പോടെ അമേരിക്കയിലേക്ക് പോകുകയാണ് ഹന്ന. അതിനു മുമ്പ് അവളുടെ മറ്റൊരു സ്വപ്നവും പൂവണിഞ്ഞു. ആദ്യ പുസ്തകം ‘വെൽകം ഹോ’മിന്റെ പ്രകാശനം.
കലൂർ സ്വദേശി ഹന്ന ആലിസ് സൈമണിന്റെ പുസ്തകം വടുതല ഡോൺ ബോസ്കോ സീനിയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ഫാ.വർഗീസാണു പ്രകാശനം ചെയ്തത്. ആറ് പെൺകുട്ടികളുടെ ജീവിതമാണ് പുസ്തകത്തിലെ ആറ് കഥകളിലൂെട ഹന്ന പറയുന്നത്. രണ്ടു വർഷം മുമ്പാണ് ഈ കഥകൾ എഴുതിയത്. കഥകള്‍ കേട്ടാണു ഹന്ന വളർന്നത്. കഥകൾ കേള്‍ക്കാനുള്ള മകളുടെ ആഗ്രഹം മനസ്സിലാക്കി അച്ഛൻ സൈമൺ അവൾക്കു കഥകൾ വായിച്ചു നൽകാൻ സമയം മാറ്റിവച്ചു. അഞ്ചാം ക്ലാസുവരെ കലൂർ ഗ്രീറ്റ്സ് പബ്ലിക് സ്കൂളിൽ ബ്രെയിൻ ലിപിയിലായിരുന്നു ഹന്നയുടെ പഠനം. ഒൻപതാം ക്ലാസിലായതോടെ പഠനവും വായനയും കംപ്യൂട്ടർ സഹായത്തോടെയായി.
പോരാടി വളർന്നതു കൊണ്ട് ആ ഊർജം മറ്റുള്ളവരിലേക്ക് പ്രസരിപ്പിക്കാൻ ഹന്ന ഇഷ്ടപ്പെട്ടിരുന്നു. മോട്ടിവേഷനൽ ക്ലാസുകളും അനാഥാലയത്തിലെ കുട്ടികൾക്ക് സ്പോക്കൺ ഇംഗ്ലിഷ് പരിശീലനവും നൽകി അവള്‍ അതു സാധ്യമാക്കുന്നു. വെറുതെയിരുന്ന് സമയം കളയാനല്ല, മറിച്ച് പരമാവധി കാര്യങ്ങൾ ചെയ്യാനാണ് ഹന്നയ്ക്കിഷ്ടം. 10–ാം ക്ലാസ് വരെ സംഗീതം പഠിച്ച ഹന്ന, 9 ഇംഗ്ലിഷ് ഭക്തി ഗാനങ്ങൾക്ക് സംഗീതം നൽകി. സ്വന്തം യുട്യൂബ് ചാനലുണ്ട്. പഠനത്തിനു മുന്നോടിയായി പാലാരിവട്ടത്തുള്ള എൻജിഒയിൽ ജോലി ചെയ്യുന്നു. വിധിയെക്കുറിച്ചു പരാതിപ്പെടാനോ, പരിതപ്പിക്കാനോ അല്ല, മറിച്ചു ജീവിതത്തിലെ ഓരോ ദിവസവും കൂടുതൽ മൂല്യമേറിയതാക്കാനാണ് ഹന്നയുടെ ശ്രമം.
കാക്കനാട് രാജഗിരി ക്രിസ്തുജയന്തി പബ്ലിക് സ്കൂളിൽനിന്ന് പ്ലസ്ടു പൂർത്തിയാക്കിയ ഹന്ന അമേരിക്കയിലെ നോട്ടർഡാം സർവകലാശാലയിൽ സെക്കോളജിയിൽ ഡിഗ്രി ചെയ്യാനാണ് ഒരുങ്ങുന്നത്.