'മിന്നൽ ആക്രമണങ്ങളുടെ പ്രളയം!'; 'ഏറ്റവും മികച്ച' ഇസ്രയേൽ രഹസ്യാന്വേഷണ വിഭാഗത്തിനു എന്തു സംഭവിച്ചു?
Mail This Article
‘ഓപ്പറേഷൻ അൽ അഖ്‌സ ഫ്ലഡ്’അഥവാ പ്രളയം എന്നു പേരിട്ടതിനെ അന്വർഥമാക്കുന്ന വമ്പൻ ആക്രമണം. ഒരുപക്ഷേ 50 വർഷത്തിനിടയിലെ ഏറ്റവും മോശമായ പ്രതിസന്ധി. ഡസൻ കണക്കിന് ഹമാസ് സായുധ സേനാംഗങ്ങൾ മോട്ടോർ സൈക്കിളുകളും പിക്കപ്പ് ട്രക്കുകളും ബോട്ടുകളും പാരാഗ്ലൈഡറുകളും മിഡ് റേഞ്ച് റോക്കറ്റുകളും ഉപയോഗിച്ച് വളരെ ഏകോപനത്തോടെ അതീവ സുരക്ഷാ വേലികൾ തകർത്തു നുഴഞ്ഞുകയറി.
സൈനിക താവളങ്ങൾ ആക്രമിക്കുക, സൈനികരെയും സാധാരണക്കാരെയും വധിക്കുകയും ബന്ദികളാക്കുകയും ചെയ്തു.ആക്രമണങ്ങൾ ഇസ്രയേലിനെ അമ്പരപ്പിച്ചു. കുറഞ്ഞത് 200 പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇസ്രായേൽ അധികൃതർ പറഞ്ഞു. ഹമാസിനെതിരെ ഇസ്രയേൽ യുദ്ധം പ്രഖ്യാപിക്കുകയും തിരിച്ചടിക്കുകയും ചെയ്തു വലിയ നഷ്ടങ്ങളും ആൾനാശവും ഇരു ഭാഗത്തും ഉണ്ടായി.
ജറുസലമിലെ അൽ അഖ്‌സ പള്ളിയിൽ കഴിഞ്ഞ ഏപ്രിലിൽ ഇസ്രയേൽ സൈന്യം കടന്നുകയറിയതിനെത്തുടർന്നു വീണ്ടും പുകഞ്ഞ ഇസ്രയേൽ–പലസ്തീൻ സംഘർഷമാണു ഇതോടെ നേർക്കുനേർ യുദ്ധമായി മാറിയത്.5,000 റോക്കറ്റുകൾ തൊടുത്തതായി ഹമാസ് അവകാശപ്പെട്ടു; 2,200 റോക്കറ്റുകൾ പതിച്ചതായി ഇസ്രയേൽ സ്ഥിരീകരിച്ചു.
ഞെട്ടലുണ്ടാക്കി ഒരേപോലെ നടന്ന ആക്രമണം
ഹമാസ് പിടിച്ചെടുത്ത ഇസ്രയേൽ ടാങ്കുകളുടെയും സൈനിക വാഹനങ്ങളുടെയും വിഡിയോയും പുറത്തുവന്നു. വ്യോമ, കര, കടൽ മാര്‍ഗം ഒരേപോലെ നടന്ന ആക്രമണം ഞെട്ടലുണ്ടാക്കിയെന്നും ഈ ഓപ്പറേഷനെ കുറിച്ച് കണ്ടെത്തുന്നതിൽ ഇസ്രായേൽ മിലിട്ടറി ഇന്റലിജൻസ് പരാജയമാണെന്നു തെളിയിക്കുന്നുവെന്നും ഹമാസ് വിഭാഗം ഉദ്യോഗസ്ഥനായ അലി ബറക പറയുന്നു.
ഇസ്രയേൽ അതിന്റെ രഹസ്യാന്വേഷണ ഏജൻസികൾക്ക് വളരെക്കാലമായി പ്രശസ്തി നേടിയിട്ടുണ്ട്, പ്രത്യേകിച്ച് ആഭ്യന്തര സുരക്ഷയുടെ ഉത്തരവാദിത്തമുള്ള ഷിൻ ബെറ്റ്, അതിന്റെ വിദേശ രഹസ്യാന്വേഷണ സേവനമായ മൊസാദ്. ഇവയെല്ലാം ഉള്ളപ്പോൾ 1973 ഒക്ടോബറിലെ യോം കിപ്പൂർ യുദ്ധക്കാലത്ത് നടത്തിയ മറ്റൊരു അപ്രതീക്ഷിത ആക്രമണത്തിന്റെ 50-ാം വാർഷികത്തിൽ ഇതെല്ലാം എങ്ങനെ സംഭവിച്ചുവെന്ന് ഇസ്രായേലി മാധ്യമങ്ങൾ അവരുടെ രാജ്യത്തെ സൈനിക, രാഷ്ട്രീയ നേതാക്കളോട് ചോദ്യങ്ങൾ ചോദിക്കുന്നതിൽ അതിശയിക്കാനില്ല.
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ കുറച്ചുകാലമായി ജനങ്ങൾ പ്രതിഷേധിക്കുന്നുണ്ടായിരുന്നു, ചില സൈനിക ഉദ്യോഗസ്ഥരടക്കം നിരവധി സർക്കാർ ഉദ്യോഗസ്ഥരും അദ്ദേഹത്തിനെതിരെ പ്രകടനം നടത്തി .രാഷ്ട്രീയരംഗത്ത് ഇപ്പോൾ ഇസ്രയേലിലുള്ള കടുത്ത വിഭാഗീയത ഹമാസ് മുതലാക്കിയിട്ടുണ്ട്.
കോടതികളെ വരുതിയിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നെതന്യാഹു കൊണ്ടുവന്ന നിയമപരിഷ്കാരങ്ങൾക്കെതിരെ സൈനികർ ഉൾപ്പെടെ സമൂഹത്തിലെ ഒട്ടേറെ വിഭാഗങ്ങൾ പ്രതിഷേധത്തിലാണ്. മതപരമായ ചേരിതിരിവും സമൂഹത്തിൽ ശക്തമാണ്. ഇത്തരം ആഭ്യന്തര സാഹചര്യങ്ങളും ഹമാസിനെ സഹായിച്ചിട്ടുണ്ടാകാം.
അയൺഡോമും ഒപ്പം മിക്കയിടങ്ങളിലും ഫലപ്രദമായി രൂപീകരിച്ച ബങ്കറുകളും ഇസ്രയേൽ നിവാസികളെ റോക്കറ്റ് ആക്രമണത്തിൽനിന്നു ഒരു പരിധിവരെ സംരക്ഷിക്കുന്നുണ്ട്, പക്ഷേ ഗാസയുടെ അതിർത്തിയിലെ നുഴഞ്ഞുകയറ്റം കടുക്കുന്നതിൽ ഇസ്രയേൽ ഇന്റലിജന്റ്സ് ഏജൻസി പരാജയമായിരുന്നുവെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.
ഗാസയ്ക്കും ഇസ്രായേലിനും ഇടയിലുള്ള പിരിമുറുക്കമുള്ള അതിർത്തി വേലിയിൽ ക്യാമറകളും ഗ്രൗണ്ട്-മോഷൻ സെൻസറുകളും സാധാരണ സൈനിക പട്രോളിങും ഉണ്ടെന്നാണ് റിപ്പോർട്ട്. നുഴഞ്ഞുകയറ്റം തടയുന്നതിനായിരിക്കണം മുള്ളു-കമ്പി കൊണ്ട് കെട്ടിയ വേലി. എന്നിട്ടും ഹമാസിന്റെ പോരാളികൾ അതിലൂടെ ബുൾഡോസർ കയറ്റി കമ്പികൾ മുറിക്കുകയോ കടലിൽ നിന്നും പാരാഗ്ലൈഡർ വഴിയും ഇസ്രായേലിലേക്ക് പ്രവേശിക്കുകയും ചെയ്തു
മൂന്നാം 'ഇന്‍തിഫാദ'
ഇസ്രയേൽ–പലസ്തീൻ സംഘർഷം മൂന്നാം ‘ഇൻതിഫാദ’യിലേക്കാണോ നീങ്ങുന്നതെന്നാണ് ലോകമെങ്ങുമുള്ള നിരീക്ഷകർ ഉറ്റുനോക്കുന്നത്.