പാരാഗ്ലൈഡറുകളില്‍ ഇസ്രയേലിൽ മിന്നൽ ആക്രമണം!; കുറഞ്ഞ ചെലവില്‍ കൂടുതല്‍ ആഘാതം!
Mail This Article
ഹമാസ് സായുധ സേന ഇസ്രയേലിലേക്ക് മോട്ടോര്‍ ഘടിപ്പിച്ച പാരാഗ്ലൈഡറുകളില്‍ പറന്നിറങ്ങുന്ന വിഡിയോകൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. അപ്രതീക്ഷിതമായി ആകാശത്തു നിന്നും ആയുധങ്ങളുമായി പറന്നിറങ്ങിയ ഹമാസ് താമസിയാതെ തെരുവുകളിൽ യുദ്ധം ആരംഭിക്കുകയും ചെയ്തു. പാരഗ്ലൈഡറുകളില്‍ പരിശീലനം നടത്തുന്നതിന്റെ വിഡിയോ ഹമാസ് തന്നെ പുറത്തുവിട്ടു.
കുറഞ്ഞ ചിലവില്‍ കൂടുതല്‍ ആഘാതം സൃഷ്ടിക്കുകയെന്ന യുദ്ധ തന്ത്രം ഏറ്റവും ഭീകരമായ രീതിയിലാണ് ഹമാസ് ഇസ്രയേലില്‍ നടപ്പാക്കിയത്. ശനിയാഴ്ച്ച ഇസ്രയേലിലേക്ക് പറന്നിറങ്ങിയ ഹമാസ് നുഴഞ്ഞുകയറ്റക്കാര്‍ വഴിയാത്രക്കാരെ ആക്രമിക്കുന്നതിന്റേയും വാഹനങ്ങള്‍ തട്ടിയെടുത്ത് കൊണ്ടുപോവുന്നതിന്റേയും ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
അതിര്‍ത്തി നഗരമായ സ്‌ഡെറോത്തില്‍ പലയിടത്തും വീടുകള്‍ പിടിച്ചെടുക്കുകയും ഇസ്രയേല്‍ സൈനികരെ തന്നെ ബന്ധികളാക്കി വെക്കുകയും ചെയ്തുവെന്ന റിപ്പോര്‍ട്ടുകളുണ്ട്. ഒരാള്‍ക്ക് ഇരിക്കാവുന്ന സീറ്റും പിന്നില്‍ മോട്ടോറും പാരച്യൂട്ടും അടങ്ങുന്നതാണ് ഓരോ പാരഗ്ലൈഡറും. വളരെ എളുപ്പം പ്രവര്‍ത്തിപ്പിക്കാനാവുന്ന ഈ പാരഗ്ലൈഡറുകളെ ഇസ്രയേലിനെതിരായ ആക്രമണത്തില്‍ ഹമാസ് നുഴഞ്ഞുകയറ്റക്കാര്‍ ഫലപ്രദമായി ഉപയോഗിക്കുകയായിരുന്നു.
റോക്കറ്റ് ആക്രമണത്തിനു പുറമേ കര വഴിയും സമുദ്രത്തിലൂടെയും നുഴഞ്ഞുകയറ്റക്കാര്‍ എത്തിയതിനൊപ്പമാണ് പാര ഗ്ലൈഡറുകളിലൂടെയും ആക്രമണത്തിനായി ഇവര്‍ പറഞ്ഞിറങ്ങിയത്. 150 ചതുരശ്ര മൈല്‍ നീളത്തിലുള്ള ഗാസ മുനമ്പിന്റെ വടക്ക്, തെക്ക് ഭാഗങ്ങളിലാണ് പാരഗ്ലൈഡറുകള്‍ ഇസ്രയേലിലെത്തിയത്.
ഹമാസ് തന്നെ പിന്നീട് പാരഗ്ലൈഡറുകളില്‍ പരിശീലിക്കുന്നതിന്റെ വിഡിയോ പുറത്തുവിട്ടു. മൂന്നു ചക്രങ്ങളുള്ള പാര ഗ്ലൈഡറുകളില്‍ മോട്ടോറുകളുടെ സഹായത്തില്‍ മുന്നോട്ടു നീങ്ങുന്നതും പാരച്യൂട്ടിന്റെ സഹായത്തില്‍ പറന്നുയരുന്നതും വിഡിയോയില്‍ കാണാം.
ഒന്നും രണ്ടും പേര്‍ വീതമാണ് പാരഗ്ലൈഡറുകളില്‍ പറക്കുന്നത്. ഇവര്‍ തിരികെ സുരക്ഷിതമായി പറന്നിറങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്. ഇസ്രയേലി ദേശീയ പതാകയിലെ നക്ഷത്ര ചിഹ്നം പതിപ്പിച്ച ഒരു കെട്ടിടത്തിലേക്ക് തോക്കുകളുമായി ആക്രമണം നടത്തുന്നതും ഇതേ വിഡിയോയിലുണ്ട്. ആദ്യമായാണ് ഇസ്രയേലിനു നേരെ പാരഗ്ലൈഡറുകള്‍ ഉപയോഗിച്ച് ഹമാസ് ആക്രണം നടത്തുന്നത്.
50 വർഷത്തിനിടയിലെ ഏറ്റവും മോശമായ പ്രതിസന്ധി
‘ഓപ്പറേഷൻ അൽ അഖ്‌സ ഫ്ലഡ്’അഥവാ പ്രളയം എന്നു പേരിട്ടതിനെ അന്വർഥമാക്കുന്ന വമ്പൻ ആക്രമണം. ഒരുപക്ഷേ 50 വർഷത്തിനിടയിലെ ഏറ്റവും മോശമായ പ്രതിസന്ധി. ആക്രമണങ്ങൾ ഇസ്രായേലിനെ അമ്പരപ്പിച്ചു. കുറഞ്ഞത് 200 പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇസ്രായേൽ അധികൃതർ പറഞ്ഞു. ഹമാസിനെതിരെ ഇസ്രയേൽ യുദ്ധം പ്രഖ്യാപിക്കുകയും തിരിച്ചടിക്കുകയും ചെയ്തു വലിയ നഷ്ടങ്ങളും ആൾനാശവും ഇരു ഭാഗത്തും ഉണ്ടായി.
ജറുസലമിലെ അൽ അഖ്‌സ പള്ളിയിൽ കഴിഞ്ഞ ഏപ്രിലിൽ ഇസ്രയേൽ സൈന്യം കടന്നുകയറിയതിനെത്തുടർന്നു വീണ്ടും പുകഞ്ഞ ഇസ്രയേൽ–പലസ്തീൻ സംഘർഷമാണു ഇതോടെ നേർക്കുനേർ യുദ്ധമായി മാറിയത്.5,000 റോക്കറ്റുകൾ തൊടുത്തതായി ഹമാസ് അവകാശപ്പെട്ടു; 2,200 റോക്കറ്റുകൾ പതിച്ചതായി ഇസ്രയേൽ സ്ഥിരീകരിച്ചു.
വ്യോമ, കര, കടൽ മാര്‍ഗം ഒരേപോലെ നടന്ന ആക്രമണം ഞെട്ടലുണ്ടാക്കിയെന്നും ഈ ഓപ്പറേഷനെ കുറിച്ച് കണ്ടെത്തുന്നതിൽ ഇസ്രായേൽ മിലിട്ടറി ഇന്റലിജൻസ് പരാജയമാണെന്നു തെളിയിക്കുന്നുവെന്നും ഹമാസ് വിഭാഗം ഉദ്യോഗസ്ഥനായ അലി ബറക പറയുന്നു.