സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങായി മൊസാദ്; സംശയത്തിന് കാരണം അതിര്‍ത്തി കടന്നുള്ള ദൗത്യങ്ങൾ
Mail This Article
ഇറാന്റെ ആണവ പദ്ധതികളുടെ പിതാവ് എന്നറിയപ്പെടുന്ന മൊഹ്‌സീൻ ഫക്രിസാദെയുടെ കൊലപാതകത്തിനു പിന്നിൽ മൊസാദ് ആണെന്നു അടുത്തിടെ റിപ്പോർട്ട് ചെയ്തത് ബ്രിട്ടിഷ് പത്രം ‘ദ് ജൂവിഷ് ക്രോണിക്കിളി’ന്റെ വെബ്സൈറ്റാണ്. ടെഹ്‌റാനില്‍ 2020 നവംബർ 27നാണ് മൊഹ്‌സീൻ കൊല ചെയ്യപ്പെട്ടത്. ഇറാൻ ആണവ സംപുഷ്ടീകരണത്തിലേക്കു നീങ്ങുമ്പോൾ സംഭവിച്ച കൊലപാതകത്തിന്റെ പ്രതിസ്ഥാനത്തു മൊസാദിന്റെ പേര് ചേർക്കപ്പെടുകയായിരുന്നു. അതിനാൽ തന്നെ ഇറാൻ പ്രസിഡന്റിന്റെ മരണത്തിനു പിന്നിൽ മൊസാദാണെന്നു സമൂഹമാധ്യമങ്ങൾ സംശയിച്ചതിൽ കുറ്റം പറയാനാകില്ല. അതേസമയം ഈ സംഭവത്തില്‍ പങ്കില്ലെന്നു ഇസ്രായേൽ ഉദ്യോഗസ്ഥൻ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. സോഷ്യൽ മീഡിയ കുത്തിപ്പൊക്കിയ ചില വിവാദവിഷയങ്ങൾ പരിശോധിക്കാം.
മൊഹ്സീന്റെ കൊലപാതകം ഇങ്ങനെ
ഇറാനിലേക്ക് കടത്തിയ പ്രത്യേക തോക്ക് ഉപയോഗിച്ചാണ് (one-ton gun) കൊല നടത്തിയതെന്നാണ് വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തത്. പല കഷ്ണങ്ങളാക്കിയാണ് തോക്ക് ഇറാനിലേക്ക് കടത്തിയത്. മൊസാദിന്റെ ഇരുപതോളം ഏജന്റുമാർ ഈ നീക്കത്തിൽ പങ്കെടുത്തു. ഇസ്രയേൽ, ഇറാൻ സ്വദേശികളുണ്ടായിരുന്നു കൂട്ടത്തിൽ.
സംഘം എട്ടു മാസത്തോളം മൊഹ്സീനെ പിന്തുടർന്നു നിരീക്ഷിച്ചാണ് കൊല നടത്തിയതെന്നും ഇന്റലിജൻസ് റിപ്പോർട്ടിനെ അടിസ്ഥാനമാക്കി പത്രം റിപ്പോർട്ട് ചെയ്തു. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പത്രമാണ് ‘ദ് ജൂവിഷ് ക്രോണിക്കിൾ’. ജൂതവിഭാഗത്തിന്റെ ഏറ്റവും പഴക്കംചെന്ന പത്രവുമാണിത്.
റോഡിന്റെ അരികിൽ നിർത്തിയിട്ടിരുന്ന നിസ്സാൻ പിക്കപ്പ് ട്രക്കിനുള്ളിലാണ് ഭീമൻ തോക്ക് സ്ഥാപിച്ചിരുന്നത്. ഇതെല്ലാം തകർക്കാൻ ബോംബും സ്ഥാപിച്ചിരുന്നു. നവംബർ 27 ന് 12 അംഗരക്ഷകരുമായി ഒരു കാറിൽ ഭാര്യയോടൊപ്പം യാത്ര ചെയ്യുകയായിരുന്നു ഫക്രിസാദെ. ഈ സമയത്ത് സമീപത്തെല്ലാം ഇസ്രയേലി ചാരന്മാരുണ്ടായിരുന്നു. ഫ്രക്രിസാദെയുടെ ഓരോ നീക്കവും നിരീക്ഷിക്കുകയും അകലെ നിന്ന് തോക്ക് പ്രവർത്തിപ്പിക്കാൻ കാത്തിരിക്കുക ആയിരുന്നു അവർ.
നിശ്ചിത സ്ഥലത്ത് കാർ കടന്നുപോകുമ്പോൾ, അവർ ബട്ടൺ അമർത്തി, പതിമൂന്ന് വെടിയുണ്ടകൾ, പക്ഷേ തൊട്ടടുത്തായി ഇരുന്ന ഭാര്യക്ക് പരുക്കേറ്റില്ല. ശാസ്ത്രജ്ഞന്റെ സുരക്ഷാ മേധാവി തന്റെ ബോസിനെ രക്ഷിക്കാൻ ശ്രമിച്ചതിനാൽ നാല് വെടിയുണ്ടകളേറ്റിട്ടുണ്ടെന്ന് ഇറാൻ അധികൃതർ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇത് ശരിയല്ലെന്നാണ് ഓപ്പറേഷനുമായി പ്രവര്‍ത്തിച്ച അടുത്ത വൃത്തങ്ങൾ അറിയിച്ചത്. ആക്രമണത്തിന് ശേഷം മൊസാദ് ടീം രക്ഷപ്പെട്ടപ്പോൾ, ഒരു ടൺ ഭാരമുള്ള ആയുധം സ്വയം പൊട്ടിത്തെറിച്ചു. ഇത് സംഭവസ്ഥലത്തെ ആശയക്കുഴപ്പം വർധിപ്പിച്ചു.
സുലൈമാനി വധം
ഇറാന്റെ ഖുദ്സ് സേനാ തലവൻ ഖാസിം സുലൈമാനിയെ ഇറാഖിൽ വച്ച് കൊലപ്പെടുത്തിയ സംഭവത്തിനു പിന്നിലും മൊസാദിനു പങ്കുണ്ടെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. ഇറാനിലെ പ്രമുഖ സേനാവിഭാഗമായ റവല്യൂഷണറി ഗാർഡ്സിൽ ബ്രിഗേഡിയർ ജനറൽ പദവിയിലിരുന്ന ഒരു ശാസ്ത്രജ്ഞനെ തലസ്ഥാനനഗരമായ ടെഹ്റാന്റെ പ്രാന്തപ്രദേശത്തുവച്ച് വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം നടന്ന ദിവസം ഇസ്രയേലി ഇന്റലിജൻസ് സുലൈമാനിയെ ട്രാക്കുചെയ്യാൻ സഹായിച്ചതായാണ് റിപ്പോർട്ടുകൾ പറയുന്നത്.
പ്രതിരോധ കേന്ദ്രത്തിൽ ഡ്രോൺ ആക്രമണം
2021 ജൂണിൽ കരാജിലെ ഒരു സെൻട്രിഫ്യൂജ് നിർമാണ കേന്ദ്രത്തിനെതിരായ ആക്രമണം, 2022 ഫെബ്രുവരിയിൽ കെർമാൻഷായിലെ സൈനിക ഡ്രോൺ നിർമാണ കേന്ദ്രത്തിനും നേരെയുണ്ടായ ആക്രമണം എന്നിങ്ങനെ ഇറാനിൽ നടന്ന ഡ്രോൺ ആക്രമണത്തിനു പിന്നിലെല്ലാം മൊസാദാണെന്നാണ് ഇറാന്‍ ആരോപിച്ചത്. കഴിഞ്ഞ വർഷം ആദ്യം ഇറാനിയൻ നഗരമായ ഇസ്ഫഹാനിലെ പ്രതിരോധ കേന്ദ്രത്തിൽ നടത്തിയ ആക്രമണം രാജ്യത്തെ ഞെട്ടിച്ചിരുന്നു.
റോൺ അറാദ് എവിടെ?
ഇസ്രയേൽ-ഇറാൻ ബന്ധത്തിലെ ഏറ്റവും വലിയ വിള്ളലുകൾക്കൊന്നിനു കാരണമായത് റോൺ അറാദിന്റെ തിരോധാനമാണ്. 1986 ഒക്ടോബറിൽ ലബനനു മുകളിലൂടെ സൈനികവിമാനം പറപ്പിക്കുകയായിരുന്നു ഇസ്രയേൽ വ്യോമസേനാ ഉദ്യോഗസ്ഥനും പൈലറ്റുമായ അറാദ്. എന്നാൽ ഒരു ബോംബ് ഡ്രോപ് ചെയ്തതിനെത്തുടർന്നുണ്ടായ അപകടം മൂലം അറാദിന്റെ വിമാനം തകർന്നു വീണു.
അറാദിന്റെ ജീവൻ രക്ഷപ്പെട്ടെങ്കിലും ലബനീസ് ഷിയാ സംഘടനയായ അമാലിന്റെ പിടിയിലായി പൈലറ്റ്. ഇസ്രയേലിൽ തടവിൽ കഴിയുന്ന 200 ലബനീസ്, 450 പലസ്തീൻ തടവുപുള്ളികൾക്കു പകരം അറാദിനെ കൈമാറാമെന്ന് അമാൽ ഉടമ്പടി മുന്നോട്ടുവച്ചെങ്കിലും ഇസ്രയേൽ ഇതിന് ഒരുക്കമായിരുന്നില്ല. തുടർന്ന് അറാദിനെ ഇറാനു കൈമാറി.
പിന്നീട് രണ്ടുവർഷത്തിനിടയ്ക്ക് ഇസ്രയേലിലേക്ക് 2 കത്തുകൾ അറാദ് എഴുതി. അദ്ദേഹത്തിന്റെ ചിത്രങ്ങളും പുറത്തിറങ്ങി. എന്നാൽ 1988 മുതൽ അറാദിനെക്കുറിച്ചുള്ള യാതൊരു വിവരങ്ങളും ഇല്ല. അറാദിന് എന്തു സംഭവിച്ചെന്ന് അറിയാനായി അന്നു മുതൽ ഇസ്രയേലി സേനയായ ഐഡിഎഫും മൊസാദും വിവിധ ദൗത്യങ്ങൾ നടത്തിവരുന്നു. അഞ്ചുവർഷം മുൻപ് പുറത്തിറക്കിയ ഒരു റിപ്പോർട്ടിൽ അറാദ് 1988ൽ തന്നെ കൊല്ലപ്പെട്ടിരിക്കാമെന്ന് മൊസാദ് പ്രസ്താവിച്ചിരുന്നു. 2006ൽ ഇതേകാര്യം ഹിസ്ബുല്ല നേതാവ് ഹസൻ നസ്രല്ലായും പറഞ്ഞിരുന്നു.