ADVERTISEMENT

സമുദ്ര നിരപ്പില്‍ നിന്നും 14,500 അടി ഉയരത്തില്‍ യുദ്ധ ടാങ്കുകളുടെ അറ്റകുറ്റ പണികള്‍ക്കായി രണ്ട് കേന്ദ്രങ്ങള്‍ ഒരുക്കി ഇന്ത്യന്‍ സൈന്യം. ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിലുള്ള ടാങ്കുകളുടെ അറ്റകുറ്റ പണികളുടെ കേന്ദ്രമാണിത്. കിഴക്കന്‍ ലഡാക്കിലെ ചൈനീസ് അതിര്‍ത്തിയോടു ചേര്‍ന്നുള്ള ന്യോമിലാണ് സൈന്യം ടാങ്ക് റിപ്പയര്‍ കേന്ദ്രങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന ഈ പ്രദേശത്ത് 500 ലേറെ യുദ്ധ ടാങ്കുകള്‍ ഇന്ത്യന്‍ സൈന്യം എത്തിച്ചിട്ടുണ്ട്. 

ടാങ്കുകള്‍ക്കു പുറമേ ബിഎംപി കോംപാക്ട് വെഹിക്കിളുകളും ഇന്ത്യന്‍ നിര്‍മിത ക്യുക് റിയാക്ഷന്‍ ഫൈറ്റിങ് വെഹിക്കിളുകളും കിഴക്കന്‍ ലഡാക്കില്‍ വിന്യസിച്ചിട്ടുണ്ട്. 2020 ഏപ്രില്‍, മെയ് മാസങ്ങളില്‍ ഇന്ത്യ- ചൈന സൈന്യങ്ങള്‍ക്കിടയില്‍ നടന്ന സംഘര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇന്ത്യ ഈ മേഖലയില്‍ സൈനിക സാന്നിധ്യം ശക്തമാക്കിയത്. ഇതിന്റെ തുടര്‍ച്ചയായാണ് ടാങ്കുകള്‍ അടക്കമുള്ള കവചിത പ്രതിരോധ വാഹനങ്ങള്‍ കിഴക്കന്‍ ലഡാക്കിലേക്കെത്തിയതും ഇപ്പോള്‍ ടാങ്ക് അറ്റകുറ്റപണികള്‍ക്കുള്ള കേന്ദ്രങ്ങള്‍ വരെ നിര്‍മിച്ചിരിക്കുന്നതും. 

tank - 1

'500ലേറെ യുദ്ധടാങ്കുകളും സൈനിക വാഹനങ്ങളും കിഴക്കന്‍ ലഡാക്കിലുണ്ട്. ഇപ്പോള്‍ രണ്ട് ടാങ്ക് അറ്റകുറ്റപണിക്കുള്ള കേന്ദ്രങ്ങള്‍ കൂടി ആരംഭിച്ച് ഈ മേഖലയിലെ പ്രവര്‍ത്തനം കൂടുതല്‍ എളുപ്പമാക്കുകയാണ് ഇന്ത്യന്‍ സൈന്യം. ലഡാക്ക് പോലുള്ള ഉയരം കൂടിയ സ്ഥലങ്ങളില്‍ വെച്ച് ടാങ്കുകള്‍ക്ക് എന്തെങ്കിലും തകരാര്‍ സംഭവിച്ചാല്‍ അത് പരിഹരിക്കാനായി താഴ്ന്ന പ്രദേശങ്ങളിലേക്കു കൊണ്ടുവരുന്നതു പോലും ഏറെ ബുദ്ധിമുട്ടേറിയ ജോലിയാണ് ' എന്ന് പേരു വെളിപ്പെടുത്താത്ത ഇന്ത്യന്‍ സൈനിക ഒഫീഷ്യലുകളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ടു ചെയ്തു. 

സൈന്യത്തിന്റെ നീക്കങ്ങള്‍ കൂടുതല്‍ കാര്യക്ഷമവും വേഗത്തിലുമാക്കാന്‍

ലഡാക്കിലെ ന്യോമിലും ഡിബിഒ സെക്ടറിലെ ഡിഎസ് ഡിബിഒ റോഡിലുമായിട്ടാണ് രണ്ട് ടാങ്ക് റിപ്പയറിങ് കേന്ദ്രങ്ങള്‍ സൈന്യം സ്ഥാപിച്ചിട്ടുള്ളത്. ഇത് ടാങ്കുകള്‍ അടക്കമുള്ള കവചിത വാഹനങ്ങള്‍ക്കും ഉപകാരപ്പെടും. കിഴക്കന്‍ ലഡാക്കിലെ ടാങ്കുകള്‍ കാര്യമായി സജീവമായിട്ടുള്ള പ്രദേശങ്ങളോടു ചേര്‍ന്നാണ് ഈ കേന്ദ്രങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്. ടി-90, ടി-72 ടാങ്കുകളും ബിഎംപി സോവിയറ്റ് ടാങ്കുകളും മോട്ടാറുകളേക്കാള്‍ വലിയ പീരങ്കി ആയുധങ്ങളായ ഹോവിറ്റ്‌സറുകളും ലഡാക്കിനോടു ചേര്‍ന്നുള്ള ചൈനീസ് അതിര്‍ത്തിയില്‍ പല ഇടങ്ങളിലായി ഇന്ത്യന്‍ സൈന്യം വിന്യസിച്ചിട്ടുണ്ട്. 

ചൈനീസ് അതിര്‍ത്തിയിലെ ഇന്ത്യന്‍ സൈന്യത്തിന്റെ നീക്കങ്ങള്‍ കൂടുതല്‍ കാര്യക്ഷമവും വേഗത്തിലുമാക്കാന്‍ പുതിയ ടാങ്ക് റിപ്പയര്‍ കേന്ദ്രങ്ങള്‍ വഴി സാധിക്കും. കഴിഞ്ഞ നാലു വര്‍ഷത്തിലേറെയായി ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ അസ്വാരസ്യങ്ങളുണ്ട്. ഇരു രാജ്യങ്ങളും അരലക്ഷത്തിലേറെ സൈനികരെ അതിര്‍ത്തിയില്‍ പലയിടങ്ങളിലായി വിന്യസിച്ചിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. അതിര്‍ത്തിയയോടു ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ ചൈനയും ഇന്ത്യയും വലിയ തോതില്‍ അടിസ്ഥാന സൗകര്യവികസനങ്ങള്‍ നടത്തുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com