ADVERTISEMENT

 ശത്രു രാജ്യങ്ങളുടെ നീക്കങ്ങള്‍ നിരീക്ഷിക്കാനായി എല്ലാ രാജ്യങ്ങളും വലിയ തോതില്‍ പണം ചിലവിടാറുണ്ട്. പ്രത്യേകിച്ച് ശത്രു രാജ്യങ്ങളുടെ പടക്കപ്പലുകളുടേയും പോര്‍വിമാനങ്ങളുടേയുമെല്ലാം സഞ്ചാരം നിരീക്ഷിക്കുന്നതിന്. പല രാജ്യങ്ങളും ചാര സാറ്റലൈറ്റുകളെയാണ് ഈ ജോലി ഏല്‍പിച്ചിരിക്കുന്നത്. വലിയ പണച്ചെലവില്ലാതെയും ഇത്തരം നിരീക്ഷണങ്ങള്‍ സാധ്യമാണെന്നാണ് ഒരു സംഘം ചൈനീസ് ഗവേഷകരുടെ കണ്ടെത്തല്‍. ആര്‍ക്കും ഇന്റര്‍നെറ്റില്‍ സൗജന്യമായി ലഭിക്കുന്ന ഓപണ്‍ സോഴ്‌സ് സാറ്റലൈറ്റ് ഇമേജുകള്‍ ഉപയോഗിച്ച് അമേരിക്കന്‍ നാവികസേനയുടെ കപ്പലുകളുടെ നീക്കങ്ങള്‍ നിരീക്ഷിക്കാനാവുമെന്നാണ് ഇവരുടെ അവകാശവാദം.

china-7-
Image Credit: Shutterstock

എങ്ങനെയാണ് സാറ്റലൈറ്റ് ഇമേജുകള്‍ വഴി അമേരിക്കന്‍ പടക്കപ്പലുകളെ തിരിച്ചറിയുന്നതെന്ന് ചൈനീസ് ഗവേഷകര്‍ വിശദീകരിക്കുന്നുണ്ട്. ഇന്റര്‍നെറ്റില്‍ സാധാരണ ലഭിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങളില്‍ ഒരു പൊട്ടു പോലെയാവും കപ്പലുകളെ കാണാനാവുക. പടക്കപ്പലുകള്‍ പോലുള്ള വലിയ കപ്പലുകളുടെ കാര്യത്തിലാണ് അത്രയെങ്കിലും വലുപ്പത്തില്‍ കാണാനാവുക. പിന്നെങ്ങനെ ചൈനക്കാര്‍ അമേരിക്കന്‍ കപ്പലുകളെ നിരീക്ഷിച്ചു?

china

ആ ചോദ്യത്തിനുത്തരം കപ്പലുകളേക്കാള്‍ കപ്പല്‍ പോയ വഴിയില്‍ കടലില്‍ തെളിയുന്ന ഓളങ്ങളെയാണ് നിരീക്ഷിച്ചതെന്നതെന്നാണ്. ഓരോ കപ്പലും വ്യത്യസ്തമായ രൂപത്തിലുള്ള ഓളങ്ങള്‍ കടലില്‍ സൃഷ്ടിച്ചാണ് മുന്നോട്ടു കുതിക്കുന്നത്. പല കപ്പലുകളും കടലില്‍ പോവുമ്പോള്‍ കിലോമീറ്ററിലേറെ നീളത്തില്‍ സഞ്ചാരപാതകള്‍ തെളിഞ്ഞു വരാറുണ്ട്. മനുഷ്യന് വിരലടയാളം പോലെ ഓരോ കപ്പലുകളും തനതായ രീതിയിലുള്ള ഓളങ്ങളാണ് കടലില്‍ സൃഷ്ടിക്കുന്നതെന്നാണ് ചൈനീസ് ഗവേഷകരുടെ കണ്ടെത്തല്‍. ഇത്തരത്തില്‍ ഓളങ്ങളുടെ സവിശേഷതകള്‍ക്കനുസരിച്ച് കപ്പലുകളെ തിരിച്ചറിയാന്‍ പ്രത്യേകം അല്‍ഗോരിതവും ചൈനീസ് ഗവേഷകര്‍ തയ്യാറാക്കിയിട്ടുണ്ട്.


ചൈനയിലെ ഡാലിയന്‍ നാവിക അക്കാദമിയിലെ ഹോങ് ജുനിന്റെ നേതൃത്വത്തിലുള്ള ചൈനീസ് ഗവേഷക സംഘമാണ് കപ്പലുകള്‍ കടലില്‍ സൃഷ്ടിക്കുന്ന ഓളങ്ങള്‍ക്കനുസരിച്ച് അവയെ പിന്തുടരാനാവുമെന്ന് കണ്ടെത്തിയത്. അമേരിക്കയുടെ നിമിറ്റ്‌സ്‌ക്ലാസ് വിമാനവാഹനി കപ്പലും ടികോന്‍ഡെറോഗ-ക്ലാസ് ക്രൂസറും അര്‍ലേയ് ബുര്‍ക് ക്ലാസ് ഡിസ്‌റ്റോയറുമെല്ലാം ഇങ്ങനെ സാറ്റലൈറ്റ് ചിത്രങ്ങള്‍ വഴി ഇവര്‍ പിന്തുടര്‍ന്നു.

കപ്പല്‍ സഞ്ചരിക്കുമ്പോള്‍ കടലിലുണ്ടാവുന്ന ഓളങ്ങളുടെ സവിശേഷതകള്‍ സൂഷ്മമായി നിരീക്ഷിച്ചാണ് ഇവര്‍ കപ്പലുകളെ പിന്തുടര്‍ന്നത്. ഏതൊരു രാജ്യത്തിനും സംഘടനക്കും കാര്യമായ പണച്ചിലവില്ലാതെ ഇത്തരം രീതികള്‍ പരീക്ഷിക്കാനാവുമെന്നതാണ് ഇതിന്റെ വലിയ സാധ്യത. ഒറ്റനോട്ടത്തില്‍ തെളിച്ചമില്ലാത്ത ചിത്രങ്ങള്‍ ഉപയോഗിച്ചു പോലും കാര്യം സാധിക്കാനാവും.

സാറ്റലൈറ്റ് ചിത്രങ്ങള്‍ ഉപയോഗിച്ച് കപ്പലുകള്‍ നിരീക്ഷിക്കുന്നത് പുതിയ കാര്യമല്ല. എന്നാല്‍ ഇതിനായി ഉയര്‍ന്ന നിലവാരത്തിലുള്ള ചിത്രങ്ങളെടുക്കാനാവുന്ന ഉപഗ്രഹങ്ങളാണ് ഉപയോഗിക്കുന്നത്. ഓരോ കപ്പലുകളും സഞ്ചരിക്കുമ്പോള്‍ കാണാനാവുന്ന ഓളങ്ങളുടെ വിശദാംശങ്ങള്‍ പരിശോധിച്ചാല്‍ കപ്പലിന്റെ വലുപ്പം, രൂപം, വേഗത, പ്രൊപ്പല്‍ഷന്‍ സിസ്റ്റം എന്നിവയെല്ലാം തിരിച്ചറിയാനാവും.

അമേരിക്കയെ പോലെ തന്നെ വലിയ തോതില്‍ ചാര ഉപഗ്രഹങ്ങളുള്ള രാജ്യമാണ് ചൈന. ഭൂമിയിലെ ഓരോ നാല് ഇഞ്ച് ദൂരത്തിലുമുള്ള വസ്തുക്കളെ വേര്‍തിരിച്ചറിയാന്‍ കഴിവുള്ളവയാണ് ഇതില്‍ പല ഉപഗ്രഹങ്ങളും. അമേരിക്കയുടെ കീഹോള്‍ ചാര ഉപഗ്രഹങ്ങള്‍ക്ക് തുല്യമാണിത്. മേഘങ്ങള്‍ക്കിടയിലൂടെ പോവുന്ന എഫ് 22 പോര്‍വിമാനങ്ങളെ പോലും ചൈനീസ് സാറ്റലൈറ്റുകള്‍ക്ക് കണ്ടെത്താനാവും.

ശീതയുദ്ധകാലം മുതല്‍ക്കു തന്നെ സാറ്റലൈറ്റ് ചിത്രങ്ങള്‍ കപ്പലുകളുടെ സഞ്ചാരം നിരീക്ഷിക്കാന്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ആര്‍ക്കും ലഭ്യമായ വ്യക്തത കുറഞ്ഞ സാറ്റലൈറ്റ് ചിത്രങ്ങളുപയോഗിച്ച് കപ്പലുകളെ നിരീക്ഷിക്കാനാവുമെന്നതാണ് ചൈനീസ് ഗവേഷകരുടെ കണ്ടെത്തല്‍. അതേസമയം തങ്ങളുടെ കണ്ടെത്തലിന്റെ പരിമിതികള്‍ കൂടി ചൈനീസ് ഗവേഷകര്‍ പങ്കുവെക്കുന്നുണ്ട്. കപ്പല്‍ 20 നോട്ടിക്കല്‍ മൈലിനേക്കാള്‍ വേഗതയിലാണ് സഞ്ചരിക്കുന്നതെങ്കില്‍ ഈ രീതിയില്‍ കപ്പലുകളെ പിന്തുടരാനാവില്ലെന്നതാണ് അതില്‍ പ്രധാനം. മേഘങ്ങള്‍ ഉള്ളപ്പോഴും ഈ രീതിയില്‍ നിരീക്ഷണം സാധ്യമാവില്ലെന്നതും പരിമിതിയാണ്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com